ന്യൂയോര്ക്ക്: രണ്ടു ദശാബ്ദത്തിനുശേഷം കാനഡയില് തിരിച്ചെത്തുന്ന ഫൊക്കാന കണ്വന്ഷന് മികവുറ്റ പരിപാടികള് കൊണ്ടും പങ്കെടുക്കുന്നവരുടെ എണ്ണംകൊണ്ടും മികവുറ്റതായിരിക്കുമെന്നു ഫൊക്കാന ഭാരവാഹികള്. പുതുമയാര്ന്ന പരിപാടികള് അവതരിപ്പിക്കുന്ന കണ്വന്ഷനായി 40-ല്പ്പരം കമ്മിറ്റികള് പ്രവര്ത്തനമാരംഭിച്ചതായി ഇന്ത്യാ പ്രസ് ക്ലബില് നടത്തിയ പത്രസമ്മേളനത്തില് ഫൊക്കാന പ്രസിഡന്റ് ജോണ് പി. ജോണ്, സെക്രട്ടറി വിനോദ് കെയാര്കെ. ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര് ജോയി ഇട്ടന്, വനിതാ ഫോറം ചെയര്ലീല മാരേട്ട്, പി.ആര്.ഒ ശ്രീകുമാര് ഉണ്ണിത്താന് തുടങ്ങിയവര് ചൂണ്ടിക്കാട്ടി.

ജനറല് സെക്രട്ടറി വിനോദ് കെയാര്കെ ആമുഖ പ്രസംഗം നടത്തി.

യുവജനതയെ പങ്കെടുപ്പിക്കാനായി ഉദയകുമാര് മെമ്മോറിയല് വോളിബോള് ടൂര്ണമെന്റും വിവിധ കായികമത്സരങ്ങളും നടത്തും. മിസ് ഫൊക്കാന, മലയാളി മങ്ക മത്സരങ്ങള് വര്ണ്ണാഭമാക്കുക മാത്രമല്ല, ജഡ്ജിമാരായി അറിയപ്പെടുന്ന സിനിമാതാരങ്ങളെ കൊണ്ടുവരികയും ചെയ്യും. മിസ് ഫൊക്കനയ്ക്ക് മിസ് കേരള മത്സരത്തില് പങ്കെടുക്കാന് അവസരമുണ്ടാകും.

പ്രവാസി ചനല് നടത്തിയ നാമി (നോര്ത്ത് അമേരിക്കന് മലയാളി ഓഫ് ദി ഇയര്) അവാര്ഡിന്റെ മാതൃകയില് മലയാള സിനിമാ രംഗത്തുള്ളവര്ക്കായി പ്രത്യേക അവാര്ഡ് നല്കുന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഓണ്ലൈന് വോട്ടിംഗ് വഴിയാണ് മികച്ച നടന്, നടി, സംവിധായകന് തുടങ്ങി 11 വിഭാഗങ്ങളിലുള്ളവരെ തെരഞ്ഞെടുക്കുക. വിജയികളാകുന്നവരെ കണ്വന്ഷനിലേക്ക് ക്ഷണിക്കും.

ഫൊക്കാന സ്റ്റാര് സിംഗര് മത്സരത്തില് ഒന്നും രണ്ടും സ്ഥാനങ്ങള് നേടുന്നവര്ക്ക് സിനിമയില് പാടാന് അവസരമുണ്ടാക്കുകയാണ് മറ്റൊന്ന്.

ഇവയ്ക്കു പുറമെ ഗ്ലിംപ്സസ് ഓഫ് ഇന്ത്യ മത്സരം, ഷോര്ട്ട് ഫിലിം മത്സരം, സാഹിത്യ മത്സരങ്ങള് എന്നിവയും 56 കളി ടൂര്ണമെന്റും സംഘടിപ്പിക്കും.

