രാഷ്‌ട്രീയ സെമിനാറില്‍ ആറന്മുളയും മോദിയും; ഏറ്റുപറച്ചിലുമായി ബിനോയി വിശ്വം, ടോമി കല്ലാനി, ബന്യാമിന്‍

ചിക്കാഗോ: മന്ത്രി കെ.സി ജോസഫും, മുന്‍ മന്ത്രി ബിനോയ്‌ വിശ്വവും ഫൊക്കാനാ ഉദ്‌ഘാടന സമ്മേളനത്തില്‍ തുടങ്ങിവെച്ച രാഷ്‌ട്രീയ സംവാദം മന്ത്രിയുടെ അസാന്നിധ്യത്തിലും രാഷ്‌ട്രീയ സെമിനാറില്‍ തുടര്‍ന്നു. കോട്ടയം ഡി.സി.സി പ്രസിഡന്റ്‌ ടോമി കല്ലാനി അതേറ്റു പിടിച്ചു.

മോഡറേറ്റായിരുന്ന മാത്യൂസ്‌ മൂന്നു ചോദ്യങ്ങളായിരുന്നു ചോദിച്ചത്‌. ഫൊക്കാനയ്‌ക്കുവേണ്ടി നിങ്ങള്‍ എന്തു ചെയ്യും? ആറന്മുള എയര്‍പോട്ടിന്റെ കാര്യത്തില്‍ നിങ്ങളുടെ നിലപാട്‌ എന്ത്‌. മോദി സര്‍ക്കാരിനെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെന്ത്‌ എന്നിവ.

ഫൊക്കാനയുടെ ഉത്തമ സുഹൃത്താണ്‌ താനെന്ന്‌ പറഞ്ഞ ബിനോയി വിശ്വം കയ്യടിക്കുവേണ്ടി വാഗ്‌ദാനമൊന്നും നല്‍കുന്ന ആളല്ല താനെന്ന്‌ പറഞ്ഞു. പക്ഷെ നിങ്ങളുടെ സങ്കടങ്ങളിലും പ്രശ്‌നങ്ങളിലും ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും.

ആറന്മുള വിമാനത്താവളത്തിന്‌ താന്‍ എതിരാണ്‌. ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പറയാനാണ്‌ തനിക്ക്‌ താത്‌പര്യം. സത്യസന്ധതയില്ലായ്‌മയാണ്‌ ജനങ്ങളും രാഷ്‌ട്രീയക്കാരും തമ്മിലുള്ള പ്രശ്‌നം തന്നെ. വാക്ക്‌ തെക്കോട്ടും പ്രവര്‍ത്തി വടക്കോട്ടുമായി പോകുന്നവര്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കും.

വികസനത്തിന്‌ താന്‍ എതിരല്ല. ആറന്മുള എയര്‍പോര്‍ട്ടിന്റെ വികസന മാതൃക അംഗീകരിക്കാനാവില്ല. അങ്ങനെയെങ്കില്‍ കേരളം തകര്‍ന്നുപോകുമെന്ന്‌ പറയുന്നതും അംഗീകരിക്കാനാവില്ല.

വികസനത്തിലെ കേന്ദ്രബിന്ദു ജനങ്ങള്‍ ആയിരിക്കണം. മഹാഭൂരിപക്ഷം ജനങ്ങളല്ലാതെ ലാഭേച്ഛയും പണവും കേന്ദ്രമാക്കിയുള്ള വികസനം ചോദ്യം ചെയ്യപ്പെടും. ലാഭത്തിനുവേണ്ടിയുള്ള വികസനമാണോ, മനുഷ്യനുവേണ്ടിയുള്ള വികസനമാണോ വേണ്ടത്‌ എന്നതാണ്‌ പ്രശ്‌നം. ലാഭം മാത്രം ലക്ഷ്യമാക്കുമ്പോള്‍ മൂല്യം ഇല്ലാതാകുന്നു. പുതിയ ദൈവമായി പണം മാറുന്നു. ഇക്കാര്യം ഫ്രാന്‍സീസ്‌ മാര്‍പാപ്പ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ മാര്‍ക്‌സിസ്റ്റ്‌ എന്നു ചിലര്‍ ആക്ഷേപിച്ചു. താന്‍ മാര്‍ക്‌സിസ്റ്റ്‌ അല്ലെന്ന്‌ അദ്ദേഹം പിന്നീട്‌ പറയുകയും ചെയ്‌തു.

