കോട്ടയം: സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഫൊക്കാനയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ കുട്ടികളെ നല്ല മലയാളം പഠിപ്പിക്കണം. നല്ല മലയാളം പറയുന്ന പ്രവാസി സമൂഹം ഉയര്‍ന്നു വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്റെ സമാപന സമ്മേളനം കോട്ടയം ആര്‍ക്കാഡിയ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ രണ്ടു തരത്തില്‍ ഉണ്ട്. ചില പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കാത്തവരാണ്. എന്നാല്‍ ചിലര്‍ കേരളത്തില്‍ വരാന്‍ ആഗ്രഹിക്കുന്നവരും ആണ്. അമേരിക്കന്‍ മലയാളികളെ കേരളം രണ്ടുകൈയും നീട്ടി സ്വീകരിക്കണം. സമ്മേളനം വന്‍ വിജയമാണെന്ന് ഈ സദസ് കാണുമ്പോള്‍ മനസിലാകും. ഫൊക്കാനയുടെ പ്രവര്‍ത്തനം ഇനിയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

സ്വാമിജി ഞ്ജാന താപസ്വി, പോള്‍ കറുകപ്പള്ളില്‍ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി.ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, ബിജു മാത്യു.റാന്നി എംഎല്‍എ രാജു മാത്യു, നടന്‍ മനു വര്‍മ്മ, നടന്‍ രമേശ്‌ എന്നിവര്‍ ആശംസയര്‍പ്പിച്ചു.