ഫൊക്കാനയും ഫോമയും അമേരിക്കന്‍ മലയാളികളുടെ അഭിമാനം ( മോന്‍സി കൊടുമണ്‍)

81124_moncy

അമേരിക്കല്‍ മലയാളികളുടെ മാമാങ്കങ്ങളായ ഫൊക്കാനയുടെയും ഫോമയുടെയും ആഘോഷങ്ങള്‍ക്ക്‌ തിരശ്ശീല വീണു.
രണ്ടു സംഘടനകളുടെയും ആഘോഷങ്ങളിലും പങ്കെടുക്കണമെന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തികം കാരണം ചിക്കാഗോയില്‍ നടന്ന ഫൊക്കാനയുടെ സമ്മേളനത്തില്‍ മാത്രമേ പങ്കെടുക്കുവാന്‍ സാധിച്ചിരുന്നുള്ളൂ. ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ പോകുവാന്‍ നേരത്തെ കരുതി കൂട്ടി ഒരു പ്ലാന്‍ തയ്യാറാക്കിയിരുന്നില്ല. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശമുള്‍ക്കൊണ്ട മതസൗഹാര്‍ദ്ദസമ്മേളനം എന്നെ ഏറ്റവും സന്തോഷമുള്ളവനാക്കി .
ഇന്നു കുഞ്ഞാടുകളെ തമ്മിലടിപ്പിച്ച ചോര കുടിക്കുന്ന ചെന്നായ്‌ക്കളെപ്പോളെ മതനേതാക്കള്‍ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഫൊക്കാനയിലെ മതസൗഹാര്‍ദ്ദസമ്മേളനം നമ്മെ ആഴമായി ചിന്തിപ്പിക്കുവാനും ഒരു ദൃഢപ്രതിജ്ഞയെടുത്ത്‌ പരസ്‌പരം സ്‌നേഹിക്കുവാനും സഹായിക്കുവാനും ഒരു പ്രേരണ ലഭിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ പ്രോഗ്രാമുകളും വളരെ അടുക്കും ചിട്ടയോടും കൂടി നടത്തപ്പെട്ടു. ഏതാണ്ട്‌ സാഹിത്യസെമിനാര്‍ ഒരല്‍പം നീണ്ടു പോയി. കാരണം അതിന്റെ കുറ്റം ഞാന്‍ ഉള്‍പ്പെട്ട സാഹിത്യകാരന്മാരുടേതുതന്നെ. സാഹിത്യത്തില്‍ മുഴുകിയിരുന്ന ഞങ്ങള്‍ക്ക്‌ സമയം മുമ്പോട്ടു പോയതറിയാതെ വന്നപ്പോള്‍ ചിരിയരങ്ങിനു താമസം വരികയും ചിരിക്കാന്‍ വേണ്ടി കാത്തുനിന്ന ജനം അല്‍പം രോഷാകുലരാവുകയും ചെയ്‌തതൊഴിച്ചാല്‍ എല്ലാം വളരെ ഭംഗിയായി നടന്നു.
പത്തുമിനിട്ടിനകം സാഹിത്യസെമിനാര്‍ അവസാനിക്കും എന്ന്‌ ശ്രീമതി മറിയാമ്മ പിള്ളയോടു ഞാന്‍ പറഞ്ഞുവെങ്കിലും സാദ്ധ്യമല്ല നിങ്ങളുടെ സമയം തീര്‍ന്നിരിക്കുന്നു എന്നു കര്‍ക്കശമായി പറഞ്ഞു. ചേച്ചിയുടെ കര്‍ക്കശമായ , കണിശമായ തീരുമാനങ്ങളാണ്‌ ഫൊക്കാന സമ്മേളനത്തെ വമ്പിച്ച വിജയമാക്കിത്തീര്‍ത്തത്‌.

