ഫൊക്കാനാ മഹോത്സവത്തിന്‌ ചിക്കാഗോയില്‍ ഉജ്വല തുടക്കം

 

80446_fok_mani_2ചിക്കാഗോ: ജൂലൈ ഫോര്‍ത്ത്‌ ആഘോഷങ്ങളില്‍ മുഴുകിയ വിന്‍ഡി സിറ്റിക്ക്‌ വര്‍ണ്ണപ്പൊലിമയും താളപ്പൊലിമയും നല്‍കി ഫൊക്കാനാ മഹോത്സവത്തിന്‌ കൊടിയേറി.

ഒഹയര്‍ ഹയറ്റ്‌ റീജന്‍സി ഹോട്ടലിനു മുന്നില്‍ താളമേളങ്ങളോടെ അരങ്ങേറിയ ഘോഷയാത്ര കസ്‌തൂര്‍ബാ നഗറില്‍ പ്രവേശിച്ചതോടെ കണ്‍വന്‍ഷനു തുടക്കമായി. സാംസ്‌കാരിക-പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്‌, മുന്‍ മന്ത്രി ബിനോയ്‌ വിശ്വം, കോട്ടയം ഡി.സി.സി പ്രസിഡന്റ്‌ ടോമി കല്ലാനി, ശാന്തിഗിരി ആശ്രമം സെക്രട്ടറി ഗുരു ജ്ഞാനരത്‌നം തപസ്വി, ലളിതകലാ അക്കാഡമി ചെയര്‍മാനും, മനോരമ വീക്ക്‌ലി പത്രാധിപരുമായ കെ.എ. ഫ്രാന്‍സീസ്‌ എന്നിവര്‍ക്കൊപ്പം ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പിള്ളി, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, കണ്‍വന്‍ഷന്‍ ചെയര്‍ ജോയി ചെമ്മാച്ചേല്‍, റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ലെജി പട്ടരുമഠത്തില്‍ തുടങ്ങിയവര്‍ നയിച്ച ഘോഷയാത്രയ്‌ക്ക്‌ മൂന്നു സെറ്റ്‌ ചെണ്ടമേളം അകമ്പടിയായി. കാവടിയേന്തിയ കുട്ടികളും താലപ്പൊലിയും, കേരളീയ വസ്‌ത്രങ്ങളുമായി വനിതകളും അണിനിരന്നപ്പോള്‍ കേരളത്തനിമയുടെ പുനരാവിഷ്‌കാരമായി.

ന്യൂജേഴ്‌സിയില്‍ നിന്നു വന്ന ജോസ്‌ലിന്‍ അമേരിക്കന്‍ ദേശീയ ഗാനവും, ടെക്‌സാസില്‍ നിന്നു വന്ന നാന്‍സി വര്‍ഗീസ്‌ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ആര്‍ദ്ര ബാലചന്ദ്രനായിരുന്നു എം.സി.

വനിതാ സംവരണത്തിനു ഇന്ത്യയില്‍ നിയമമുണ്ടാക്കിയെങ്കിലും അതു ഫലപ്രദമാകാതെ പോയതു ചൂണ്ടിക്കാട്ടിയാണ്‌ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌ സ്വാഗത പ്രസംഗം ആരംഭിച്ചത്‌. എന്നാല്‍ വനിതയെ പ്രസിഡന്റാക്കിയും യുവ തലമുറയ്‌ക്ക്‌ നേതൃത്വത്തില്‍ പ്രാതിനിധ്യം നല്‍കിയും ഫൊക്കാനാ മാതൃകയായി. പ്രവര്‍ത്തിയിലൂടെ ജനമനസിനെ കീഴിടക്കുന്ന ഫൊക്കാനാ പ്രസിഡന്റിനെയാണ്‌ രണ്ടുവര്‍ഷം ലോകം കണ്ടത്‌. ഏതു വിഷമഘട്ടത്തില്‍പ്പെട്ടവര്‍ക്കും സഹായമെത്തിക്കാന്‍ മടി കാട്ടാത്ത വ്യക്തിയാണവര്‍. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അവര്‍ നല്‌കിയ നേതൃത്വം വിസ്‌മരിക്കാനാവില്ല. നാട്ടില്‍ കാലില്ലാത്തവര്‍ക്ക്‌ കൃത്രിമ കാല്‍ നല്‍കുന്ന പദ്ധതി വിജയകരമായെന്നു മാത്രമല്ല, ഭാവിയിലും തുടര്‍ന്നുപോകാവുന്ന അനുകരീണയ പദ്ധതിയായി.

കേരള ഗവണ്‍മെന്റ്‌ ഫൊക്കാനയ്‌ക്ക്‌ നല്‍കുന്ന അംഗീകാരം കേരളത്തില്‍ മതസൗഹാര്‍ദ്ദ റാലി നടത്തിയപ്പോള്‍ ഒരിക്കല്‍കൂടി തെളിഞ്ഞതാണ്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ ആരംഭിച്ച്‌ കൊച്ചിയില്‍ സമാപിച്ച ജാഥയ്‌ക്ക്‌ കേരള സര്‍ക്കാര്‍ വേണ്ട ഒത്താശ ചെയ്‌തു. സമാപനത്തില്‍ മിക്ക മന്ത്രിമാരും പങ്കെടുത്തു. ഇതില്‍ ഫൊക്കാനയ്‌ക്ക്‌ ഗവണ്‍മെന്റിനോട്‌ ഏറെ നന്ദിയും കടപ്പാടുമുണ്ട്‌.