കണ്വന്ഷന് രജിസ്ട്രേഷന് ആരംഭിച്ചുകഴിഞ്ഞു. 850 ഡോളറാണ് ത്രിദിന കണ്വന്ഷന് രജിസ്ട്രേഷന് തുക. മുന്നൂദിവസത്തെ ഹോട്ടല് താമസം, ഇന്ത്യന് ഭക്ഷണം, കലാപരിപാടികള് എന്നിവയൊക്കെ ഇതില് ഉള്പ്പെടും.

ടൊറന്റോയിലെ മികച്ച ഹോട്ടലായ മാര്ക്കം ഹില്ട്ടണ് ജൂലൈ 1,2,3, 4 തീയതികളിലാണ് കണ്വന്ഷന്.

സേവന രംഗത്തും സംഘടനാരംഗത്തും ഒട്ടേറെ കാര്യങ്ങള് ചെയ്യാന് കഴിഞ്ഞതായി ജോണ് പി. ജോണ് പറഞ്ഞു. മാധ്യമങ്ങളില് നിറഞ്ഞുനില്ക്കുന്നതിനു പകരം നിശബ്ദമായ പ്രവര്ത്തനങ്ങളാണ് തങ്ങള് ലക്ഷ്യമിടുന്നത്.

കോട്ടയത്ത് നടന്ന കേരളാ കണ്വന്ഷന് വിജയകരമായിരുന്നു എന്നുമാത്രമല്ല നഷ്ടമൊന്നുമില്ലാതെയാണ് അതു നടത്തിയതും. ഭരണഘടനാ പ്രകാരം ഓരോ വര്ഷവും ജനറല്ബോഡി കൂടണമെന്നതിനാല് ഒക്ടോബര് 24-ന് ന്യൂജേഴ്സിയില് ജനറല്ബോഡി സമ്മേളനം നടക്കും. പതിവു കാര്യങ്ങളല്ലാതെ പ്രത്യേക അജണ്ടയൊന്നുമില്ല-ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില്
പറഞ്ഞു

ജനകീയ പ്രസ്ഥാനമെന്ന നിലയ്ക്ക് ഫൊക്കാന അജയ്യമായി നില്ക്കുന്നു. കണ്വന്ഷന് ഉന്നത നിലവാരം പുലര്ത്തുകയും നല്ലൊരു തുക ചാരിറ്റിയ്ക്കായി സമാഹരിക്കുകയും ചെയ്യുമെന്ന് ട്രഷറര് ജോയി ഇട്ടന് പറഞ്ഞു.

മുമ്പൊക്കെ കണ്വന്ഷന് അടുക്കുമ്പോഴാണ് വനിതാ ഫോറം പ്രവര്ത്തനം ആരംഭിക്കുകയെന്ന് ലീല മാരേട്ട് ചൂണ്ടിക്കാട്ടി. ഇപ്പോഴത് മാറി. ഹെല്ത്ത് സെമിനാര്, ബ്രെസ്റ്റ് കാന്സര് വാക്ക്, അവയവദാനത്തിനുള്ള ബോധവത്കരണം, സൂപ്പ് കിച്ചണിലും മറ്റുമുള്ള സേവനം തുടങ്ങി വിവിധ പ്രവര്ത്തനങ്ങള് വനിതാ ഫോറം നടത്തിവരുന്നു.

ഹില്ട്ടണ് ഹോട്ടലില് 500 മുറികളാണുള്ളത്. ആവശ്യമെങ്കില് സമീപത്തും ഹോട്ടലുകളുണ്ട്. കഴിഞ്ഞ കണ്വന്ഷന് മിച്ചമൊന്നും വരുത്തിയില്ലെങ്കിലും ഫൊക്കാനയ്ക്ക് നഷ്ടമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് പോള് കറുകപ്പള്ളില് പറഞ്ഞു. കണ്വന്നിലും മറ്റും നഷ്ടംവന്നാല് പ്രസിഡന്റും മറ്റുമാണ് അതു നികത്തുന്നത്.