ആതുരസേവനരംഗത്ത്‌ ഫൊക്കാന നടത്തി വരുന്ന പ്വവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്‌. കാലു നഷ്‌ടപ്പെട്ടവര്‍ക്ക്‌ കൃത്രിമകാല്‍ നല്‍കുവാനുള്ള പദ്ധതി കുഷ്‌ഠരോഗികള്‍ക്കുവേണ്ടിയുള്ള സഹായങ്ങള്‍ ഇത്തരം ജീവകാരുണ്യപ്രവര്‌ത്തനങ്ങള്‍ ശ്ലാഘനീയം തന്നെ.

മനുഷ്യസ്‌നേഹത്തിന്റെയും സേവനത്തിന്റെയും നീര്‍ച്ചാലിലൂടെയാണ്‌ ഈ പ്രസ്ഥാനം അതിന്റെ വിജയദശകങ്ങള്‍ പിന്നിട്ട്‌ മുമ്പോട്ട്‌ കുതിക്കുന്നത്‌ എന്നോര്‍ത്തപ്പോഴാണ്‌ ഈ പ്രാവശ്യം ഫൊക്കാനയ്‌ക്കു പോകണം എന്ന തീരുമാനമെടുത്തത്‌. ന്യൂയോര്‍ക്കില്‍ നിന്നും ചിക്കാഗോയിലേക്ക്‌ ഒരു ബസ്സ്‌ പോകുന്നു അതില്‍ മോന്‍സി കൊടുമണ്ണിന്‌ വരുവാന്‍ സാധിക്കും എന്ന്‌ എന്റെ ചിക്കാഗോയിലെ സുഹൃത്തുക്കള്‍ പറഞ്ഞു. ആയതിനാല്‍ അതിന്റെ ന്യൂയോര്‍ക്കിലെ സംഘാടകന്‍ ഡോ.ജോസ്‌ കാനാട്ടുമായി ഞാന്‍ ബന്ധപ്പെടുകയും എന്റെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. പിന്നീട്‌ അഞ്ചുപ്രാവശ്യം ഫോണില്‍ കൂടി അദ്ദേഹത്തോട്‌ ബന്ധപ്പെട്ടപ്പോഴെല്ലാം തിരികെ വിളിക്കാം എന്നുള്ള മറുപടിയില്‍ ഒതുക്കുകയും എന്നെയും ഭാര്യയെയും കുഞ്ഞുങ്ങളെയും കയറ്റാതെ ബസ്സ്‌ പുറപ്പെടുകയും ചെയ്‌തു. എനിക്ക്‌ ഡോ.ജോസ്‌ കനാട്ടിനെ നേരിട്ട്‌ പരിചയമില്ല. ഡോ.ജോസ്‌ കനാട്ടിന്‌ എന്നെയും പരിചയമില്ല. പരിചയമില്ലാത്തവരെ ബസ്സില്‍ കൊണ്ടുപോകില്ല എന്നൊരു നിയമം ഉണ്ടായിരുന്നുവോ ?
എന്തായാലും ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്ന്‌ ചിക്കാഗോയിലെ എന്റെ നല്ല സുഹൃത്തുക്കളോട്‌ ഞാന്‍ വാക്കുകൊടുത്തതിനാല്‍ ഞാന്‍ സ്വന്തമായി ഡ്രൈവ്‌ ചെയ്‌ത്‌ ഫാമിലിയായി പോകുവാന്‍ തീരുമാനിച്ചു. നേരത്തെ രജിസ്‌ട്രേഷന്‍ ചെയ്‌തിട്ടില്ലായിരുന്നു. ഏതാണ്ട്‌ ഒഹായോയിലെത്തിയപ്പോള്‍ ഞാന്‍ മറിയാമ്മ ചേച്ചിയെ വിളിച്ചു പറയുകയുണ്ടായി . ഞാന്‍ ന്യൂയോര്‍ക്കില്‍ നിന്നും വരുന്ന മോന്‍സി കൊടുമണ്‍ ആണ്‍ എനിക്കും ഫാമിലിക്കും ഫൊക്കാനാ കണ്‍വെനഷനില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. ഞങ്ങള്‍ ചിക്കാഗോയിലെത്തുന്നതിനു മുന്‍പേ ഞങ്ങള്‍ക്കു താമസിക്കുവാനുള്ള മുറിയും ബാങ്ക്വറ്റിനുള്ള ടിക്കറ്റും എല്ലാ ദിവസത്തേയും ഭക്ഷണത്തിനുള്ള ടിക്കറ്റും എല്ലാം ഭദ്രമാക്കി ഒരു ഫയലില്‍ ചേച്ചി സൂക്ഷിച്ചുവയ്‌ക്കുകയും ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ ഞങ്ങളെ അത്‌ ഏല്‍പ്പിക്കുകയും ചെയ്‌തപ്പോള്‍ ഞാന്‍ ചേച്ചിയില്‍ കണ്ട ആത്മാര്‍ത്ഥതയും സ്‌നേഹവും എനിക്കു പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ചേച്ചിയ്‌ക്കും ചിക്കാഗോയിലെ സഹോദരീസഹോദരന്മാര്‍ക്കും എന്റെ നന്ദിയുടെ പൂച്ചെണ്ടുകള്‍.

