പോള്‍ കറുകപ്പിള്ളില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ജാടയില്ലാത്ത മുഖം

പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാനയ്ക്ക് ഒഴിച്ചുകൂടാനാവാത്ത പേര്. പദവികള്‍ ചെറുതാണെങ്കിലും, വലുതാണെങ്കിലും ഫൊക്കാനായുടെ തുടക്കം മുതല്‍ സജീവം. വ്യക്തി ജീവിതത്തില്‍ വന്‍വിജയങ്ങളുടെ ചരിത്രമാണ് പോള്‍ കറുകപ്പിള്ളിക്കുള്ളത്. ഒരു പക്ഷെ അമേരിക്കന്‍ മലയാളി സമൂഹത്തിനുള്ളില്‍ സ്വന്തമായി ഒരു ചരിത്രം സൃഷ്ടിച്ച വ്യക്തി പോള്‍ കറുകപ്പിള്ളില്‍ തന്നെയാകും.
ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയുന്ന പ്രവര്‍ത്തന ശൈലിയ്ക്കുടമയാണ് അദ്ദേഹം. ഫൊക്കാനായുടെ പ്രതിസന്ധി ഘട്ടങ്ങള്‍ക്കിടയില്‍ വീറും വാശിയോടെയും സംഘടനയെ നയിച്ചയാള്‍. പലരും മാറി നില്‍ക്കുകയും, അടക്കം പറയുകയും ചെയ്തപ്പോള്‍ ഒപ്പുമുള്ളവര്‍ക്ക് കരുത്തേകി പദ്ധതികള്‍ തയ്യാറാക്കി, അവതരിപ്പിച്ച വിജയിപ്പിക്കുവാന്‍ ഈ പെരുമ്പാവൂരുകാരന് കഴിഞ്ഞത് നിശ്ചയ ദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ്.

സ്വഭാവ മഹിമയും, വൈശിഷ്ട്യവും കറുകപ്പിള്ളിയെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നു. പൊതുജനമാണ് ഒരു പൊതുപ്രവര്‍ത്തകന്റെ സര്‍വ്വസ്വമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആ വിശ്വാസമാണ് അദ്ദേഹത്തിന്റെ എളിമയുടെ ആധാരം. അതുകൊണ്ടാണ് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ജാഡയില്ലാത്ത മുഖമായി അദ്ദേഹം മാറുന്നത്.

2006— – 2008 കാലം. പോള്‍ കറുകപ്പിള്ളില്‍ ഫൊക്കാനാ പ്രസിഡന്റ്. പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റലിന്റെ വേദി. ഫൊക്കാനാ നിര്‍ദ്ധനരായ വ്യക്തികള്‍ക്ക് നല്‍കുന്ന വൈദ്യസഹായവേദി. ടി.എസ്. ചാക്കോയുടെ ഗംഭീര പ്രസംഗം നടക്കുന്ന വേദിയിലേക്ക് ഒരു വൃദ്ധന്‍ കടന്നുവരുന്നു. വേദിയിലിരുന്ന ഹോസ്പിറ്റല്‍ ഡയറക്ടറുടെ പക്കല്‍ ഒരു കടലാസുകഷ്ണം കൊടുക്കുന്നു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ അത് പോള്‍ കറുകപ്പിള്ളിയെ ഏല്‍പ്പിക്കുന്നു. കറുകപ്പിള്ളിയുടെ ഊഴമായപ്പോള്‍ അദ്ദേഹം തനിക്കു കിട്ടിയ കടലാസു കഷ്ണത്തിന്റെ ഉള്ളടക്കം വിശദീകരിക്കുന്നു. പരുമല ഹോസ്പിറ്റലില്‍ കഴിയുന്ന ഒരു രോഗിക്ക് ഹൃദയശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം രൂപ ആവശ്യമുണ്ട്. ഫൊക്കാനയുടെ പരിഗണയ്ക്ക് പ്രസ്തുത കേസ് എത്തിയിരുന്നില്ല. അന്നേ ദിവസം അഡ്മിറ്റായ രോഗി. കറുകപ്പിള്ളില്‍ ഭാര്യ ലതാകറുകപ്പിള്ളിയോട് എന്തോ ആംഗ്യം കാണിച്ചു. ഉടന്‍ ഒരു ലക്ഷം രൂപയെത്തി. ലതാ കറുകപ്പിള്ളിയും, പോള്‍ കറുകപ്പിള്ളിയും ചേര്‍ന്ന് ഒരു ലക്ഷം രൂപ ഹോസ്പിറ്റല്‍ ഡയറക്ടറെ ഏല്‍പിക്കുന്നു. തീര്‍ത്തും വ്യക്തിപരമായ ഒരു കാര്യം. ഇങ്ങനെ നിരവധി സഹായങ്ങള്‍ ഇന്നും എത്തിച്ചുനല്‍കുന്നു അദ്ദേഹം.