താന് സ്ഥാനമേറ്റതിനുശേഷമുള്ള ഫൊക്കനയുടെ കണക്ക് ലഭ്യമാണെന്നും ആര്ക്കുവേണമെങ്കിലും അതു പരിശോധിക്കാമെന്നും ജോണ് പി. ജോണ് പറഞ്ഞു. ഫൊക്കാനയുടെ കാര്യം മാത്രമേ പറയാറുള്ളൂ. മറ്റു സംഘടനകളെ കുറ്റം പറയാനോ, ചെറുതാക്കി കാണിക്കാനോ തയാറല്ല എന്നു മാത്രമല്ല, എല്ലാവരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാന് ശ്രമിക്കുന്നുമുണ്ട്.

കാനഡയും യു.എസും വ്യത്യസ്ത രാജ്യങ്ങളായതിനാല് വ്യത്യസ്ത താത്പര്യങ്ങള് ഉണ്ടാവാമെങ്കിലും ഫൊക്കാന രണ്ടു രാജ്യങ്ങളിലുമുള്ളവര്ക്കായി പ്രവര്ത്തിക്കുന്നതില് അസാംഗത്യമോ പ്രശ്നങ്ങളോ ഇല്ല. മലയാളി സമൂഹം രണ്ടിടത്തും ഒരേപോലെയുള്ള പ്രശ്നങ്ങളാണ് നേരിടുന്നത്- ഭാരവാഹികള്ക്കെല്ലാവര്ക്കും ഇക്കാര്യത്തില് ഒരേ അഭിപ്രായംതന്നെ.

വെല്ലുവിളികളേയും പ്രതിസന്ധികളേയും പറ്റി ഭയമൊന്നുമില്ലെന്ന് ജോണ്. പി ജോണ് പറഞ്ഞു. ഹോട്ടല് ബുക്കു ചെയ്തു കഴിഞ്ഞു.

ലാഭമൊന്നുമില്ലാത്തതുകൊണ്ടാണ് കണക്കുകള് അവതരിപ്പിക്കാന് ചിലപ്പോള് വൈകാറുള്ളതെന്നു പോള് കറുകപ്പള്ളില് പറഞ്ഞു. ട്രസ്റ്റി ബോര്ഡിന്റെ നിയന്ത്രണത്തില് കരുതല് തുകയുമുണ്ട്.

ഫൊക്കാന 1983-ല് തുടങ്ങിയപ്പോള് 10 സംഘടനകളാണുണ്ടായിരുന്നത്. 25 മൈലിനുള്ളില് ഒരു സംഘടനയേ പാടുള്ളൂ എന്നാണ് ഭരണഘടന പറയുന്നത്. അതിനാല് ഒരേ സ്ഥലത്ത് രണ്ടും മൂന്നും സംഘടനകളുണ്ടാക്കിയാല് അവര്ക്ക് ഫൊക്കാന അംഗത്വം കൊടുക്കാറില്ല.

ഫോമയും ഫൊക്കാനയും ഒന്നിക്കില്ലെന്നൊന്നും പറയാനാവില്ലെന്നു ജോണ് പി. ജോണ് പറഞ്ഞപ്പോള് ഇതു സംബന്ധിച്ച് ഒരു ചര്ച്ചയും നടന്നിട്ടില്ലെന്നു പോള് ചൂണ്ടിക്കാട്ടി. ഫൊക്കാനയില് അംഗങ്ങളായ 40 സംഘടനകള് ആവശ്യപ്പെട്ടാല് ഐക്യം ഉണ്ടാക്കാം.

മുപ്പത്തേഴു വര്ഷമായി പ്രവര്ത്തനനിരതമായ ഫൊക്കാനയിലേക്ക് ആരു വന്നാലും സ്വാഗതം ചെയ്യുമെന്ന് വിനോദ് കെയാര്കെ പറഞ്ഞു. അതിനായി സ്ഥാനമാനങ്ങള് ഉപേക്ഷിക്കാനും തങ്ങള് തയാറാണ്.

