നമ്മുടെ ഭാവി നമ്മുടെ കരങ്ങളില്‍’ ഫൊക്കാനാ സെമിനാര്‍ വന്‍ വിജയം

 

 

ചിക്കാഗോ: `നമ്മുടെ ഭാവി നമ്മുടെ കരങ്ങളില്‍’ എന്ന സെമിനാര്‍ ഫൊക്കാനയുടെ പതിനാറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കുകയുണ്ടായി. ഷിജി അലക്‌സ്‌ മോഡറേറ്ററായിരുന്ന ചര്‍ച്ചയില്‍ ഡോ. ലൂക്കോസ്‌ മന്യാട്ട്‌, ആഗ്‌നസ്‌ തേരാടി, സൂസന്‍ ഇടമല, തങ്കമ്മ പോത്തന്‍, റിക്‌ തോംസണ്‍, ദീപാ പോള്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച്‌ സംസാരിച്ചു.

എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കൗണ്‍സിലറും ലൈഫ്‌ സെന്റര്‍ ഫോര്‍ ചെയ്‌ഞ്ച്‌ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനുമായ ഡോ. ലൂക്കോസ്‌, ജീവിത വിജയത്തിന്റെ വക്താക്കള്‍ നാം തന്നെയാണെന്നും ലക്ഷ്യത്തിലെത്താനായി നാം ഓരോരുത്തരും ഉള്‍ക്കാഴ്‌ചയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ ഉദ്‌ബോധിപ്പിച്ചു.

കൗക്ക്‌ കൗണ്ടി സിസ്റ്റം ഓഫ്‌ ഹെല്‍ത്ത്‌ ആന്‍ഡ്‌ ഹോസ്‌പിറ്റല്‍സിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായ ആഗ്‌നസ്‌ തേരാടി, റിട്ടയര്‍മെന്റിനുവേണ്ടി ഓരോരുത്തരും ഒരുങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സംസാരിച്ചു. ജീവിത വിജയത്തിനു അടിസ്ഥാനമായ രീതിയല്‍ അര്‍ത്ഥവത്തായ കാര്യങ്ങള്‍ ചെയ്‌താല്‍ റിട്ടയര്‍മെന്റ്‌ ജീവിതം സന്തോഷപ്രദമാക്കാമെന്ന്‌ ആഗ്‌നസ്‌ തുടര്‍ന്നു പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഓഫ്‌ ചിക്കാഗോയിലെ ക്ലിനിക്കല്‍ നേഴ്‌സ്‌ കണ്‍സള്‍ട്ടന്റ്‌ ആയ സൂസന്‍ ഇടമല 35-നും 50 നും ഇടയിലുള്ള അമേരിക്കന്‍ പ്രവാസികളുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലുമുള്ള പ്രതിസന്ധികളും അവയുടെ പരിഹാരങ്ങളും സ്വന്തം ജീവിതത്തിലെ ഉദാഹരണങ്ങള്‍ സഹിതം പ്രസ്‌താവിച്ചു. 38 വര്‍ഷത്തെ അമേരിക്കന്‍ പ്രവാസ ജീവിതത്തിനുശേഷം റിട്ടയര്‍മെന്റ്‌ ലൈഫ്‌ ആസ്വദിക്കുന്ന ശ്രീമതി തങ്കമ്മ പോത്തന്‍, തന്റെ ജീവിതോദാഹരണ സഹിതം, സമയം തക്കത്തില്‍ വിനിയോഗിച്ച്‌ ഒഴിവുവേളകള്‍ ആസ്വാദ്യകരമാക്കുന്നതിനെക്കുറിച്ച്‌ സംസാരിച്ചു.

സാമ്പത്തിക നിയമ ഉപദേശങ്ങളുമായി റിക്‌ തോംസണും, അഡ്വ. ദീപാ പോളും ചര്‍ച്ചയില്‍ പങ്കെടുത്ത്‌ കാണികളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ നല്‍കി. സ്വന്തം ജീവിതവിജയം കൈവരിക്കുകയും, മറ്റുള്ളവരുടെ വിജയത്തിന്‌ നിദാനമാകുകയും ചെയ്‌ത ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള ആശംസകള്‍ അറിയിച്ചു.

സ്വയം വിജയം നേടുന്നതിനൊപ്പം മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുവാനും സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക്‌ ഉപകാരപ്രദമാകുന്ന രീതിയില്‍ ഫലപ്രദമാക്കുവാന്‍ സാധിക്കട്ടെ എന്ന ആഹ്വാനത്തോടെ മോഡറേറ്റര്‍ ഷിജി അലക്‌സ്‌ പങ്കടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു.

80494_bhavi_2

 

 

Other News