ഒരുപാട്‌ ഭൂമി എയര്‍പോര്‍ട്ടിനുവേണ്ടി ഉപയോഗിക്കണം. പക്ഷെ സാമ്പത്തികമേ സാങ്കേതികമോ ആയ നിലനില്‍പ്പില്ലാത്ത ഒന്നാണ്‌ ആറന്മുള വിമാനത്താവളം. അതുകൊണ്ട്‌ ജനത്തിന്‌ എന്തു ഗുണം? അരമണിക്കൂര്‍ കൊണ്ട്‌ വീട്ടിലെത്താമെന്നു പ്രവാസികളെ തെറ്റിദ്ധരിപ്പിച്ചാണ്‌ വിമാനത്താവളത്തിന്‌ നീക്കം നടത്തിയത്‌. അവിടെ അതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഉണ്ടാക്കാനാവില്ല. ഫാക്‌ടറിയുടെ പരിസ്ഥിതി കാര്യം പറയാന്‍ മാത്രം യോഗ്യതയുള്ള ഏജന്‍സിയാണ്‌ അവര്‍ക്ക്‌ പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തത്‌. അതിനെ ഗ്രീന്‍ ട്രൈബ്യൂണല്‍ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.

കുന്നിടിച്ച്‌ വയലും തോടും നികത്തി. അമേരിക്കയിലോ യൂറോപ്പിലോ പ്രകൃതിദത്തമായ ഒരു തോട്‌ ഇല്ലാതാക്കാന്‍ സമ്മതിക്കുമോ? അത്തരം വികസനം അംഗീകരിക്കുമോ? എല്ലാ രംഗത്തും കാപട്യം കാട്ടിയാണ്‌ വിമാനത്താവളത്തിന്‌ അനുമതി നേടിയത്‌- അദ്ദേഹം പറഞ്ഞു.

മോദി ഗവണ്‍മെന്റിനെപ്പറ്റി തനിക്ക്‌ പ്രതീക്ഷയൊന്നുമില്ലെന്ന്‌ ബിനോയ്‌ വിശ്വം പറഞ്ഞു. കമ്പോളത്തേയും പണക്കാരേയും രക്ഷിക്കാനുള്ള നീക്കമാണ്‌ തുടക്കത്തില്‍ തന്നെ അവര്‍ ചെയ്യുന്നത്‌. പ്രതിരോധ മേഖലയില്‍ വരെ വിദേശനിക്ഷേപം പൂര്‍ണ്ണമായി അനുവദിക്കുമെന്ന സ്ഥിതി വരുന്നു. യു.പി.എ ഗവണ്‍മെന്റിനേക്കാള്‍ കൂടുതല്‍ മുതലാളിമാരെ സഹായിക്കുന്ന ഗവണ്‍മെന്റാണിത്‌. പോരെങ്കില്‍ ആര്‍.എസ്‌.എസിന്റെ മതാതിഷ്‌ഠിത രാഷ്‌ട്രീയമാണ്‌ മോദിയെ നയിക്കുന്നത്‌.

സാഹിത്യകാരന്‌ എന്നാ രാഷ്‌ട്രീയ ചര്‍ച്ചയില്‍ കാര്യമെന്ന്‌ സംശയിച്ചുകൊണ്ടാണ്‌ നോവലിസ്റ്റ്‌ ബന്യാമിന്‍ സംസാരിക്കാനാരംഭിച്ചത്‌. തനിക്ക്‌ പക്ഷമില്ല. 20 വര്‍ഷം ഗള്‍ഫില്‍ ജീവിച്ച പ്രവാസിയായ താനും, നിങ്ങളുമൊക്കെ വിട്ടേച്ചുപോന്ന കേരളമാണോ ഇപ്പോഴുള്ളതെന്ന്‌ നമുക്ക്‌ അതിശയം തോന്നും. ഒരു ഹോട്ടലില്‍ ശുചിത്വമുള്ള ഭക്ഷണം കിട്ടുമെന്ന്‌ എഴുതിവെച്ചിരിക്കുന്നു. ശുചിത്വമില്ലായ്‌മയാണ്‌ കേരളത്തിന്റെ അടിന്തര പ്രശ്‌നം. ഒരു ജലാശയത്തിലും കാല്‍ കഴുകാന്‍ പോലും ഇപ്പോള്‍ പറ്റില്ല. പുഴകളില്ല. മണല്‍തിട്ടയില്ല.

ഗാഡ്‌ഗില്‍-കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ ഇടതുപക്ഷം എവിടെപ്പോയി. കുന്നുകള്‍ ഇടിച്ചാണ്‌ കേരളത്തില്‍ വീടുവെയ്‌ക്കുന്നത്‌. അമേരിക്കയില്‍ മലഞ്ചേരുവിലെ വീടുകള്‍ അതിനനുസൃതമായാണ്‌ വെയ്‌ക്കുന്നത്‌.

വോട്ടുബാങ്കാണ്‌ രണ്ടു മുന്നണിക്കും ലക്ഷ്യം. ജനനന്മയ്‌ക്കായുള്ള പല സമരങ്ങളും നക്‌സലിസത്തിന്റെ പേരുപറഞ്ഞ്‌ ആക്രമിക്കുകയും ചെയ്യുന്നു- ബന്യാമിന്‍ പറഞ്ഞു.

