മാതു ഇപ്പോള്‍ പ്രീ സ്‌കുള്‍ ടീച്ചര്‍; മന്യ ഫൈനാന്‍ഷ്യല്‍ അനലിസ്റ്റ്‌ (ഫൊക്കാന ബാങ്ക്വറ്റ്‌ വിശേഷം)

ചിക്കാഗോ: മുന്‍കാല നടീനടന്മാരെ ഫൊക്കാന ബാങ്ക്വറ്റ്‌ വേദിയില്‍ ആദരിച്ചതാണ്‌ ഇത്തവണ പുതുമയായത്‌. മാതു, മന്യ, സുവര്‍ണ്ണാ മാത്യു, ടോം കോലത്ത്‌, ദിവ്യാ ഉണ്ണി, മിസ്‌ കേരള അര്‍ച്ചന നായര്‍ എന്നിവര്‍ പ്ലാക്കുകള്‍ ഏറ്റുവാങ്ങി.

ഏറെക്കാലമായി താന്‍ പൊതുവേദിയിലൊന്നും പ്രത്യക്ഷപ്പെടാറില്ലെന്നും അതിനാല്‍ ഈ ആദരവ്‌ തന്റെ ഹൃദയത്തെ സ്‌പര്‍ശിച്ചുവെന്നും നടി മാതു പറഞ്ഞു. ന്യൂയോര്‍ക്കില്‍ പ്രീ സ്‌കൂള്‍ ടീച്ചറാണ്‌ മാതു. തനിക്ക്‌ അമ്മ വീട്‌ പോലെയാണ്‌ ചിക്കാഗോ എന്ന്‌ മാതു പറഞ്ഞു.

അവസാന മലയാള ചിത്രം ‘അപരിചിതനു’ശേഷം കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാത്‌ ബിരുദം നേടിയ മന്യ ഇപ്പോള്‍ ജെ.പി മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ (ന്യൂയോര്‍ക്ക്‌) ഫൈനാന്‍ഷ്യല്‍ അനലിസ്റ്റാണ്‌. നടിമാര്‍ മണ്ടരല്ല എന്നു തെളിയിക്കാനാണ്‌ മാത്‌ പഠിച്ചതെന്ന്‌ മന്യ പറഞ്ഞു. എന്നാലും ഇപ്പോഴും അഭിനയ രംഗത്തേക്ക്‌ മടങ്ങാനാണ്‌ മോഹം. പ്രത്യേകിച്ച്‌ മലയാളത്തിലേക്ക്‌. ഹൈദരാബാദ്‌ സ്വദേശിനിയാണ്‌ മന്യ.

ലോഹിതദാസാണ്‌ മലയാളത്തില്‍ അഭിനയിപ്പിച്ചത്‌. ജോക്കറില്‍ ദിലീപുമൊത്ത്‌ അഭിനയിച്ചു. ജോക്കര്‍ തന്നെയാണ്‌ മലയാളത്തിലെ ഇഷ്ട ചിത്രം. ഭര്‍ത്താവ്‌ വിവേക്‌ വാജ്‌പേയി.

പക്ഷെ മുന്‍കാല നടീനടന്മാരെ ബാങ്ക്വറ്റ്‌ വേദിയില്‍ ആദരിച്ചത്‌ അരോചകമായി തോന്നുകയും ചെയ്‌തു. അതിന്‌ വേറൊരു സെഷന്‍ നടത്താമായിരുന്നു. ഗൗരവപൂര്‍ണ്ണമായ സമൂഹത്തില്‍ ‘സില്ലി’ ആയ ചടങ്ങ്‌ നടത്തി സമയം കൊന്ന പ്രതീതിയാണുണ്ടായത്‌. ഇത്തരമൊരു ചടങ്ങിന്റെ പ്രസക്തി തന്നെ എന്തെന്നു വ്യക്തമായില്ല.

ബാങ്ക്വറ്റ്‌ വേദിയിലാകെ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ വേലിയേറ്റം. ആന്‍ കാലായില്‍ തുടങ്ങി സദസില്‍ ഇരിക്കുന്ന പ്രഗത്ഭമതികളായ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒരു അംഗീകാരവും ലഭിച്ചില്ല. ബാങ്ക്വറ്റ്‌ വേദി പൊതുവില്‍ ബഹളമയമായിരുന്നു. ആരൊക്കെയോ വന്ന്‌ പ്ലാക്കുകള്‍ വാങ്ങി. പൊന്നാട സ്വീകരിച്ചു.

