ഫോക്കാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇനി ഏതാനും മണി കൂറുകള്‍ മാത്രം

 

80353_kada

ചിക്കാഗോ: 2014 ജൂലായ്‌ 4,5,6 തിയ്യതികളില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‌ ചിക്കാഗോ ഹയാറ്റ്‌ റസിഡന്‍സി അരങ്ങൊരുങ്ങുന്നു. മിറയാമ്മ പിള്ള പ്രസിഡന്റും, പോള്‍ കറുകപ്പിള്ളി ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാനും എന്നീ പദവികള്‍ അലങ്കരിക്കുന്ന ഫൊക്കാനയുടെ പ്രവര്‍ത്തന മേഖലകള്‍ നിരവധിയാണ്‌. ബഹുമുഖപ്രതിഭകള്‍ സമ്മേളിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഈ സംഘടന എന്നും ഈടുറ്റ സംഭാവനകള്‍ നല്‍കി തല ഉയര്‍ത്തി നില്‍ക്കുന്നതില്‍ നമുക്കഭിമാനിക്കാം .കേരളത്തില നിന്നുള്ള സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‌ഭ മതികള്‍ പങ്കെടുക്കുന്നതുകൊണ്ട്‌ സമ്മേളം ഒരു ഉത്സവം ആയി തീരും എന്ന്‌ പ്രതീഷിക്കാം.

ജൂലൈ നാലാം തീയതി അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ നാനാ ഭാഗത്തുനിന്നുമെത്തുന്ന പ്രതിനിധികളെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കുവാന്‍ വിവിധങ്ങളായ വിപുല പരിപാടികള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. നൂറുകണക്കിന്‌ ബാലികമാരും യുവതരുണീമണികളും കേരളത്തനിമയോടെ ആടയാഭരണങ്ങളണിഞ്ഞ്‌ മൈലാഞ്ചി അണിഞ്ഞ കരങ്ങളില്‍ താലപ്പൊലിയുമായും അനേകം യുവജനങ്ങള്‍ വര്‍ണ്ണശബളമായ മുത്തുക്കുടകളും കൊടിതോരണങ്ങളുമായും ചിക്കാഗോയിലെ സാമൂഹ്യസാംസ്‌ക്കാരികരംഗത്തെ പ്രഗല്‍ഭരായവര്‍ അണിയിച്ചൊരുക്കുന്ന വാദ്യചെണ്ടമേളങ്ങളുടെ അകമ്പടിയുമായും കേരളകലാരൂപങ്ങള്‍ നൃത്തമാടിയും സമ്മേളനവേദിയില്‍ അതിഥികളെ സ്വീകരിക്കുവാന്‍ ഒത്തുകൂടുന്നു. തുടര്‍ന്ന്‌ വിപുലമായ പ്രൊസഷനോടെ അംഗങ്ങളും പ്രതിനിധികളും സമ്മേളനഹാളിലേക്കു പുറപ്പെടുന്നതും സമ്മേളനഹാളിലെത്തുന്നതോടെ ഫൊക്കാന കണ്‍വന്‍ഷന്റെ തിരശീല ഉയരുകയായി. കേരള മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച്‌ സാംസ്‌കാരിക മന്ത്രി ശ്രീ.കെ.സി.ജോസഫ്‌ സമ്മേളനം ഉത്‌ഘാടനം ചെയ്യും.

കണ്‍വന്‍ഷന്റെ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്‌ഠയോടും, വിപുലമായ ഒരുക്കങ്ങളോടെയുമാണ്‌ പ്രസിഡന്റ്‌ മിറയാമ്മ പിള്ള യുടെ നേതൃത്തില്‍ ക്രമീകരിച്ചിരിക്കുന്നത്‌ ഇതു തന്നെ ഈ സമ്മേളനം വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക .

പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ മുന്‍ ജലസേചന വകുപ്പ്‌ മന്ത്രിയും ആര്‍.എസ്‌.പി നേതാവും, പാര്‍ലമെന്റ്‌ അംഗവുമായ എന്‍.കെ. പ്രേമചന്ദ്രന്‍, സി.പി.ഐ നേതാവും മുന്‍ കേരളാ വനംവകുപ്പ്‌ മന്ത്രിയുമായ ബിനോയി വിശ്വം തുടങ്ങിയ അമേരിക്കയിലേയും ഇന്ത്യയിലേയും പ്രശസ്‌ത സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും.

