ന്യൂയോര്‍ക് : ഫൊക്കാനയുടെ 2018 നടക്കുന്ന ജനല്‍ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയയിലെ സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള പമ്പ അസോസിയേഷന്‍ ആതിഥേയത്യം വഹിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.

പൊക്കാനാ 2018 കണ്‍വന്‍ഷന്‍ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് പുതിയ പ്രസിഡന്റായി തെരെഞ്ഞുടുക്കപ്പെട്ട തമ്പി ചാക്കോ. ‘സൗമ്യനായ പോരാളി’ എന്നു വിശേഷിപ്പാക്കുന്ന പ്രസിഡന്റിന്റെ നേതൃത്വത്തിലാകട്ടെ വ്യക്തിപ്രഭാവവും, സംഘടനാ പ്രവര്‍ത്തവും കൊണ്ട് തങ്ങളുടെ കഴിവ് തെളിയിച്ച ഒരു കൂട്ടം പ്രതിഭകളും. സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പാകട്ടെ ഫൊക്കാനയുടെ ആരംഭകാലം മുതല്‍ ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് അഹോരാത്രം പണിയെടുത്ത സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലയില്‍ ശ്രദ്ധേയന്‍.

അമേരിക്കന്‍ മണ്ണില്‍ ഇനി ഫൊക്കാനയുടെ വേരുകള്‍ പടര്‍ത്തുക എന്ന ദൗത്യമാണ് തമ്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ് ടീമിനുള്ളത്. വിവിധ ലക്ഷ്യങ്ങളും പ്രവര്‍ത്തന ശൈലിയും അവലംബിക്കുന്ന നൂറോളം വരുന്ന അമേരിക്കന്‍ മലയാളി സംഘടനകളെ കോര്‍ത്തിണക്കുവാന്‍ ഫൊക്കാനക്കു കഴിയേണ്ടതായുണ്ട്. പ്രവാസിയുടെ പ്രതീക്ഷിക്കൊത്ത്, അവരുടെ സാംസ്ക്കാരികസാമ്പത്തിക വളര്‍ച്ചക്ക് നിമിത്തമാകുന്ന സംഘടനയായി ഫൊക്കാന വളരേണ്ടതുണ്ട്. അംഗസംഘടനകള്‍ക്ക് ആശയും ആവേശവുമായി ഫൊക്കാന ഉയരേണ്ടതുണ്ട്. പ്രവാസിയുടെ വിശ്വാസവും വിധേയത്വവും അരക്കിട്ടുറപ്പിക്കുവാന്‍ പ്രവര്‍ത്തന മാമൂലുകളും ലക്ഷ്യങ്ങളും കാലോലിചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. സത്യസന്ധത, പരസ്പര ബഹുമാനം, ജനാധിപത്യ രീതികള്‍, സുതാര്യത, തുടങ്ങി നിരവധിയാണ് കാത്തുസൂക്ഷിക്കേണ്ട സംഘടനാ മൂല്യങ്ങള്‍. ഫൊക്കാനയുടെ വളര്‍ച്ചയെ കാലാകാലങ്ങളില്‍ സഹായിച്ച മുന്‍കാല പ്രവര്‍ത്തകരെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. വ്യക്തിപ്രഭാവത്തിലും, താന്‍ പ്രധാനിത്വത്തിലും സ്വജന പക്ഷത്തിലും അധിഷ്ഠിതമല്ലാത്ത ഒരു നേതൃത്വശൈലി കരുപ്പിടിപ്പിക്കേണ്ടതുണ്ട്. വരും തലമുറയെ മലയാളി സംസ്ക്കാരത്തെ ബോധവല്‍ക്കരിക്കാനും സംഘടനയിലേക്ക് ആകര്‍ഷിക്കുവാനും ശ്രമിക്കേണ്ടതുണ്ട്. മുഖ്യധാര രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവാന്‍ പ്രവാസികളെ പ്രാപ്തരാക്കുവാനും പ്രോത്സാഹിപ്പിക്കുവാനും മുന്‍കൈയ്യെടുക്കണംഇങ്ങിനെ നിരവധിയാണ്, ലോകമലയാളിക്ക് മുഴുവനും മാതൃകയായ ഫൊക്കാന നേരിടുന്ന വെല്ലുവിളികള്‍.

ആലപ്പുഴ അരങ്ങേറുന്ന മലയാളിസംഗമം ഫൊക്കാനയുടെ ജൈത്രയാത്രയിലെ മറ്റൊരു നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവാസി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും, പ്രശ്‌നങ്ങള്‍ സംവാദിക്കുവാനും, പ്രതിവിധിയിലേക്കെത്തി നോക്കാനും ഈ സമ്മേളനം വേദിയാകട്ടെ. ലോകമലയാളിക്ക് മുഴുവനും മാതൃകയായി, പ്രതീക്ഷയായി ഫൊക്കാന ഉയരങ്ങളിലേക്ക് കുതിച്ചുയരുവാന്‍ ആലപ്പുഴ അനുഗ്രഹിക്കട്ടെ.

അതിലുപരി ഫൊക്കാനാ കേരളാ ഗവണ്‍മെന്റുമായി സഹകരിച്ചു ആരോഗ്യ ടൂറിസം, ജീവകാരുണ്യ മേഖലകളില്‍ വിവിധ സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കും.