ഫൊക്കാനാ കണ്‍വന്‍ഷന്‍ ചരിത്രസംഭവമായി കലാമൂല്യവും, അച്ചടക്കവും കൊണ്ട് ശ്രദ്ധേയം 1200 ആളുകള്‍ പങ്കെടുത്ത ബാങ്ക്വറ്റ്

ചിക്കാഗോ: മലയാളിയുടെ മാമാങ്കത്തിന്റെ സമാപനസമ്മേളനം ചരിത്രസംഭവമായി. ഫൊക്കാനയുടെ 16-മത് നാഷ്ണല്‍ കണ്‍വന്‍ഷന്‍ കലാമൂല്യവും, അച്ചടക്കവും, താര സാന്നിദ്ധ്യവും കൊണ്ട് ശ്രദ്ധേയമായി. ഞായറാഴ്ച ചിക്കാഗോയിലെ കസ്തൂര്‍ബാ നഗറില്‍ അരങ്ങേറിയ പൊതുസമ്മേളനം നാല്‍പ്പത് മിനിറ്റുകൊണ്ട് അവസാനിപ്പിച്ച് കലാപരിപാടികളിലേക്ക് കടന്ന ഫൊക്കാനാ കണ്‍വന്‍ഷന്‍ കമ്മറ്റി കാണികള്‍ക്ക് മനം മടുപ്പിക്കുന്ന പ്രസംഗങ്ങള്‍ക്ക് വിരാമമിട്ട് കലയുടെ ശ്രീകോവില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ തുറന്നിട്ടു.

കൃത്യമായ ചിട്ടയോടെ തീരുമാനിച്ചുറപ്പിച്ച രീതിയിലാണ് ഓരോ പരിപാടിയും അവതരിപ്പിക്കപ്പെട്ടത്. ആദ്രാ ബാലചന്ദ്രന്റെ അവതരണ പുതുമകൊണ്ടും പ്രകടനത്തിലെ വ്യത്യസ്തതകൊണ്ടും കലാപരിപാടികള്‍ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
ക്‌നാനായ കണ്‍വന്‍ഷന്‍ നടക്കുന്ന സമയമായതിനാല്‍ കാണികളുടെ കാര്യത്തില്‍ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും കണ്‍വന്‍ഷന്‍ സമാപന ദിവസത്തിലേക്ക് കടന്നുവന്ന ആയിരത്തിയിരുന്നൂറിലധികം വ്യക്തികളുടെ സാന്നിദ്ധ്യം കണ്‍വന്‍ഷനെ ഒരു ക്ലാസിക് ടച്ചുള്ള കണ്‍വന്‍ഷനാക്കി മാറ്റി.

മനോജ് കെ. ജയന്‍, ടോം ജോര്‍ജ്, മന്യ, തമ്പിആന്റെണി മാത്യൂ, ദിവ്യാഉണ്ണി തുടങ്ങിയ ചലച്ചിത്ര പ്രതിഭകള്‍ വിജയ് യേശുദാസ് തുടങ്ങിയവരുടെ സാന്നിദ്ധ്യവും ചടങ്ങിന് കൊഴുപ്പേകി.
കലാപ്രതിഭ, കലാതിലകം നേടിയ കുട്ടികള്‍ക്ക് മനോജ് കെ.ജയന്‍ പുരസ്‌കാരം വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചതാകട്ടെ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, കണ്‍വീനര്‍ ജോയി ചെമ്മാച്ചേല്‍, ജയന്‍ മുളങ്കാട്ട്, പോള്‍ കറുകപ്പിള്ളില്‍, ലീലാമാരേട്ട് തുടങ്ങിയവരും.
ജൂലൈ 4 മുതല്‍ 6വരെ നീണ്ടുനിന്ന കണ്‍വന്‍ഷന്‍ ഒരു ചരിത്രസംഭവമായി മാറി എന്നതില്‍ യാതൊരു  സംശയവുമില്ല. കാരണം മത്സര ബുദ്ധിയില്ലാതെ ഒത്തൊരുമയോടെ എല്ലാവരും പ്രവര്‍ത്തിച്ച കണ്‍വന്‍ഷനായിരുന്നു ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷന്‍.
80519_a

Other News