ഫൊക്കാനയുടെ വാഗ്ദ്ധാനമായ ലൈസി അലക്‌സിനു സ്വീകരണം

16 മത് ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷനില്‍ ഏറ്റവും കൂടുതല്‍ തിളങ്ങി ശോഭിച്ച വനിതാ താരമായ ലൈസി അലക്‌സ്, ഫൊക്കാനയുടെ 2014 16 വര്‍ഷത്തേക്കുള്ള നാഷണല്‍ കമ്മിറ്റിയിലേക്ക് യോങ്കെഴ്‌സിലെ ഇന്ത്യന്‍അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് മത്സരിക്കുകയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി എന്നുള്ളത് ഇന്ത്യന്‍അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കെഴ്‌സിനെ (ഐ. എ. എം. സി. വൈ) സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ ഒരു സംഭവമാണ്. അക്കാരണത്താല്‍ തന്നെ ജൂലൈ 15നു വൈകിട്ട് 7 മണിക്ക്
ഐ. എ. എം. സി. വൈ യുടെ ആഭിമുഖ്യത്തില്‍ യോങ്കെഴ്‌സിലെ ഇന്‍ഡോഅമേരിക്കന്‍ യോഗ ഇന്‍സ്റ്റിറ്റിയുട്ടില്‍ വച്ചു ലൈസി അലക്‌സിനു ഹൃദ്യമായ ഒരു സ്വീകരണം നല്‍കുകയുണ്ടായി.

പ്രസ്തുത യോഗത്തില്‍ ഫോമാ, ഫൊക്കാനാ എന്നിവയുടെ നാഷണല്‍ കണ്‍വന്‍ഷനുകളില്‍ കേരളത്തില്‍ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ടു വന്നിരുന്ന വിശിഷ്ടാതിഥിയും, പബ്‌ളിക് സര്‍വീസ് കമ്മീഷന്റെ ഡയറെക്ടര്‍മാരില്‍ ഒരാളുമായ ശ്രീമതി. സിമ്മി റോസ്ബല്‍, ഫൊക്കാനാ നാഷണല്‍ ട്രെഷററായി തിരഞ്ഞെടുക്കപ്പെട്ട ജോയ് ഇട്ടല്‍, ഫൊക്കാനയുടെ കമ്മിറ്റി മെമ്പറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട എം. കെ. മാത്യൂസ്, മുന്‍ തൊടുപുഴ പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീമതി. മോളി ജോണ്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രസ്തുത യോഗത്തില്‍ ഐ. എ. എം. സി. വൈ പ്രസിഡന്റ് തോമസ് കൂവള്ളൂര്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിക്കുകയും, ലൈസി അലക്‌സിന്റെ വിജയം അമേരിക്കയിലെ മൊത്തം മലയാളി സമൂഹത്തിനും, പ്രത്യേകിച്ച് വനിതാ വിഭാഗത്തിന്
മുതല്‍കൂട്ടായിരിക്കുമെന്നും, ലൈസിയെപ്പോലെ കര്‍മ്മരംഗത്ത് ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തനശേഷിയുള്ളവരെയാണ് അമേരിക്കന്‍ മലയാളി സമൂഹത്തിനു ആവശ്യമെന്നും പറയുകയുണ്ടായി. ‘ജസ്റ്റിസ് ഫോര്‍ ഓള്‍’ എന്ന സംഘടനയുടെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം, ലൈസി അലക്‌സ് ന്യൂജേഴ്‌സിയില്‍ ജയിലില്‍ കഴിയുന്ന ആകാശ് ദലാല്‍ എന്ന ചെറുപ്പക്കാരന് നീതി ലഭിക്കുന്നതിനുവേണ്ടി ന്യൂജേഴ്‌സി ഗവര്‍ണറുടെ ഓഫീസിനു മുന്‍പില്‍ പ്രകടനം നടത്തുന്നതിന് കഴിഞ്ഞ മെയ് 14 നു തന്നോടൊപ്പം സധൈര്യം പോയ കാര്യം ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് ശ്രീമതി. സിമ്മി റോസ്ബല്‍ തന്റെ ആശംസാ പ്രസംഗത്തില്‍ ഫൊക്കാനയുടെ തുടക്കം മുതല്‍ അവസാനം വരെ എല്ലാ രംഗങ്ങളിലും ഓടി നടന്നു പ്രവര്‍ത്തിച്ചു മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, ഒരു താരത്തെപ്പോലെ തിളങ്ങി ശോഭിച്ച ലൈസി അലക്‌സ്, ഭാവിയില്‍ ഫൊക്കാനയുടെ പ്രസിഡന്റ് പദവിയില്‍ വരെ എത്തിച്ചേരാന്‍ യോഗ്യതയുള്ള വ്യക്തിയാണെന്ന് പറയുകയും എല്ലാ വിധ ആശംസകളും നല്‍കുകയുമുണ്ടായി.