പ്രശസ്‌ത സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ജയന്‍ മുളങ്ങാടും, കലാ
സാംസ്‌കാരിക പ്രവര്‍ത്തകനും പ്രശസ്‌ത ശാസ്‌ത്രജ്ഞനുമായ ഡോ. ശ്രീധരന്‍
കര്‍ത്തായുമടങ്ങുന്ന സംഘം ഒരുക്കിയ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാശില്‌പം
അരങ്ങേറുന്നതിലൂടെ ആദ്യ ദിന പരിപാടി കളുടെ കാതലായ ഭാഗം നടന്നു കഴിയും അതിനു ശേഷം കാനഡയില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനത്തോടെ ആദ്യ ദിനം അവസാനിക്കും .

ജൂലൈ അഞ്ചിന്‌ ശനിയാഴ്‌ച രാവിലെ മുതല്‍ നടക്കുന്ന ടാലന്റ്‌ യൂത്ത്‌ ഫെസ്റ്റിവല്‍ കോമ്പറ്റീഷനില്‍ ക്ലാസിക്കല്‍, നോണ്‍ ക്ലാസിക്കല്‍ നൃത്തങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മത്സരങ്ങളും, സംഗീതം, ഗ്രൂപ്പ്‌ ഡാന്‍സ്‌ മത്സരങ്ങളും നടക്കും.

ഫോക്കാന സ്‌പെല്ലിങ്ങ്‌ ബീ നാഷണല്‍ കോര്‍ഡിനേറ്റര്‍ വര്‍ഗീസ്‌ ഉലഹന്നാന്റേയും, ഫോക്കാന സ്‌പെല്ലിങ്ങ്‌ ബീ കണ്‍വീനര്‍ ഗണേഷ്‌ നായരുടേയും മേല്‍നോട്ടത്തില്‍ നടക്കുന്ന ഫൊക്കാനയുടെ
തിലകക്കുറിയായ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‌ 3000 ഡോളര്‍, 1000 ഡോളര്‍, 500, 300, 200 എന്നീ ക്രമത്തില്‍ സമ്മാനങ്ങളും ട്രോഫികളും നല്‍കും.

സര്‍ഗ്ഗവാസനകള്‍ കണ്ടെത്തി പ്രതിഭകളെ വളര്‍ത്തി മുന്‍നിരയിലെത്തിക്കുവാന്‍ സംഘാടകര്‍ അക്ഷീണ പരിശ്രമം നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന ഒരു വിരുന്നു തന്നെയാണ്‌ നാഷ്‌ണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം. സ്‌പെല്ലിങ്‌ ബീ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ്‌ ഉലഹന്നാനും, സ്‌പെല്ലിങ്‌ബീ കണ്‍വീനര്‍ ഗണേഷ്‌ നായരും റീജിനല്‍ ജേതാക്കള്‍ക്കായി ഹയാറ്റ്‌ റസിഡന്‍സിയില്‍ അഞ്ചാം തീയതി 2 മുതല്‍ 5 മണിവരെ സ്‌പെല്ലിങ്ങ്‌ ബീ മത്സരം നടത്തുന്നതാണ്‌. വിജയികളെ കാത്തിരിക്കുന്ന ആകര്‍ഷകമായ സമ്മാനങ്ങള്‍: ചാമ്പ്യന്‍ഷിപ്പ്‌ $3000, ഫസ്റ്റ്‌ റണ്ണറപ്പ്‌ $1000, രണ്ടാം സ്ഥാനം $500, മൂന്നും, നാലും സമ്മാനങ്ങള്‍ യഥാക്രമം $300, $200.സ്‌പെല്ലിംങ്‌ ബീ മത്സരം, വിദ്യാര്‍ത്ഥികളുടെ ചേതനയെ ഉണര്‍ത്തുന്നു. ബുദ്ധി, ഓര്‍മ്മശക്തി, വ്യക്തിത്വ, വളര്‍ച്ച, ധൈര്യം ഇവ വര്‍ദ്ധിക്കുന്നു. യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌ ഓഫ്‌ അമേരിക്കയുടെ സ്‌പെല്ലിങ്‌ ബീ മത്സരത്തിലേക്കുള്ള ഒരു ചുവടുവയ്‌പ്പ്‌ കൂടിയാണ്‌ ഈ മത്സരം.

