ഫൊക്കാനയ്‌ക്ക്‌ മുതല്‍ക്കൂട്ടായി അമേരിക്കയില്‍ നിന്നും യുവ കലാകാരന്മാരുടെ നീണ്ടനിര

ചിക്കാഗോ: ഏതൊരു സംഘടനയും നിലനില്‍ക്കണമെങ്കില്‍ യുവജനതയുടെ കരുത്തും ശക്തിയും കൂടിയേ തീരൂ. മലയാളികളുടെ പ്രശ്‌നങ്ങള്‍ക്കപ്പുറത്ത്‌ യുവജനങ്ങള്‍ക്ക്‌ കൂട്ടായ്‌മയൊരുക്കി അവരെ നേതൃരംഗത്തേക്ക്‌ കൊണ്ടുവരികയെന്നത്‌ നിസാര കാര്യമല്ല.

ചിക്കാഗോയില്‍ ഫൊക്കാനാ കണ്‍വന്‍ഷന്‍ സമാപിക്കുമ്പോള്‍ ചുറുചുറുക്കുള്ള നിരവധി യുവ പ്രതിഭകള്‍ ഫൊക്കാനയ്‌ക്ക്‌ പിന്നില്‍ ജാതിമത വ്യത്യാസമില്ലാതെ അണിനിരക്കുന്നു. യുവത്വം എന്നത്‌ ഒരു അവസ്ഥാവിശേഷം മാത്രമല്ല എന്ന്‌ തെളിയിക്കുന്ന മിന്നുന്ന പ്രകടനങ്ങളാണ്‌ വേദിയില്‍ അമേരിക്കന്‍ മലയാളികളുടെ പുതിയ തലമുറ അവതരിപ്പിച്ചത്‌. യുവജനതയുടെ പങ്കാളിത്തവും സാന്നിധ്യവും ഫൊക്കാനയ്‌ക്ക്‌ ആവശ്യമെന്ന്‌ തോന്നിക്കുന്ന കലാപ്രകടനങ്ങള്‍. അത്‌ അവതരിപ്പിക്കുന്നതാകട്ടെ മലയാളത്തിലെ മികച്ച കലാകാരന്മാരുടെ മുന്നിലും.

കലാതിലകമായ നെവിനും, നന്ദിനി നായരുമൊക്കെ കാഴ്‌ചവെച്ച പ്രകടനങ്ങള്‍ നാളെയുടെ മുതല്‍ക്കൂട്ടാണെന്നു ഫൊക്കാനാ നേതൃത്വം തിരിച്ചറിഞ്ഞു. നാട്ടില്‍ നിന്ന്‌ ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന താരങ്ങളുടെ പരിപാടികള്‍ക്കു പകരം ചുണക്കുട്ടന്മാരും ചുണക്കുട്ടികളും തങ്ങളുടെ പുതുതലമുറയില്‍ ഉണ്ടെന്ന്‌ കാട്ടിക്കൊടുക്കാന്‍ ഫൊക്കാനയ്‌ക്ക്‌ കഴിഞ്ഞതാണ്‌ ചിക്കാഗോ കണ്‍വന്‍ഷന്റെ മികച്ച സംഭാവന.

ജനഹൃദയവും ഫൊക്കാനയും തമ്മിലുള്ള ബന്ധത്തിന്റെ പാലമാകാന്‍ ഈ ചെറുപ്പക്കാര്‍ക്ക്‌ കഴിയും. അതിനു സാധിച്ചാല്‍ നാളെ ഫൊക്കാന ചരിത്രത്തില്‍ ഇടംനേടുന്നത്‌ ഈ ചെറുപ്പക്കാരുടെ പേരിലാകും എന്നു തീര്‍ച്ച. എല്ലാ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഇ മലയാളിയുടെ അഭിനന്ദനങ്ങള്‍. 

80658_yuva-2

Other News