ലൈസിയെപ്പോലെ കാര്യക്ഷമതയുള്ള ഒരു വനിതാ മെമ്പറെ ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയിലേക്ക് കടന്നു ചെലലാന്‍ വേദിയൊരുക്കിയ ഇന്ത്യന്‍അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഭാരവാഹികളെ ഫൊക്കാനാ നാഷണല്‍ ട്രെഷററായി തിരഞ്ഞെടുക്കപ്പെട്ട ജോയ് ഇട്ടല്‍ പ്രത്യേകം പ്രശംസിക്കുകയും, ലൈസിയെപ്പോലെയുള്ളവര്‍ ഫൊക്കാനയെ പുതിയൊരു പന്ഥാവിലേക്ക് നയിക്കാന്‍ പര്യാപ്തമായി തീരുമെന്നു അഭിപ്രായപ്പെടുകയും ചെയ്തു.

പ്രവാസി മലയാളി ഫെഡറെഷന്‍ വിമന്‍സ് ഫോറത്തിന്റെ ഗ്‌ളോബല്‍ കോര്‍ഡിനേറ്റര്‍, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ നാഷണല്‍ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഫൊക്കാനാ വിമന്‍സ് ഫോറം സെക്രട്ടറി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അലുംനിയുടെ സെക്രട്ടറി ഹഡ്‌സണ്‍ വാലി, മലയാളി അസോസിയേഷന്റെ മുന്‍ സെക്രട്ടറി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു പരിചയമുള്ള ശ്രീമതി. ലൈസീ അലക്‌സ്, അറിയപ്പെടുന്ന ഒരു സംഘാടകയും, കലാരംഗത്തും ആതുരസേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഒരു അതുല്യ പ്രതിഭയാണ്. താന്‍ ഏറ്റെടുക്കുന്ന ചുമതലകള്‍ തികഞ്ഞ അര്‍പ്പണബോധത്തോടെ വിജയിപ്പിക്കാനുള്ള ലൈസീ അലക്‌സിന്റെ കഴിവുകള്‍ക്ക് മകുടോദാഹരണങ്ങളാണ് 2014 ഫൊക്കാനാ കണ്‍വെന്‍ഷനില്‍ അരങ്ങേറിയ മലയാളി മങ്ക,
മിസ്സ്. ഫൊക്കാനാ മത്സരങ്ങളും, ന്യൂയോര്‍ക്കിലെ റീജിയണ്‍ല്‍ കണ്‍വെന്‍ഷന്റെ വിജയവും.

ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ ലൈസീ, ഓര്‍മ്മ നാഷണല്‍ ട്രഷറര്‍, ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ശ്രീ. അലക്‌സ് തോമസ് മുരിക്കനാനിയുടെ ഭാര്യയും, അലോഷ് അലക്‌സ്, ആഷിത അലക്‌സ് എന്നിവരുടെ മാതാവുമാണ്.

ലൈസീ അലക്‌സിന്റെ സേവനം ഫോക്കാനായ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നു ഫൊക്കാനാ പ്രസിഡന്റ് ശ്രീ. ജോണ്‍ പി. ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. പോള്‍ കറുകപള്ളില്‍, മുന്‍ പ്രസിഡന്റ് ശ്രീമതി. മറിയാമ്മ പിള്ള , സെക്രട്ടറി ശ്രീ. വിനോദ് കേയാര്‍ കെ., മുന്‍ സെക്രട്ടറി ശ്രീ, ടെറന്‍സണ്‍ തോമസ്, ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ഫൊക്കാനാ വിമന്‍സ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി. ലീലാ മാരേട്ട് എന്നിവര് പ്രത്യേക സന്ദേശങ്ങളിലൂടെ അറിയിക്കുകയുണ്ടായി.

ഐ. എ. എം. സി. വൈ യുടെ ട്രഷറര്‍ ജോര്‍ജ്കുട്ടി ഉമ്മന്‍, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ഉമ്മന്‍, വൈസ് പ്രസിഡന്റ് ഇട്ടന്‍ ജോര്‍ജ് പടിയേടത്ത് എന്നിവര് ലൈസീ അലക്‌സിനു എല്ലാവിധ ഭാവുകങ്ങളും നേരുകയുണ്ടായി. സെക്രട്ടറി എം. കെ. മാത്യൂസ്, ലൈസീ അലക്‌സ് ഫൊക്കാനയുടെ ഭാവി വാഗ്ദാനമായി തീരട്ടെ എന്ന് ആശംസിക്കുകയും, എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയുമുണ്ടായി. 9 മണിയോടെ യോഗം പര്യവസാനിച്ചു.

81936_FOKANA photo 1

81936_FOKANA photo 3

81936_FOKANA photo 4

Other News