ജീവിതത്തിലെ പ്രതിസന്ധികളും, പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്‌പദമാക്കി `എന്റെ ഭാവി എന്റെ
കൈയ്യില്‍’ എന്ന ഡോ. ലൂക്കോസ്‌ മണിയാട്ട്‌ നയിക്കുന്ന സെമിനാറില്‍ കുക്ക്‌ കൗണ്ടി ഹെല്‍ത്ത്‌ സിസ്റ്റം എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ആഗ്‌നസ്‌ തേരാടി, അറ്റോര്‍ണി ദീപ പോള്‍, സൂസന്‍ ഇടമല, തങ്കമ്മ പോത്തന്‍ എന്നിവരും ചര്‍ച്ചകള്‍ നയിക്കും. ഷിജി അലക്‌സ്‌ ആയിരിക്കും മോഡറേറ്റര്‍. വര്‍ഗീസ്‌ പോത്താനിക്കാട്‌ നയിക്കുന്ന ചിരിയരങ്ങ്‌, ശിവന്‍ മുഹമ്മയുടെ നേതൃത്വത്തില്‍ കേരളത്തിലേയും അമേരിക്കയിലേയും, ബിസിനസ്‌ സാമാജികര്‍ പങ്കെടുക്കുന്ന ലഞ്ച്‌ സെമിനാര്‍, കേരളത്തിലേയും അമേരിക്കയിലേയും പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍
എന്നിവ ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌.

അന്നേദിവസം വൈകുന്നേം നടക്കുന്ന മലയാളി മങ്ക മത്സരത്തിന്റെ വിജയിയെ സിനിമാതാരം മനോജ്‌ കെ ജയന്‍ കിരീടമണിയിക്കും. തുടര്‍ന്ന്‌ നടക്കുന്ന മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അതിവിപുലമായ ബ്യൂട്ടി പേജന്റ്‌ മത്സരത്തിന്റെ വിധികര്‍ത്താക്കളായി എത്തുന്നത്‌ സിനിമാതാരങ്ങളായ ദിവ്യ ഉണ്ണി, മാതു, സുവര്‍ണ്ണാ മാത്യു, മന്യ, അംബിക എന്നിവര്‍ക്കൊപ്പം തമ്പി ആന്റണി, ടോം ജോര്‍ജ്‌ എന്നിവരുമാണ്‌.

അന്നേദിവസം രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 3.30 വരെ അഡ്വ. രതീദേവിയുടെ നേതൃത്വത്തില്‍ സാഹിത്യ പ്രേമികള്‍ക്ക്‌ വളരെ വ്യത്യസ്‌തമായ സാഹിത്യ സമ്മേളനത്തില്‍ സതീഷ്‌ ബാബു പയ്യന്നൂര്‍, ജോണ്‍ ഇളമത, ബിനോയി വിശ്വം, കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. ഇക്‌ബാല്‍, എ.കെ.ബി പിള്ള, ഡോ. ശകുന്തള രാജഗോപാല്‍, ഡോ. ജോസ്‌ തോമസ്‌, തമ്പി ആന്റണി തുടങ്ങിയ സാഹിത്യനായകന്മാരും പങ്കെടുക്കും. കവിതയും നവ മാധ്യമങ്ങളും എന്ന സെമിനാര്‍, പ്രവാസി സാഹിത്യ സെമിനാര്‍, മാറുന്ന ദേശീയതയും ഉത്തരാധുനിക ചിന്തകളും സെമിനാര്‍, കവിയരങ്ങ്‌ എന്നിവയും കണ്‍വന്‍ഷനെ മികവുറ്റതാക്കും.

മൂന്നാം ദിവസമായ ജൂലൈ ആറിന്‌ രാവിലെ ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയും, ഫൊക്കാനാ ഇലക്ഷനും നടക്കും.

സാം ജോര്‍ജ്‌ നേതൃത്വം നല്‍കുന്ന പ്രിവന്‍ഷന്‍ സെമിനാര്‍ പ്രത്യേകതയാണ്‌. ടി.എസ്‌ ചാക്കോ, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കുന്ന മതസൗഹാര്‍ദ്ദ സെമിനാറില്‍ മാര്‍ത്തോമാ സഭയുടെ തലവന്‍ അഭി. റൈറ്റ്‌ റവ. ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത, നാഷണല്‍ സയന്‍സ്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ റിസര്‍ച്ച്‌ സെന്‍റര്‍ ജെനറല്‍ സെക്രട്ടറി ആചാര്യ മണ്ണടി ഹരിജി , ക്‌നാനായ യാക്കോബായ വലിയ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌, ഡോ.
ഇക്‌ബാല്‍, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം, ശാന്തി ഗിരി ആശ്രമം ചുമതലയുള്ള സ്വാമി ഗുരുരത്‌നം തുടങ്ങിയവരും പങ്കെടുക്കും.

