ന്യൂജേഴ്‌സി: ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്ന് ആതുര സേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന നേഴ്‌സുമാര്‍ക്കായി നൈറ്റിങ്ങേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.

ഫൊക്കാന പ്രെസിഡെന്റ് ശ്രീ മാധവന്‍ നായര്‍ സെക്രട്ടറി ടോമി കൊക്കാട് എന്നിവര്‍ സംയുക്തമായി നല്‍കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ നിരവധി നേഴ്‌സുമാരാണ് ജോലിചെയ്യുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്കു കൈത്താങ്ങായി നില്‍ക്കാനും തങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്ന ധര്‍മ്മ ബോധമാണ് ഈ തീരുമാനത്തിന് കാരണമെന്നു പ്രസിഡന്റ് മാധവന്‍ നായര്‍ പറഞ്ഞു.

കേരളത്തില്‍ 2019 ല്‍ നടക്കുന്ന കേരള കണ്‍വെന്‍ഷനില്‍ ആയിരിക്കും അവാര്‍ഡ് ദാനം നടത്തുക . അര്‍ഹരായ നേഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനായി ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തിയതായും അവര്‍ അറിയിച്ചു.

മറിയാമ്മ പിള്ള ഈകമ്മറ്റിയുടെ ചെയര്‍ പേഴ്‌സണ്‍ ആയിരിക്കും. വിമെന്‍ ചെയര്‍ പേഴ്‌സണ്‍ ആയ ലിസി അലക്‌സ് കോഓര്‍ഡിനേറ്റര്‍ ആയിരിക്കും. മേരി ഫിലിപ്, എല്‍സി വിതയത്തില്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളായിരിക്കും. കേരളാ കണ്‍വെന്‍ഷന്‍ ഫിനാലെ സമ്മേളനത്തില്‍ ആയിരിക്കും അവാര്‍ഡ് വിതരണം ചെയ്യുക.