നന്നായി നടക്കുമായിരുന്ന മാധ്യമ സെമിനാര്‍ ഫലത്തില്‍ ചീറ്റിപ്പോയി. സദസില്‍ ആരും ഉണ്ടായില്ല. വേദിയില്‍ നാട്ടില്‍ നിന്നു വന്ന പത്രക്കാര്‍. അമേരിക്കയിലുള്ള പത്രക്കാരൊന്നും അത്തരമൊരു സെമിനാര്‍ ഉള്ളതായി അറിഞ്ഞില്ല. ആരും പങ്കെടുത്തുമില്ല. അവസാനം ന്യൂയോര്‍ക്കിലെ കൈരളി പത്രത്തിലെ ജോസ്‌ തയ്യിലാണ്‌ എത്തപ്പെട്ട ഏക അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍.
സാമുദായിക ശക്തികളുടെ സമ്മേളനം നടക്കുന്നുവെന്നറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഈ തീയതികളില്‍ സമ്മേളനം നടത്താന്‍ തീരുമാനിച്ചതെന്നും അതു തെറ്റായില്ലെന്നും ബാങ്ക്വറ്റ്‌ തെളിയിച്ചതായും ടെറന്‍സണ്‍ പറഞ്ഞു. സെക്കുലര്‍ സംഘടനകള്‍ക്ക്‌ സാമുദായിക ശക്തികളെ ഭയപ്പെടാനാവില്ല. മരിയാമ്മ പിള്ളയുടെ നേതൃത്വമാണ്‌ തങ്ങളുടെ ശക്തികേന്ദ്രമായത്‌. കണ്‍വന്‍ഷന്‍ ചെയറായി വന്ന ജോയി ചെമ്മാച്ചേല്‍ സമുദായ കണ്‍വന്‍ഷന്‍ വേണ്ടെന്നു വെച്ചാണ്‌ ഫൊക്കാനാ സമ്മേളനം വിജയിപ്പിക്കാന്‍ രംഗത്തുവന്നത്‌ ടെറന്‍സണ്‍ പറഞ്ഞു.

വര്‍ഷംതോറും നാം ചുരുങ്ങിപ്പോകുന്ന കാഴ്‌ചയാണ്‌ കാണുന്നതെന്ന്‌ ജോയി ചെമ്മാച്ചേല്‍ പറഞ്ഞു. താന്‍ വന്നപ്പോള്‍ ഏഷ്യക്കാരനാണെന്നായിരുന്നു പറഞ്ഞത്‌. പിന്നെ ഇന്ത്യക്കാരനും കേരളീയനുമായി. അതുകഴിഞ്ഞ്‌ കോട്ടയംകാരനും ക്‌നാനായക്കാരനുമായി. പിന്നെ ഇന്ന വിട്ടിലെ ആളായി. ഒടുവില്‍ വെറും ജോയി ആയി. ഇങ്ങനെ ചുരുങ്ങിപ്പോകുന്നതില്‍ നിന്നും നമ്മെ രക്ഷിക്കുന്നത്‌ സെക്കുലര്‍ സംഘടനകളാണ്‌. മതസംഘടനകളുടെ അതിപ്രസരം നമ്മെ ഭിന്നിപ്പിക്കുകയേ ഉള്ളൂ. അതിനാല്‍ ഫൊക്കാനയെ ശക്തിപ്പെടുത്താന്‍ നമുക്ക്‌ ബാധ്യതയുണ്ട്‌ ജോയി ചെമ്മാച്ചേല്‍ പറഞ്ഞു.

ഫൊക്കാന ഒരു ലക്ഷ്യത്തിലേക്ക്‌ കുതിക്കുന്നതായി മുന്‍ മന്ത്രി ബിനോയ്‌ വിശ്വം പറഞ്ഞു. മതം യാഥാര്‍ത്ഥ്യമാണ്‌. അത്‌ അംഗീകരിച്ചേ പറ്റൂ. കേരളീയനെന്നും ഇന്ത്യാക്കാരനെന്നും മനുഷ്യനെന്നും പറയാന്‍ നമുക്കാവണം. ‘എവിടെ മനസ്‌ ദുര്‍ബലമായിരിക്കുന്നുവോ….’ എന്ന ടാഗോറിന്റെ പ്രശസ്‌തമായ ഗാനവും അദ്ദേഹം ഉച്ഛരിച്ചു. മൂല്യങ്ങളില്‍ ജീവിക്കുന്ന സമൂഹമായി നാം മാറട്ടെ എന്നദ്ദേഹം ആശംസിച്ചു.