ഇന്‍ഡോര്‍ മത്സരങ്ങളായ 28, 50 ചീട്ടുകളി മത്സരം, ചെസ്‌ എന്നിവയ്‌ക്ക്‌ ജോണ്‍ പി. ജോണ്‍, കുര്യാക്കോസ്‌ തര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫൊക്കാനാ കണ്‍വന്‍ഷനെ കൂടുതല്‍ കരുത്തോടെ വരും വര്‍ഷങ്ങളില്‍ നടത്തുവാന്‍ സഹായിക്കുന്നതിനായി കണ്‍വന്‍ഷന്‍ ഒരു അവലോകനം എന്ന ഇന്‍ട്രാക്‌ടീവ്‌ സെഷനും അവസാന ദിവസം സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്‌ മറ്റ്‌ കണ്‍വന്‍ഷനുകളില്‍ നിന്ന്‌ വ്യത്യസ്‌തത പുലര്‍ത്തും. അവസാന ദിവസത്തെ പബ്ലിക്‌ മീറ്റിംഗില്‍ ഫൊക്കാനാ കണ്‍വന്‍ഷന്റെ സ്‌പോണ്‍സര്‍മാരേയും, പ്രശസ്‌ത വ്യക്തികളേയും, കലാപ്രതിഭ, കലാതിലകം
എന്നിവരേയും ആദരിക്കും.

ഒഹയര്‍ ഹയറ്റ്‌ റീജന്‍സി ഹോട്ടല്‍ ഒരുക്കുന്ന ഫസ്റ്റ്‌ ക്ലാസ്‌ ബാങ്ക്വറ്റ്‌ ഡിന്നര്‍ അവസാന ദിവസം നടക്കും. മലയാള ചലച്ചിത്ര പിന്നണി രംഗത്തെ രണ്ട്‌ പൂമരങ്ങളുടെ സംഗീതവിസ്‌മയവും, നവതരംഗവുമായ രമ്യാ
നമ്പീശന്‍, ശ്വേതാ മോഹന്‍ എന്നിവര്‍ക്കൊപ്പം പ്രശസ്‌ത നടനും ഗായകനുമായ മനോജ്‌ കെ.
ജയന്‍, കേരളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസിന്റെ പുത്രനും യുവതലമുറയുടെ മുന്‍നിര
തരംഗവുമായ വിജയ്‌ യേശുദാസും നയിക്കുന്ന ഗാനമേളയും ഷിക്കാഗോ മലയാളികള്‍ക്ക്‌
നവ്യാനുഭവമായിരിക്കും.

അമേരിക്കയില്‍ എത്തിയതു മുതല്‍ എല്ലാ മലയാളികള്‍ക്കും ആശ്വാസകേന്ദ്രമായിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകയും, മുന്‍നിര നേഴ്‌സിംഗ്‌ സ്ഥാപനങ്ങളുടെ നേതൃസ്ഥാനം വഹിക്കുകയും ചെയ്‌ത മറിയാമ്മ പിള്ള പ്രസിഡന്റായി നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ മഹാ വിജയത്തിലെത്തിക്കുവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ലെജി പട്ടരു മഠത്തില്‍ അറിയിച്ചു .

അമേരിക്കയില്‍ കുടിയേറി സ്ഥിരതാസമാക്കിയ എന്നാല്‍ കലാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതുമായ ചലച്ചിത്രപ്രതിഭകളെ ചിക്കാഗോയില്‍ വച്ച്‌ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍വച്ച്‌ സമ്പൂര്‍ണ്ണ ആദരവ്‌ നല്‍കുന്നു.ചലച്ചിത്രകാരനും, നടനും, എഴുത്തുകാരനുമായ തമ്പിആന്റണി, നടനും നിര്‍മ്മാതാവുമായ ടോം ജോര്‍ജ്‌, പഴയകാല നടിയായ അംബിക, മാത്യൂ, സുവര്‍ണ്ണമാത്യൂ, ദിവ്യഉണ്ണി, മന്യ എന്നിവരെയാണ്‌ ഫൊക്കാനാ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ സര്‍വ്വാത്മനാ ആദരിക്കുന്നത്‌.