ഇങ്ങനെ പോകുന്നു പരസ്യമാക്കാത്ത പോള്‍ കറുകപ്പിള്ളിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍.
1983 ല്‍ സ്ഥാപിതമായ അമേരിക്കന്‍ മലയാളിയുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സ്ഥാപക അംഗം മുതല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വരെയുള്ള പദവികള്‍ നൂറു ശതമാനം ആത്മാര്‍ത്ഥയോടെയാണ് ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുള്ളത്. ഫൊക്കാനായുടെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി നാല് വര്‍ഷം ഫൊക്കാനാ പ്രസിഡന്റായിരുന്നു. 2006- 2008, 2008- 2010 വരെ.

1983 മുതല്‍ ഇന്നുവരെ ഫൊക്കാനായുടെ വിവിധ പദവികള്‍ തേടിയെത്തി. അവയെല്ലാം ആത്മാര്‍ത്ഥയോടെ ഏറ്റെടുക്കുന്നതിലുപരി ആത്മാര്‍ത്ഥതയോടെ കര്‍മ്മപഥത്തിലെത്തിക്കുകയും ചെയ്തു. ഇപ്പോള്‍ ഫൊക്കാനാ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍.

എന്‍എഫ്‌ഐയുടെ ഡയറക്ടറര്‍ ബോര്‍ഡ് അംഗം, ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ്, ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അമേരിക്കന്‍ സംഘടനാ പ്രവര്‍ത്തകന്‍, തുടങ്ങി നിരവധി പദവികളില്‍ ഇപ്പോള്‍ സജീവം.

ഹഡ്‌സണ്‍വാലി അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു. കേരളം സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ് ആയിരുന്നു. 1983 മുതല്‍ കേരളത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവം. ഫൊക്കാന പ്രസിഡന്റായി പ്രവര്‍ത്തിച്ചപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു. ഫൊക്കാനയുടെ കേരളത്തിലെ വിവിധ പരിപാടികളില്‍ നിര്‍ദ്ധനരായവരെ സഹായിക്കാന്‍ പുതിയ ആശയങ്ങളും പദ്ധതികളും നടപ്പിലാക്കി. ‘ഭാഷയ്‌ക്കൊരു ഡോളര്‍’ പദ്ധതിക്കൊപ്പം നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിച്ചു. കേരളത്തിലെ വ്യവസായ സംരഭകരെ അമേരിക്കയിലെത്തിച്ച് ബിസിനസ് പദ്ധതികള്‍ക്ക് തുടക്കമിട്ടതും ഇദ്ദേഹം ഫൊക്കാനാ പ്രസിഡന്റായിരിക്കുന്ന കാലഘട്ടത്തിലാണ്. പിന്നീട് മറ്റു സംഘടനകളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് ചരിത്രം. 2010 ല്‍ ആല്‍ബനിയില്‍ നടന്ന ഫൊക്കാനാ കണ്‍വന്‍ഷന്‍ ഒരു പ്രൊഫഷണല്‍ കണ്‍വന്‍ഷനായി മാറിയത് പോള്‍ കറുകപ്പിള്ളിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ്. യുവജന സമൂഹത്തെ ഫൊക്കാനായുടെ നേതൃത്വ രംഗത്തേക്കും, അമേരിക്കന്‍, സാമൂഹിക സാംസ്‌കാരിക നേതൃത്വങ്ങളിലേക്കും കൈപിടിച്ചുയര്‍ത്തി. ഫൊക്കാനാ യുവജനോത്സവങ്ങള്‍ക്ക് തുടക്കമിട്ടതും പോള്‍കറുകപ്പിള്ളില്‍ ആയിരുന്നു.

