നിയോഗം പോലെ എഴുത്തിന്റെ വഴിയില്‍: ബന്യാമിന്‍

80527_e_fokana_more2

ഷിക്കാഗോ: ഗാബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റേയും അമേരിക്കന്‍ കവയിത്രിയായ ആഞ്ചലയുടേയും പേരുകളില്‍ ഒരുക്കിയിരുന്ന നഗറില്‍ നടന്ന ഫൊക്കാനയുടെ സാഹിത്യ സമ്മേളനം പ്രസിദ്ധ സാഹിത്യകാരന്മാരായ സതീഷ്‌ ബാബു പയ്യന്നൂരും, ബന്യാമിനും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു.

എഴുത്തുകാരേയും ആസ്വദകരേയുംകൊണ്ട്‌ നിറഞ്ഞ സദസ്‌ ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. സതീഷ്‌ ബാബു പയ്യന്നൂര്‍, ബന്യാമിന്‍ എന്നിവരെ കൂടാതെ കവിയും മുന്‍ മന്ത്രിയുമായ ബിനോയ്‌ വിശ്വം, വൈജ്ഞാനിക സാഹിത്യകാരനും മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ. ഇക്‌ബാല്‍, മനോരമ ആഴ്‌ചപ്പതിപ്പ്‌ എഡിറ്ററും, ലളിതകലാ അക്കാഡമി ചെയര്‍മാനുമായ കെ.എ. ഫ്രാന്‍സീസ്‌, പ്രസിദ്ധ മനശാസ്‌ത്രജ്ഞനായ ലൂക്കോസ്‌ പന്നിയൂര്‍ എന്നിവര്‍ ഉദ്‌ഘാടന വേദിയെ അലങ്കരിച്ചു. പ്രശസ്‌ത എഴുത്തുകാരിയും ഫൊക്കാനാ സാഹിത്യ സമ്മേളനത്തിന്റെ കോര്‍ഡിനേറ്ററുമായ രതീദേവി അതിഥികളെ പരിചയപ്പെടുത്തുകയും അവര്‍ക്ക്‌ സ്വാഗതം ആശംസിക്കുകയും ചെയ്‌തു.

തകഴിയും പൊറ്റക്കാടും കാരൂരും എംടിയുമൊക്കെ ഒരുക്കിയ കഥാലോകത്തിന്റെ മുറ്റത്താണ്‌ താന്‍ വളര്‍ന്നതെന്നും അവരുടെ കഥകള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി പല പുത്തന്‍ എഴുത്തുകാരുടേയും രചനകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടാറില്ലെന്നും ഉദ്‌ഘാടന പ്രസംഗത്തില്‍ സതീഷ്‌ ബാബു പയ്യന്നൂര്‍ പറഞ്ഞു.

ഒരുകാലത്ത്‌ മുട്ടത്തുവര്‍ക്കിയെ പടിക്കെട്ടിനു പുറത്തുനിര്‍ത്തിയിരുന്ന പലരും ഇന്ന്‌ അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ്‌ നേടാന്‍ എന്ത്‌ മാര്‍ഗ്ഗമെന്ന്‌ അന്വേഷിക്കുന്നത്‌ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു നിയോഗം പോലെയാണ്‌ താന്‍ എഴുത്തിന്റെ വഴിയില്‍ എത്തപ്പെട്ടതെന്ന്‌ ബന്യാമിന്‍ തന്റെ ഉദ്‌ഘാടന സമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യരെ നല്ല വ്യക്തികളാക്കിത്തീര്‍ക്കാന്‍ സാഹിത്യവും സാഹിത്യക്കൂട്ടായ്‌മകളും ഉപകരിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ന്‌ കുട്ടികളെ പണം കായ്‌ക്കുന്ന മരങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ്‌ മലയാളി മതാപിതാക്കള്‍ ശ്രമിക്കുന്നതെന്നും അതുവഴി മനുഷ്യത്വം നഷ്‌ടമായ ഒരു തലമുറയെ ആണ്‌ സൃഷ്‌ടിക്കുന്നതെന്നും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നിന്നും ശക്തമായ മലയാള സാഹിത്യസൃഷ്‌ടികള്‍ ഉണ്ടാകാന്‍ കഴിയുമെന്നും, അതിരുകളില്ലാത്ത ഒരു ചിന്താലോകം ഇവിടെ തുറന്നുകിടപ്പുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വൈക്കം മുഹമ്മദ്‌ ബഷീറാണ്‌ തന്നെ ഏറ്റവും അധികം സ്വാധീനിച്ച മലയാളി സാഹിത്യകാരനെന്ന്‌ മുന്‍ മന്ത്രി ബിനോയ്‌ വിശ്വം ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നും നോബല്‍ സമ്മാനം ലഭിക്കേണ്ടിയിരുന്ന എഴുത്താകാരന്‍ ബഷീറാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

എഴുനൂറുകോടി മദ്യപാനത്തിനു മലയാളി എഴുപതു കോടി മാത്രമാണ്‌ പുസ്‌തകങ്ങള്‍ക്കായി ചെലവാക്കുന്നതെന്ന്‌ ഡോ. ഇക്‌ബാല്‍ ചൂണ്ടാക്കാട്ടി. അതു നൂറു കോടിയെങ്കിലും ആകണമെന്നും, പുസ്‌തകം സംസ്‌കാരത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അമേരിക്കയില്‍ രണ്ടാം തലമുറയെ മലയാളം പഠിപ്പിക്കാന്‍ ശക്തമായ ശ്രമങ്ങളുണ്ടാകണമെന്നും മലയാളികള്‍ കൂടുതലുള്ളയിടങ്ങളില്‍ മാസത്തില്‍ ഒരു പുസ്‌തകമെങ്കിലും ചര്‍ച്ച ചെയ്യാനുള്ള സാഹിത്യകൂട്ടായ്‌മകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എ ഫ്രാന്‍സീസ്‌ തന്റെ ആശംസാ പ്രസംഗത്തില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ മനോരമ ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുമെന്നു ഉറപ്പു നല്‍കി. പ്രവാസികള്‍ അവര്‍ ഇണങ്ങിയ ദേശവുമായി ബന്ധപ്പെട്ട രചനകള്‍ നടത്തണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ഒരു സാഹിത്യസമ്മേളനത്തില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഫൊക്കാനാ സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌ കണ്ടപ്പോള്‍ അത്ഭുതവും ആഹ്ലാദവും തോന്നിയെന്ന്‌ എല്ലാ സാഹിത്യകാരന്മാരും അഭിപ്രായപ്പെട്ടു. കെ.കെ. ജോണ്‍സണ്‍ അതിഥികള്‍ക്കും പങ്കെടുത്തവര്‍ക്കും നന്ദി പറയുകയും വരും വര്‍ഷങ്ങളില്‍ ഫൊക്കാനാ സാഹിത്യ സമ്മേളനം ഒരു സാഹിത്യ ഉത്സവമാക്കി മാറ്റുമെന്നും പറഞ്ഞു. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന സാഹിത്യ സമ്മേളനം. ചര്‍ച്ചകള്‍, സെമിനാറുകള്‍, കവിയരങ്ങ്‌ എന്നിവയാല്‍ സജീവമായിരുന്നു.

Other News