നാളിതുവരെ അമേരിക്കയിലുള്ള പല ചലിത്രതാരങ്ങളേയും സാന്നിദ്ധ്യം കൊണ്ട്‌ മാത്രം ഉപയോഗപ്പെടുത്തിയപ്പോള്‍ ഫൊക്കാന മുപ്പത്‌ വര്‍ഷം പിന്നിടുന്ന അവസരത്തില്‍ സ്വന്തം ഭൂമികയിലെ കലാകാരന്‍മാരെയും, കലാകാരികളേയും ആദരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.പഴയകാല നടിയാണ്‌ അംബിക. പുതുതലമുറയ്‌ക്ക്‌ അത്രത്തോളം പരിചയമില്ലെങ്കിലും `ഉണരുണരൂ ഉണ്ണിപ്പൂവേ’ എന്ന പാട്ട്‌ അഭിനയിച്ച നടിയെ പുതുതലമുറയും മറക്കാനിടയില്ല. സത്യന്‍ നസീര്‍ എന്നീ മഹാരഥന്‍മാരായ നടന്മാരുടെ നായികയായി അഭിനയിച്ച അംബികയ്‌ക്ക്‌ അമേരിക്കന്‍ മലയാളി പുതുതലമുറയുടെ ആദരം കൂടിയായിരിക്കും ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദി.

തമ്പി ആന്റണിയെ അറിയാത്തവരായി അമേരിക്കന്‍ മലയാളികളില്‍ ആരുമുണ്ടാവില്ല. മികച്ച സിനിമകളോടൊപ്പം എന്നും നിലയുറപ്പിക്കുന്ന അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരനും കവിയും കൂടിയാണ്‌. `ബിയോണ്ട്‌ ദ സോള്‍’ മുതല്‍ എം.ജി.ശശിയുടെ ജാനകിവരെ എത്തി നില്‍ക്കുന്ന നിരവധി സിനിമകള്‍ ഇവയെല്ലാം അമേരിക്കന്‍ മലയാളികള്‍ക്ക്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ വച്ച്‌ ആദരിക്കാവുന്നവ തന്നെ. കവി, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്‌ എന്നീ നിലകളില്‍ ലോകശ്രദ്ധതന്നെ നേടേണ്ട വ്യക്തിയാണ്‌ തമ്പി ആന്റണി. ഫൊക്കാനയുടെ ആദരവ്‌ ലഭിക്കുമ്പോള്‍ ധന്യമാകുക അമേരിക്കന്‍ മലയാളി സമൂഹം തന്നെയാകും

നിര്‍മ്മാതാവ്‌, നടന്‍, എന്നീ നിലകളില്‍ ശ്രദ്ധേയനായ ടോം ജോര്‍ജ്‌, നര്‍ത്തകിയും നടിയുമായ ദിവ്യാ ഉണ്ണി, അമരത്തിലെ മാത്യൂ, ജോക്കറിലെ മന്യ, സാദരത്തലെ സുവര്‍ണ്ണ മാത്യൂ തുടങ്ങിയ ചലച്ചിത്രപ്രതിഭകളേയും ഫൊക്കാനാ കണ്‍വന്‍ഷനില്‍ ആദരിക്കുന്നു. എല്ലാ കാലാകാരന്‍മാര്‍ക്കും ഒരേ തരത്തിലുള്ള പ്രൊഫൈല്‍ സംവിധാനവും, അവരുടെ സിനിമകളുടെ ദൃശ്യങ്ങളും ഒരുക്കിയാണ്‌ വേദിയിലേക്ക്‌ ആനയിക്കുക.

കേരളത്തിന്റെ മണ്ണില്‍ നിന്ന്‌ അമേരിക്കയിലെത്തിയ കലാകാരന്‍മാരെ അമേരിക്കന്‍ മണ്ണില്‍ ആദരിക്കുക എന്നത്‌ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായാണ്‌. ഈ പ്രതിഭകളില്‍ പലരേയും എവിടെ താമസിക്കുന്നു എന്നതെല്ലാം കണ്ടു പിടിക്കാന്‍ വളരെ ശ്രമകരമായി പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന്‌ ഈ പരിപാടിയുടെ സംവിധായകനും ക്രിയേറ്റീവ്‌ കോണ്‍ട്രിബ്യൂട്ടറുമായ ജയന്‍ മുളങ്കാട്‌ പറഞ്ഞു. പ്രശസ്‌ത ചലച്ചിത്രതാരവും, അവതാരകനും, സാമൂഹ്യപ്രവര്‍ത്തകനുമായ ജോയി ചെമ്മാച്ചേല്‍ ആണ്‌ ഫൊക്കാനാ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍.