പല തട്ടിലുള്ള ചാരിറ്റി പ്രവര്ത്തനങ്ങള് ചെയ്തു കൊണ്ടിരിക്കുന്നതായി പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു. നിര്ധനരായ രോഗികള്ക്ക് ചികിത്സാ സഹായവും മറ്റും ലഭ്യമാക്കുകയാണ് കൂടുതലായി നടക്കുന്നത്.

രാഷ്ട്രീയക്കാരെ കൂടുതലായി കണ്വന്ഷനിലേക്ക് കൊണ്ടുവരാന് താത്പര്യമില്ല. കോട്ടയം കണ്വന്ഷനിലേക്ക് തന്റെ സഹപാഠിയായ മന്ത്രിയെ ക്ഷണിച്ചിട്ട് കൊണ്ടുവരാന് കാലുപിടിക്കേണ്ടി വന്നത് ജോണ് പി. ജോണ് ചൂണ്ടിക്കാട്ടി. പോരെങ്കില് എന്തു പ്രയോജനമാണുള്ളത്?

ഇരുപത് വര്ഷം മുമ്പ് ഫൊക്കാന സമാഹരിച്ച രണ്ടു ലക്ഷം രൂപ മന്ത്രിക്ക് കൈമാറാന് തന്റെ പക്കല് തന്നുവിട്ട കാര്യവും ജോണ് പി. ജോണ് അനുസ്മരിച്ചു. അതു കൊടുക്കാന് മൂന്നു ദിവസം തിരുവനന്തപുരത്ത് താമസിക്കേണ്ടിവന്നു. മന്ത്രിയെ കണ്ട് കൊടുത്തപ്പോഴാകട്ടെ ആരാ എന്താ എന്നു പോലും ചോദിക്കാതെ സെക്രട്ടറിയെ ഏല്പിക്കുകയായിരുന്നു.

മന്ത്രിമാര് വന്നതുകൊണ്ട് സംഘടനയ്ക്ക് പ്രത്യേക ചെലവൊന്നും ഉണ്ടാകില്ലെന്ന് പോള് പറഞ്ഞു. പ്രാദേശിക നേതാക്കളെ കൊണ്ടുവരുന്നതാണ് പ്രശ്നം. കേരളവുമായി പൊക്കിള്കൊടി ബന്ധമുള്ള സംഘടനയെന്ന നിലക്ക് രാഷ്ട്രീയക്കാരെ അങ്ങനെയങ്ങു ഒഴിവാക്കാനാവില്ലെന്നു ജോയി ഇട്ടനും ചൂണ്ടിക്കാട്ടി.

ഫൊക്കാന അവാര്ഡിനുള്ള വോട്ടിംഗ് ജനുവരി ഒന്നു മുതല് ഏപ്രില് 30 വരെ ആയിരിക്കും.
ജനകീയ സംഘടന എന്ന നിലയില് ഇലക്ഷന് ഇല്ലാതാവില്ലെന്ന് പോള് ചൂണ്ടിക്കാട്ടി. അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് തമ്പി ചാക്കോ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്ത്ഥി പട്ടിക വന്നാലേ മത്സരം ഉണ്ടാകുമോ എന്നു ഉറപ്പിക്കാനാകൂ. മത്സരം ഉണ്ടായാലും അതു സംഘടനയുടെ ഐക്യത്തെ ബാധിക്കില്ല.

കണ്വന്ഷന് ന്യൂയോര്ക്കില് വരുമ്പോള് പ്രസിഡന്റ് സ്ഥാനം കിട്ടണമെന്ന് ആഗ്രഹിക്കുന്നതായി സീനിയര് നേതാവായ ലീല മാരേട്ട് പറഞ്ഞപ്പോള് കണ്വന്ഷന്റെ സ്ഥലത്തുനിന്ന് തന്നെ പ്രസിഡന്റ് വേണമെന്നു ഭരണഘടനാ നിബന്ധനയൊന്നുമില്ലെന്നു മുന് സെക്രട്ടറി ടെറന്സണ് തോമസ് ചൂണ്ടിക്കാട്ടി.