ഇതിനിടയില്‍ ഞാന്‍ ഒരു കാര്യം ഞാന്‍ ശ്രവിക്കുവാന്‍ ഇടയായി. ന്യൂയോര്‍ക്കില്‍ നിന്നും വന്ന ബസ്സ്‌ ടയര്‍ ഫ്‌ളാറ്റായി ഓഹായോയില്‍ മണിക്കൂറുകളോളം കിടന്നുവെന്ന്‌ അതില്‍ ഞാന്‍ ദുഃഖിച്ചു. കാരണം , അവരും എന്റെ സഹോദരന്മാരാണ്‌. ഞങ്ങള്‍ ചിക്കാഗോയില്‍ എത്തി 6 മണിക്കൂര്‍ കഴിഞ്ഞാണ്‌ ബസ്സ്‌ എത്തിച്ചേര്‍ന്നത്‌.
ഫൊക്കാനയിലെ എല്ലാപരിപാടികളും അുെക്കും ചിട്ടയോടും കൂടി നടന്നു. ഒരു ചെറിയ കശപിശപോലും ഉണ്ടാകാതെ എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിയതിന്റെ പേര്‍ ശ്രീമതി മറിയാമ്മപിള്ളയ്‌ക്കു തന്നെയാണ്‌. ചേച്ചിക്കും ഫൊക്കാനയുടെ എല്ലാ ഭാരവാഹികള്‍ക്കും എന്റെ നന്ദിയുടെ മലര്‍ചെണ്ടുകള്‍, .

അതുപോലെ ഫോമയും നമ്മുടെ മറ്റൊരു സഹോദര അസോസിയേഷനാണ്‌. ഞാന്‍ ഫോമായുടെ കണ്‍വെന്‍ഷനില്‍ പോകാന്‍ സാധിച്ചിരുന്നില്ലെങ്കിലും എല്ലാം വളരെ ഭംഗിയായി നടന്നുവെന്നും മീഡിയായില്‍ കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞുവെങ്കിലും സാഹിത്യകാരന്മാര്‍ക്കു വിളിച്ചുവരുത്തിയിട്ടു അവാര്‍ഡ്‌ നല്‍കാതെ പോയതില്‍ ദുഃഖിക്കുന്നു. ആരുടെയും കുഴപ്പമല്ല. കാരണം, ഒരു വലിയ കണ്‍വെന്‍ഷനില്‍ എല്ലാ കാര്യങ്ങളും ഒരു പോലെ ഭംഗിയാക്കാന്‍ സാധിക്കുകയില്ല. ഈ രണ്ട്‌ അസോസിയേഷനുകളും നമ്മുടെ മലയാളികളുടെ അഭിമാനമായി വളരട്ടെ .എല്ലാ മലയാളികളും ഇതുകണ്ടു സന്തോഷിക്കുമാറാകട്ടെ. !!!

Other News