വരുന്ന തലമുറയ്‌ക്ക്‌ ഒരു പ്രചോദനമാണ്‌. കല ദീപ്‌തമാകുന്നിടത്ത്‌ ജാതിയും മതവും എല്ലാം ഇല്ലാതാകുന്നു. ഏകോദര സഹോദരരെപ്പോലെ ഒന്നാകാന്‍ കഴിയുന്ന ഒരു വേദിയും കലാവേദി തന്നെ ആണെന്ന തിരിച്ചറിവോടെ ഫൊക്കാനയുടെ ലക്ഷ്യവും ഒരു വാന്‍ വിജയം ആകുമെന്ന്‌ കരുതുന്നു .

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രധാന ഇനമായ ടാലന്റ്‌ മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ടാലന്റ്‌ മത്സരങ്ങള്‍ ജൂലൈ അഞ്ചിന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വിവിധ വേദികളിലായി നടക്കും. സംഗീത മത്സരം, ക്ലാസിക്കല്‍നോണ്‍ ക്ലാസിക്കല്‍ നൃത്തമത്സരങ്ങള്‍ 612, 1324 പ്രായപരിധിയില്‍ നടത്തപ്പെടും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രസംഗ മത്സരങ്ങള്‍ ടാലന്റ്‌ മത്സരങ്ങള്‍ക്ക്‌ മാറ്റുകൂട്ടും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി മാത്രമായി ഫൊക്കാനാ പ്രത്യേക രജിസ്‌ട്രേഷന്‍ പാക്കേജ്‌ ക്രമീകരിച്ചിട്ടുണ്ട്‌. ടാലന്റ്‌ കമ്പറ്റീഷന്‍ രജിസ്‌ട്രേഷന്‍ ഫോമും, വിശദമായ വിവരങ്ങളും www.fokana.org വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഫൊക്കാനാ കലാപ്രതിഭയേയും, കലാതിലകത്തേയും ടാലന്റ്‌ മത്സരങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുക്കുന്നതാണ്‌. മലയാളത്തിന്റെ മണമുള്ള ഉത്സവവേദിയില്‍ ലോകമെമ്പാടും പ്രശസ്‌തിയുടെ മകുടോദാഹരണമായി ശോഭിക്കുന്ന സാമൂഹ്യ, സാംസ്‌കാരിക, കലാ, സിനിമാരംഗങ്ങളിലും ശാസ്‌ത്രസാഹിത്യരംഗത്തും പ്രതിഭ തെളിയിച്ചിട്ടുള്ളവരും എല്ലാ മതവിഭാഗങ്ങളുടെയും അനിഷേദ്ധ്യമരും ആരാധ്യരുമായ നേതാക്കളും ഒത്തൊരുമിച്ച്‌ അണിനിരക്കുന്ന അമേരിക്കയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലാകുന്ന മലയാളത്തനിമയുടെ ഉത്തുംഗശ്രേഷ്‌ഠമായ, വര്‍ണ്ണശബളമായി ഒരുവേദിയായി മാറും

ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ക്കേണ്ട അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഫൊക്കാന നാഷ്‌ണല്‍ കണ്‍വന്‍ഷന്റെ തിരശീല ഉയരുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ചിക്കാഗോയുടെ തിരുമാറില്‍ പ്രൗഢഗംഭീരമായി ഉയര്‍ന്നു നില്‍ക്കുന്ന ഹയട്ട്‌ റീജന്‍സി ഹോട്ടലില്‍ വച്ച്‌ 4, 5, 6 എന്നീ തീയതികളില്‍ ആഘോഷമായി നടത്തപ്പെടുന്ന വര്‍ണ്ണശബളമായ മലയാളി മാമാങ്കത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഫോക്കാന ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപള്ളില്‍ , ഫോക്കാന ട്രസ്റ്റീ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി ഗണേഷ്‌ നായര്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു .

Other News