വേദിയിലുണ്ടായിരുന്ന ഗുരു ഞ്‌ജാനരത്‌നം തപസ്വിയെ മതാതീത ആത്മീയതയുടെ വക്താവെന്ന്‌ ടെറന്‍സണ്‍ വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യവും ഉപദേശങ്ങളും ഫൊക്കാനായെ ധന്യമാക്കുന്നു.

ഫൊക്കാനയുടെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ടെന്നു പ്രസിഡന്റ്‌ മറിയാമ്മ പിള്ള പറഞ്ഞു. സമൂഹത്തിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കാന്‍ നാം ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്‌. ഫൊക്കാനയുടെ സംഭാവനകള്‍ പല രംഗത്തും ഏറെയുണ്ട്‌. മതസൗഹാര്‍ദ്ദ സമ്മേളനം, കൃത്രിമ കാല്‍ കൊടുക്കുന്ന പദ്ധതി, ദേശീയ തലത്തില്‍ നടത്തുന്ന സ്‌പെല്ലിംഗ്‌ ബീ തുടങ്ങിയവയൊക്കെ ഏറെ ശ്രദ്ധേയമാണ്‌.

നിരവധി കണ്‍വന്‍ഷനുകളിലും പ്രവര്‍ത്തനങ്ങളിലുമായി ഫൊക്കാനാ വരുംകാലങ്ങളിലും നിലനില്‍ക്കുമെന്ന്‌ തനിക്ക്‌ ഉറപ്പുണ്ടെന്ന്‌ അവര്‍ പറഞ്ഞു. നമ്മുടെ സംസ്‌കാരവും ഭാഷയും പുതുതലമുറയിലൂടെ സംരക്ഷിക്കാന്‍ ഫൊക്കാനയ്‌ക്ക്‌ കഴിയും.

മറ്റേതു സംഘടനയേക്കാളും ജനങ്ങളുമായി ഇമെയില്‍ വഴി ബന്ധം ഫൊക്കാനയ്‌ക്കാണ്‌. സ്വാമി വിവേകാനന്ദന്റെ പാദസ്‌പര്‍ശത്താല്‍ ധന്യമായ ചിക്കാഗോയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെയാണ്‌ തനിക്കും ഉദ്ധരിക്കാനുള്ളത്‌. `പിന്നോക്കം നോക്കാതെ മുന്നോട്ടുതന്നെ പോകുക. അനന്തമായ ഊര്‍ജവും ഉത്സാഹവും ക്ഷമയും കൈമുതലായി കരുതുക. അങ്ങനെയെങ്കില്‍ മാത്രമേ നമുക്ക്‌ മഹത്തായ കാര്യങ്ങള്‍ ചെയ്യാനാവൂ’ നിറഞ്ഞ കൈയ്യടിയോടെ ജനങ്ങള്‍ അവരുടെ പ്രസംഗത്തെ എതിരേറ്റു.

തുടര്‍ന്ന്‌ മന്ത്രി കെ.സി. ജോസഫ്‌, മറിയാമ്മ പിള്ള, ബിനോയി വിശ്വം, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പിള്ളി, ഫാ. ഡേവിഡ്‌ ചിറമേല്‍ തുടങ്ങിയവര്‍ നിലവിളക്ക്‌ കൊളുത്തിയതോടെ കണ്‍വന്‍ഷന്‌ ഔപചാരികമായ തുടക്കമായി.

നാട്ടില്‍ നിന്നു വന്ന പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ അംഗം സിമി റോസ്‌ബെല്‍ ജോണ്‍, പത്തനംതിട്ട ഡി.സി.സി സെക്രട്ടറി മാമ്മന്‍ കൊണ്ടൂര്‍, പുളിക്കീഴ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഈപ്പന്‍ കുര്യന്‍ (773 301 5721), നോവലിസ്റ്റ്‌ ബെന്യാമിന്‍ തുടങ്ങിയവര്‍ ഫൊക്കാനയുടെ വിവിധ സാരഥികള്‍ക്കൊപ്പം വേദിയില്‍ ഉപവിഷ്‌ടരായിരുന്നു.

ഫൊക്കാനാ സുവനീറിന്റെ പ്രകാശനത്തിന്‌ ജോസ്‌ തോമസ്‌, മന്ത്രി കെ.സി ജോസഫ്‌, ബിനോയി വിശ്വം. മറിയാമ്മ പിള്ള, സുവനീറിന്റെ അണിയറ ശില്‍പിയായ അഡ്വ രതീദേവി എന്നിവരെ ക്ഷണിച്ചു.സുവനീര്‍ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

ഫൊക്കാനാ നേതാക്കളായ എം. അനിരുദ്ധന്‍, പോള്‍ കറുകപ്പിള്ളി, ടി.എസ്‌ ചാക്കോ എന്നിവര്‍ക്കു പുറമെ മാമ്മന്‍ കൊണ്ടൂര്‍, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം തുടങ്ങിയവര്‍ക്ക്‌ അവാര്‍ഡുകള്‍ നല്‍കി. ലെജി പട്ടരുമഠത്തില്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ന്യൂയോര്‍ക്കില്‍ നിന്ന്‌ ലൈസി അലക്‌സിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കേരളീയ ഡാന്‍സ്‌, ഉത്സവമേളം, കോമഡി സ്‌കിറ്റുകള്‍, ഡാന്‍സുകള്‍ എന്നിവ അര്‍ധരാത്രിവരെ നീണ്ടു.

Other News