കെ.പി.സി.സി പ്രസിഡന്റ്‌ വി.എം. സുധീരനുമായി ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ ഭാരവാഹികള്‍ കൂടിക്കാഴ്‌ച നടത്തി

ഷിക്കാഗോ: കേരളാ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വി.എം. സുധീരനുമായി ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ സന്തോഷ്‌ നായരും, റിന്‍സി കുര്യനും കൂടിക്കാഴ്‌ച നടത്തി. കേരളത്തിലേക്കുള്ള യാത്രാമധ്യേ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ്‌ കൂടിക്കാഴ്‌ച നടത്തിയത്‌. അമേരിക്കന്‍ മലയാളികളുടെ പ്രൊഫഷണല്‍ രംഗത്തെ ഉയര്‍ച്ചയിലും, നാടന്‍ പാരമ്പര്യങ്ങളിലും ആചാരാനുഷ്‌ഠാനങ്ങളിലും വിശ്വാസമുറപ്പിച്ചുള്ള ജീവിതരീതിയിലും അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.

കേന്ദ്രത്തില്‍ ഭരണം നഷ്‌ടപ്പെട്ടുവെങ്കിലും കോണ്‍ഗ്രസ്‌ ഒരിക്കലും തകരില്ല. മുമ്പ്‌ പല ഘട്ടങ്ങളിലും ഭരണം നഷ്‌ടപ്പെട്ടിട്ടുണ്ട്‌. അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ കൂടുതല്‍ ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തില്‍ തിരിച്ചുവന്നിട്ടുണ്ട്‌. ഇനിയും കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസിനു മാത്രമേ ഭാവിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ഭൂരിപക്ഷം അക്രമങ്ങള്‍ക്കും കാരണം, പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കു പ്രധാന കാരണം മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗമാണ്‌. മദ്യവും മയക്കുമരുന്നും തുടച്ചുനീക്കിയാലേ സമൂഹത്തില്‍ സമാധാനമുണ്ടാകൂ എന്ന്‌ സുധീരന്‍ ഉറപ്പിച്ചു പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടു വരുന്നതിനുവേണ്ടിയാണ്‌ ബാറുകള്‍ കൂടുതല്‍ വേണ്ട എന്ന നിലപാട്‌ താന്‍ എടുത്തത്‌. കേരളത്തിലെ പൊതുസമൂഹം മദ്യത്തിനും മയക്കുമരുന്നിനും എതിരാണ്‌. ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു- അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളികള്‍ക്ക്‌ കേരളത്തില്‍ വരുമ്പോള്‍ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുവെങ്കില്‍ അത്‌ പരിഹരിക്കാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ശ്രമിക്കുന്നതാണെന്ന്‌ വി.എം. സുധീരന്‍ പറഞ്ഞു.

81990_vmsudheeran-pic1

81990_vmsudheeran-pic2

81990_vmsudheeran-pic3

Other News