ഫിലാഡല്‍ഫിയ: നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ എട്ടിന്‌ ഫിലാഡല്‍ഫിയയില്‍ എത്തിയ പ്രതിനിധി സംഘത്തിന്‌ പമ്പ മലയാളി അസോസിയേഷന്‍ ഓഫീസില്‍ സ്വീകരണം നല്‍കി.
ഫൊക്കാനയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ്‌ നേതാക്കള്‍ ഫിലാഡല്‍ഫിയയില്‍ എത്തിയത്‌. പമ്പ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍ എല്ലാവരേയും സ്വാഗതം ചെയ്‌തു. ഫൊക്കനയുടെ കേരളാ കണ്‍വന്‍ഷന്റെ അവലോകനവും, ഭാവി പരിപാടികളെക്കുറിച്ച്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌
ഫിലിപ്പോസ്‌ ഫിലിപ്പ്‌ വിശദീകരിച്ചു. ഫൊക്കനയില്‍ അംഗ സംഘടനകളുടെ പ്രാതിനിധ്യം, 2016-ലെ കണ്‍വന്‍ഷന്‍ എന്നിവയെക്കുറിച്ച്‌ പോള്‍ കറുകപ്പള്ളില്‍ സംസാരിച്ചു. ജോണ്‍ പി. ജോണ്‍, വിനോദ്‌ കെയാര്‍കെ, ജോയി ഇട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഫൊക്കാനയുടെ 2016-ലെ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുവാന്‍ അംഗ സംഘടനകള്‍ അണിചേരണമെന്ന്‌ പമ്പ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ ചെയര്‍മാന്‍ തമ്പി ചാക്കോ ആഹ്വാനം ചെയ്‌തു.
ഷാജി വര്‍ഗീസ്‌ (മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി), ആനി ലിബി (കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി), സജി പോത്തന്‍ (ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍)
എന്നിവരും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി സെക്രട്ടറി ബോബി ജേക്കബ്‌, പമ്പ ട്രഷറര്‍ ഫിലിപ്പോസ്‌ ചെറിയാന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. പമ്പ ജനറല്‍ സെക്രട്ടറി അലക്‌സ്‌ തോമസ്‌ നന്ദി പറഞ്ഞു.