ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍ 2015 സമാപന സമ്മേളനം കേരളാ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ ഇമലയാളിയോട് പറഞ്ഞു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ജനുവരി 24-ന് കോട്ടയം അര്‍ക്കാഡിയ ഹോട്ടലിലാണ് ഈവര്‍ഷത്തെ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ നടക്കുക. രാവിലെ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാര്‍, സാഹിത്യ സമ്മേളനം, ബിസിനസ് സെമിനാര്‍, മെഡിക്കല്‍ സെമിനാര്‍ തുടങ്ങിയ നിരവധി സെഷനുകളുണ്ട്.

വൈകിട്ട് 5.30-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ടീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രഗത്ഭരാണ് പങ്കെടുക്കുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വനം-സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍, ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ രാജു ഏബ്രഹാം, സുരേഷ് കുറുപ്പ്, പി.സി. വിഷ്ണുനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.