ഫൊക്കാനയുടെ ആല്‍ബനി കണ്‍വന്‍ഷന്‌ തനിക്ക്‌ വിസ കിട്ടിയില്ലെന്ന്‌ നടന്‍ മനോജ്‌ കെ. ജയന്‍ പറഞ്ഞു. ഇവിടെ വന്നപ്പോള്‍ കോട്ടയത്ത്‌ വന്ന പ്രതീതിയാണ്‌. കോട്ടയം ഭാഷയാണ്‌ കേള്‍ക്കുന്നത്‌.

സ്‌നേഹമാണ്‌ ഫൊക്കാനയുടെ വിജയം. ഇത്രയും സ്‌നേഹോഷ്‌മളമായ സ്വീകരണം കിട്ടിയിട്ടില്ല. ആ കൂട്ടായ്‌മയാണ്‌ ഏറ്റവും വലിയ വിജയം. കലാകാരന്‌ സംഘടനകള്‍ തമ്മില്‍ വ്യത്യാസമില്ല. വളഞ്ഞ വഴിയില്‍കൂടിയാണെങ്കിലും (ഫോമാ കണ്‍വന്‍ഷനിലും താരം പങ്കെടുത്തിരുന്നു) താന്‍ ഇവിടെ എത്തി. അതു തന്റെ കടമയാണ്‌. ഐക്യത്തിന്റെ ഏറ്റവും വലിയ പ്രതീകമാകട്ടെ ഫൊക്കാന എന്ന്‌ അദ്ദേഹം ആശംസിച്ചു.

തെരീസ മാ ഇല്ലിനോയി ഗവര്‍ണര്‍ പാറ്റ്‌ ക്വീനിന്റെ സന്ദേശം വായിച്ചു. സ്‌റ്റേറ്റ്‌ സെനറ്റര്‍ ഡൊണാള്‍ഡ്‌ വിന്‍ ആശംസകള്‍ നേര്‍ന്നു.

മാതാ അമൃതാനന്ദമയി കഴിഞ്ഞാല്‍ ഏറ്റവും അധികം പേരെ ആലിംഗനം ചെയ്യുന്ന വ്യക്തിയാണ്‌ മറിയാമ്മ പിള്ളയെന്നു ഫിലിം ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍ വിശേഷിപ്പിച്ചു. സിനിമ നിര്‍മ്മിക്കാന്‍ താത്‌പര്യമുള്ളവര്‍ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനും മറ്റുമായി ബന്ധപ്പെടുന്ന പക്ഷം തട്ടിക്കപ്പെടാതിരിക്കാനുള്ള സാധ്യത ഏറെയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

യാദൃശ്ചികതയുടെ ആകെത്തുകയാണ്‌ ജീവിതമെന്നും ഒരുമാസം മുമ്പു പോലും താന്‍ ഇവിടെ എത്തിച്ചേരുമെന്ന്‌ അറിയില്ലായിരുന്നുവെന്നും ബന്യാമിന്‍ പറഞ്ഞു. ഫൊക്കാനാ സമ്മേളനത്തിനു വരുന്നതായുള്ള ഒരു കഥ 1998ല്‍ താനെഴുതിയിരുന്നു. അതിപ്പോള്‍ സംഭവിച്ചു.

പ്രവാസിയായി 20 വര്‍ഷം ജീവിച്ച താന്‍ ഇവിടെ യഥാര്‍ത്ഥ കേരളം കണ്ട്‌ ആസ്വദിക്കുകയായിരുന്നു. കേരളത്തില്‍ ഇത്തരമൊരു കൂട്ടായ്‌മയില്ല. പ്രവാസികളാണ്‌ മലയാളത്തെ ഏറ്റവും അധികം സ്‌നേഹിക്കുന്നത്‌. യഥാര്‍ത്ഥ കൂട്ടായ്‌മയാണ ഇവിടെ കണ്ടത്‌.

കാലഹരണപ്പെട്ട പരിപാടികള്‍ ഒഴിവാക്കി ഊര്‍ജസ്വലത കൈവരിക്കണമെന്ന്‌ മുന്‍ ഫൊക്കാനാ പ്രസിഡന്റ്‌ മന്മഥന്‍ നായര്‍ പറഞ്ഞു.

സതീഷ്‌ ബാബു പയ്യന്നൂര്‍ മറിയാമ്മ പിള്ളയ്‌ക്ക്‌ ഒരു ആഭരണപ്പെട്ടി സമ്മാനിച്ചു.

മുഖ്യ സ്‌പോണ്‍സര്‍ രാജ്‌ പിള്ള (മറിയാമ്മ പിള്ളയുടേയും ചന്ദ്രന്‍പിള്ളയുടേയും പുത്രന്‍), വര്‍ക്കി ഏബ്രഹാം തുടങ്ങിയവരെ വേദിയില്‍ ആദരിച്ചു.
80916_1mathu_2

Other News