ഫൊക്കാനയ്ക്ക് കരുത്തേകാന്‍ വിനയവും ലാളിത്യവും മുഖമുദ്രയാക്കി ജോയി ഇട്ടന്‍

ജോയി ഇട്ടന് ഫൊക്കാനയുടെ വരുന്ന രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആശങ്കയില്ല. കാരണം ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ തലമൂത്ത നേതാവില്‍ നിന്നുമാണ് ഫൊക്കാനാ ട്രഷററായുള്ള കൂടുമാറ്റം
അതുകൊണ്ട് അമേരിക്കന്‍ സാമൂഹ്യപ്രവര്‍ത്തനം ജോയി ഇട്ടന് ഒരു പ്രശ്‌നമേയല്ല.

പിറവത്തെ പ്രഗത്ഭനായ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിമായിരുന്ന പി.വി.ഇട്ടന്‍പിള്ള (ഇപ്പോള്‍ പ്രായം 94) നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ ജോയി ഇട്ടന്‍ ചെറുപ്പം മുതല്‍ക്കേ ഉണരുന്നത് മുറ്റം നിറയെ നില്‍ക്കുന്ന പരാതിക്കാരെയും ആവലാതിക്കാരെയുമൊക്കെ കണ്ടാണ്. അച്ഛന്റെ രാഷ്ട്രീയവും, കാരുണ്യപ്രവര്‍ത്തനവുമൊക്കെ ചെറുപ്പത്തിലേ തലയ്ക്കുപിടിച്ചു. സ്‌ക്കൂള്‍ ലീഡറായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെ.എസ്.യു. പ്രസിഡന്റ്, കെ.എസ്.യു. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, അക്കാലത്ത് അത് നിസാരകാര്യമല്ല.

പിന്നീട് കെ.പി.സി.സി. മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ എന്നിങ്ങനെ നിരവധി സ്ഥാനമാനങ്ങള്‍ അലങ്കരിച്ച ശേഷമാണ് ജോയിഇട്ടന്‍ അമേരിക്കയിലേക്ക് ചേക്കേറിയത്. കേരളത്തിലെ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുനിന്ന് അമേരിക്കന്‍ മണ്ണിലേക്കെത്തിയത് പിതാവ് പിവി ഇട്ടന്‍ പിള്ളയുടെ നിര്‍ബന്ധം മൂലമാണ്. മുപ്പതാം വയസ്സില്‍ അമേരിക്കയിലേക്ക് വന്നു. മുപ്പത് വയസിനുമുമ്പ് കെ.പി.സി.സി. മെമ്പര്‍ വരെ ആയ ജോയി ഇട്ടന്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കില്‍ എത്തുമായിരുന്ന പദവികള്‍ എന്തെല്ലാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തനരംഗത്തുനിന്ന് അമേരിക്കന്‍ അന്തരീക്ഷത്തിലേക്ക് വന്ന ജോയി ഇട്ടന് അമേരിക്കന്‍ അന്തരീക്ഷം ശരിക്കും ശ്വാസം മുട്ടിച്ചു എന്നു തന്നെ പറയാം. എങ്കിലും സാമൂഹ്യ പ്രവര്‍ത്തകന്‍ ഏതു സാഹചര്യവുമായി പൊരുത്തപ്പെടുമല്ലോ. അതുകൊണ്ട് അമേരിക്കയില്‍ തുടര്‍ന്നു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായി. നേരത്തെ റിട്ടയര്‍ ചെയ്ത് പിന്നീട് ബിസിനസിലേക്ക് കടന്നു.

മാസ്റ്റേഴ്‌സ് ബിരുദം കഴിഞ്ഞ് എല്‍.എല്‍.ബിയ്ക്ക് ചേര്‍ന്നുവെങ്കിലും അതു പൂര്‍ത്തിയാക്കിയില്ല. അമേരിക്കയിലെ തിരഞ്ഞെടുപ്പ് സമയത്ത് ചൂടു പിടിക്കുന്ന രാഷ്ട്രീയത്തില്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചു. ജീവിതം ഒരു പുതിയ സമൂഹത്തില്‍ കരുപിടിപ്പിക്കുന്ന നിരക്കില്‍ രാഷ്ട്രീയപ്രവര്‍ത്തനം മാറി സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനാ നേതൃത്വമായ ഫൊക്കാനായുടെ 2014-16 കാലഘട്ടത്തിന്റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരനായി. ഫൊക്കാനയെ ജനകീയവല്‍ക്കരിക്കുക, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍- അത്‌ കേരളത്തിലായാലും അമേരിക്കയിലായാലും സജീവമായി ഇടപെടുകയും, കാതലായ പരിഹാരം കാണുകയും ചെയ്യുക എന്ന ഫൊക്കാനായുടെ ദൗത്യം തുടരുക എന്ന കര്‍മ്മമാണ് ഇപ്പോള്‍ ഈ സംഘടനയുടെ അജണ്ട.

ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷന്റെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ആയും, യാക്കോബായ ആര്‍ച്ച് ഡയോസിസിന്റെ കൗണ്‍സില്‍ അംഗം, മലങ്കര ടിവി കോര്‍ഡിനേറ്റര്‍, യോങ്കേഴ്‌സ് സെന്റ് ജോസഫ് ചര്‍ച്ച് മാനേജിംഗ് കമ്മറ്റി അംഗം, ഐ.എന്‍.ഓ.സി. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി, കൂത്താടുകുളം ബസേലിയോസ് എഞ്ചിനീയറിംഗ് കോളജ് ഡയറക്ടര്‍ എന്നീ നിലകളില്‍ ഇപ്പോള്‍ സജീവമായി ജോയി ഇട്ടന്‍ പ്രവര്‍ത്തിക്കുന്നു.

ജോയി ഇട്ടന്റെ സാമൂഹ്യസേവനപ്രവര്‍ത്തനം ഒരുതരത്തില്‍ പാരമ്പര്യം തന്നെയാണെന്നു പറയാം. അച്ഛന്റെ സാമൂഹ്യപ്രവര്‍ത്തനം വരും തലമുറകളിലേക്കും സംക്രമിക്കുന്നു. പിറവത്തിനടുത്ത ഊരമനയില്‍ പള്ളി തന്റെ 22-മത്തെ വയസ്സില്‍ സ്ഥാപിച്ച പിതാവിന്റെ മകന് എല്ലാം സാമൂഹ്യ പ്രവര്‍ത്തനം തന്നെ.

ഫൊക്കാനയുടെ കാനഡ കണ്‍വന്‍ഷന്‍ ചിട്ടയായ രീതിയില്‍ നടത്തുകയും, അതിനു മുന്നോടിയായി അമേരക്കയിലും, കേരളത്തിലും നടപ്പിലാക്കേണ്ട സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫൊക്കാനായുടെ നേതൃത്വത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. എങ്കിലും സംഘടന പിളര്‍ന്ന് പുതിയ സംഘടന ഉണ്ടായതില്‍ ഈ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വിഷമമുണ്ട്. ഇനിയും ഫൊക്കാന എന്ന പേരില്‍ ഒന്നാവുകയും കൂടുതല്‍ ശക്തിരായി അമേരിക്കന്‍ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരികരംഗത്ത് സജീവമാകാന്‍ മലയാളി സമൂഹം തയ്യാറാകുകയുമാണ് വേണ്ടത്. ജനവിശ്വാസം നേടണമെങ്കില്‍ സംഘടന ഒന്നാവണമെന്ന ആഗ്രഹം ജോയി ഇട്ടന്‍ മറച്ചുവയ്ക്കുന്നില്ല.
ഫൊക്കാനയുടെ അമരത്തുള്ള മൂന്നാമന് സംഘടനയുടെ താക്കോല്‍ സൂക്ഷിപ്പ് ഭദ്രമായും, പ്രൗഢിയായും ചെയ്യുക എന്ന ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുക, അതിനായി സംഘടനയെ വിപുലപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട്.

ഈ സാമൂഹ്യപ്രവര്‍ത്തനത്തില്‍ ജോയി ഇട്ടനെ സഹായിക്കാന്‍ ഭാര്യ ജസി (വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ആര്‍.എന്‍), മക്കളായ അറ്റോര്‍ണി ആന്‍മേരി ഇട്ടന്‍, വിദ്യാര്‍ത്ഥികളായ എലിസബത്ത് ഇട്ടന്‍, ജോര്‍ജ് ഇമ്മാനുവേല്‍ ഇട്ടന്‍ എന്നിവര്‍ ഒപ്പമുണ്ട്.

Other News