സംഘടനയെ സ്നേഹിക്കുന്നവരാണ് നേതൃത്വത്തില് വരേണ്ടതെന്ന് ജോണ് പി. ജോണ് പറഞ്ഞു. സംഘടനകളെ പള്ളിക്കാര് വിഴുങ്ങുന്ന സ്ഥിതി ഇപ്പോഴുണ്ട്. ആര്ക്കും ഏതു മതത്തിലും വിശ്വസിക്കാം. പക്ഷെ ഫൊക്കാന അതു കണക്കിലെടുക്കില്ലെന്ന് ടെറന്സണ് ചൂണ്ടിക്കാട്ടി. ചിക്കാഗോയില് കണ്വന്ഷന് സമയത്ത് മാര്ത്തോമാ -ക്നാനായ കണ്വന്ഷനുമുണ്ടായിരുന്നു. പക്ഷെ മതപരമായ കണ്വന്ഷനെ പേടിച്ച് ഫൊക്കാന കണ്വന്ഷന് മാറ്റുവാന് തങ്ങള് തയാറായില്ല. ഇനി മാറ്റുകയുമില്ല. അത് ഉറച്ച തീരുമാനമാണ്.

യുവജനത വരണമെങ്കില് സ്പോര്ട്ട്സിനു പ്രധാന്യം നല്കണമെന്ന് ലൈസി അലക്സ് പറഞ്ഞു. ഷോര്ട്ട് ഫിലിം ഫെസ്റ്റിവലും മികച്ച ഗായകരെ കണ്ടെത്താനുള്ള മത്സരവുമൊക്കെ മികച്ച നിലവാരം പുലര്ത്തുമെന്ന് ശബരിനാഥ് പറഞ്ഞു.

ന്യൂയോര്ക്ക് റീജിയണല് കണ്വന്ഷന് നവംബര് 14-ന് നടക്കുമെന്ന് റീജിയണല് സെക്രട്ടറി അലക്സ് തോമസ് അറിയിച്ചു.

പത്രസമ്മേളനത്തില് വി.എ. ഉലഹന്നാന്, സുധാ കര്ത്താ, കെ.പി. ആന്ഡ്രൂസ്, ശോശാമ്മ ആന്ഡ്രൂസ്, ഷെവ. ഇട്ടന് ജോര്ജ് പാടിയേടത്ത്, തോമസ് കൂവള്ളൂര്, ഗണേഷ് നായര്, ഷാജിമോന് വെട്ടം, ജോണ് പോള്, രാജന് ജേക്കബ്, ബാല വിനോദ്, ജസി കാനാട്ട്, ഡോ. നന്ദകുമാര് ചാണയില്, ജോര്ജുകുട്ടി ഉമ്മന്, രാജന് ടി. ജേക്കബ്, ലിജോ ജോണ്, ഷാജി വര്ഗീസ്, മാധവന് ബി. നായര്, ജോസ് തോമസ് തുടങ്ങിയവര് പങ്കെടുത്തു.

മാധ്യമ പ്രവര്ത്തകരായ ജോക്കബ് റോയി, സണ്ണി പൗലോസ്, ടാജ് മാത്യു, ജോസ് കാടാപ്പുറം, സുനില് ട്രൈസ്റ്റാര്, ജോര്ജ് ജോസഫ്, ജെ. മാത്യൂസ്, പ്രിന്സ് മാര്ക്കോസ്, ജേക്കബ് മാനുവല്, മാത്യു മുണ്ടാടന് തുടങ്ങിയവര് പങ്കെടുത്തു.