ഫൊക്കാനായുടെ കേരളാ കണ്‍വന്‍ഷനുകളുടെ സംഘാടകനും, സൂത്രധാരനുമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കേരളത്തില്‍ നടത്തിയ ഫൊക്കാനാ കേരളാ കണ്‍വന്‍ഷനുകള്‍ ചിട്ടയായി നടത്തുന്നതിന് നേതൃത്വം വഹിക്കുകയും അത് വിജയകരമാക്കി തീര്‍ക്കുന്നതിനു പിന്നിലും പോള്‍ കറുകപ്പിള്ളിയുടെ നിശ്ചയദാര്‍ഢ്യം ഉണ്ട്.

നാളിതുവരെയുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരം പ്രവാസി ഫൗണ്ടേഷന്‍ പ്രവാസി പുരസ്‌കാരം, ലീഡര്‍ഷിപ്പ് ഫൗണ്ടേഷന്റെ പുരസ്‌കാരം എന്നിവയെല്ലാം എടുത്തു പറയേണ്ടവ തന്നെ.

ഫൊക്കാനാ കാനഡ കണ്‍വന്‍ഷന്‍ വന്‍വിജയമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ പ്രധാന ശ്രദ്ധ. എങ്കിലും ഫൊക്കാനായുടെ വളര്‍ച്ചയ്ക്ക് അമേരിക്കന്‍ മലയാളി യുവ സമൂഹത്തെ വളര്‍ത്തിയെടുക്കുവാന്‍ ഫൊക്കാനായുടെ നവ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറയുന്നു. അതിനായി അംഗസംഘടനകളും യത്‌നിക്കണം. സാംസ്‌കാരത്തിന്റെ പേരിലെ യോജിപ്പും പ്രതിബദ്ധതയുമാണ് മലയാണ്മയുടെ ശക്തി. മറ്റെല്ലാം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കൊപ്പമാകും എന്ന് അദ്ദേഹം പറയുന്നു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ 35 വര്‍ഷമായി സൂപ്പര്‍വൈസറായി ജോലി നോക്കുന്ന പോള്‍ കറുകപ്പിള്ളില്‍ റിട്ടയര്‍ഡ് ജീവിതം കേരളത്തില്‍ ചിലവിടാനും, നാട്ടിലെത്തുന്ന വിദേശ മലയാളികള്‍ക്ക് ഒന്നിച്ചിരുന്ന് വിശ്രമജീവിതം നയിക്കുവാന്‍ ഒരു വില്ല ഹോം പദ്ധതി തുടങ്ങുവാനും പദ്ധതിയുണ്ട്. തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി ഭാര്യ ലതാകറുകപ്പിള്ളില്‍ ഒപ്പമുണ്ട്. ഫൊക്കാനായുടെ സജീവ പ്രവര്‍ത്തകയും സംഘാടകയുമാണ്. കൂടാതെ മക്കളായ ലീബ, ലിബിന്‍ എന്നിവരുടെ പ്രോത്സാഹനവുമാണ് പോള്‍ കറുകപ്പിള്ളിയുടെ വിജയത്തിന്റെ ഊര്‍ജ്ജസ്രോതസ്.

Other News