പോള്‍ കറുകപ്പള്ളില്‍, ജോര്‍ജി വര്‍ഗീസ്‌, വിപിന്‍ രാജ്‌ എന്നിവര്‍ ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡിലേക്ക്‌

ഷിക്കാഗോ: ഫൊക്കാനയുടെ പതിനാറാമത്‌ ദേശീയ കണ്‍വന്‍ഷനില്‍ വെച്ച്‌ നടത്തിയ തെരഞ്ഞെടുപ്പില്‍ ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങളായി പോള്‍ കറുകപ്പള്ളില്‍, ജോര്‍ജി വര്‍ഗീസ്‌, വിപിന്‍ രാജ്‌ എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. നൂതനമായ നേതൃപാടവ ശൈലികൊണ്ട്‌ മലയാളി മനസില്‍ ഉറച്ചുനില്‍ക്കുന്ന പോള്‍ കറുകപ്പള്ളില്‍ ഫൊക്കാനയുടെ പ്രസിഡന്റ്‌, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ തുടങ്ങി ഒട്ടനവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഫ്‌ളോറിഡയിലെ സംഘടനകളെ പ്രതിനിധീകരിക്കുന്ന ജോര്‍ജി വര്‍ഗീസ്‌ മികച്ച സംഘാടകനും വിവിധ സംഘടനകള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുള്ള ആളുമാണ്‌. കേരളാ സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ മുന്‍ പ്രസിഡന്റ്‌, മാര്‍ത്തോമാ ഡയോസിഷന്‍ കൗണ്‍സില്‍ അംഗം, ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍, ഫൊക്കാനാ ടുഡേ ചീഫ്‌ എഡിറ്റര്‍ തുടങ്ങി പല നേതൃസ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്‌.

വാഷിംഗ്‌ടണില്‍ നിന്നുമുള്ള വിപിന്‍ രാജ്‌ യുവജനങ്ങളുടെ പ്രതിനിധിയായാണ്‌ ട്രസ്റ്റി ബോര്‍ഡില്‍ എത്തിയത്‌.

ഫൊക്കാനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദേശം നല്‍കുക, തെരഞ്ഞെടുപ്പ്‌ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുക തുടങ്ങിയ ചുമതലകള്‍ ട്രസ്റ്റി ബോര്‍ഡില്‍ നിക്ഷിപ്‌തമാണ്‌.

മുന്‍ പ്രസിഡന്റുമാരായ മറിയാമ്മ പിള്ള, ജി.കെ. പിള്ള എന്നിവരെ കൂടാതെ ബോബി ജേക്കബ്‌, ടെറന്‍സണ്‍ തോമസ്‌, സുധാ കര്‍ത്താ, മാറ്റ്‌ മാത്യു എന്നിവരും ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങളാണ്‌.

81183_paul

Other News