ഫൊക്കാനയ്‌ക്ക്‌ രാഷ്‌ട്രീയമില്ലെങ്കിലും ഫൊക്കാനയിലുള്ളവര്‍ക്ക്‌ അഭിപ്രായങ്ങളുണ്ടെന്ന്‌ ടോമി കല്ലാനി ചൂണ്ടിക്കാട്ടി. ഓരോ പൗരനും സ്വന്തമായ അഭിപ്രായങ്ങളുണ്ട്‌. അതു മാനിക്കപ്പെടണം.

ഒരു കോണ്‍ഗ്രസുകാരനായതില്‍ തനിക്ക്‌ അഭിമാനമുണ്ട്‌. സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ്‌ താന്‍. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സംഭാവന രാജ്യത്തിന്‌ ദേശീയബോധം നല്‍കി എന്നതാണ്‌. ആന്ധ്രയിലും കേരളത്തിലും ഛത്തീസ്‌ഗഡിലുമൊക്കെയുള്ള ജനം ഇന്ത്യാക്കാരെന്നതില്‍ അഭിമാനിക്കുന്നു. ഇന്ത്യ എന്ന പൊതുവികാരം ഉള്‍ക്കൊള്ളുന്നതിലേറെ ഇന്ത്യന്‍ മണ്ണില്‍ കടന്നാല്‍ രക്തം തിളയ്‌ക്കുന്നതും അതുകൊണ്ടാണ്‌.

അമേരിക്കന്‍ മലയാളികളുടെ രക്തത്തില്‍ അലിഞ്ഞിരിക്കുന്ന പ്രസ്ഥാനമാണ്‌ ഫൊക്കാന.അതില്‍ താനും അഭിമാനിക്കുന്നു. നിങ്ങളുടെ എല്ലാവിധ നന്മയ്‌ക്കുവേണ്ടിയും താനും നിങ്ങള്‍ക്കൊപ്പമുണ്ടാകും.

ആറന്മുളയ്‌ക്ക്‌ വലിയ പരമ്പര്യമുണ്ട്‌. വികസനം ജനങ്ങള്‍ക്കുവേണ്ടിയാണ്‌ കോര്‍പറേറ്റുകള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടിയാകരുത്‌. പരിസ്ഥിതിയെ മറന്ന്‌ നമുക്ക്‌ പ്രവര്‍ത്തിക്കാനാവില്ല. കുന്ന്‌ ഇടിച്ച്‌ നിരത്തിയതൊന്നും കണ്ടില്ല. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നിലപാടുകള്‍ വീണ്ടും വിലയിരുത്തപ്പെടേണ്ടതുണ്ട്‌. ആറന്മുള വിമാനത്താവളത്തെ എതിര്‍ക്കുന്ന ബിനോയ്‌ വിശ്വം ഉള്‍പ്പെട്ട മന്ത്രിസഭയാണ്‌ സ്‌പെഷല്‍ എക്കണോമിക്‌ സോണ്‍ അനുവദിച്ച്‌ വിമാനത്താവളത്തിന്‌ പച്ചക്കൊടി കാണിച്ചതെന്നു മറക്കരുത്‌. പരിസ്ഥിതിയെ സംരക്ഷിച്ചുള്ള വികസനത്തെ മാത്രമേ അംഗീകരിക്കാനാവൂ.

രാഷ്‌ട്രീയക്കാര്‍ യജമാനന്മാര്‍ എന്ന സ്ഥിതി ഇന്ത്യയില്‍ മാറിപ്പോയി. ഇപ്പോള്‍ ജനമാണ്‌ യജമാനന്മാര്‍. നമ്മുടെ പാരമ്പര്യവും ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാന്‍ മോദിക്കാവുമോ എന്ന്‌ സന്ദേഹമുണ്ട്‌. ഗാന്ധിയും നെഹ്‌റുവും ഇന്ദിരയുമൊക്കെ കാത്തുസൂക്ഷിച്ച മതേതരത്വം മോദി എങ്ങനെയാക്കുമെന്നാണ്‌ കാണേണ്ടത്‌. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന്‌ ഹിന്ദു രാഷ്‌ട്രം പ്രഖ്യാപിക്കാമായിരുന്നു. അതു ചെയ്‌തില്ല. അങ്ങനെ വന്നാല്‍ ജനാധിപത്യം നിലനില്‍ക്കില്ല.

വികസനം പറഞ്ഞാണ്‌ മോദി അധികാരത്തില്‍ കയറിയത്‌. വികസനം മാത്രമല്ല നമ്മുടെ ലക്ഷ്യം. എല്ലാ പൗരന്മാര്‍ക്കും തുല്യരായി ജീവിക്കാനുള്ള അവകാശമാണ്‌ പ്രധാനം.

കോണ്‍ഗ്രസിന്‌ പല തെറ്റുകളും പറ്റി അതൊക്കെ പരിഹരിച്ച്‌ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളം ജനാഭിലാഷമാണെന്നു പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പാൻ കുര്യൻ പരഞ്ഞു. അതിനു തുരങ്കം വയ്ക്കുന്നവർ വികസന വിരോധികളാണു.

80477_last_2

Other News