കേരളം ആതിഥ്യം വഹിക്കുന്ന 35-ാ മത് നാഷണല്‍ ഗെയിംസിന് മുന്നോടിയായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പങ്കെടുക്കുന്ന റണ്‍ കേരള റണ്ണില്‍ ഫൊക്കാനയും പങ്കുചേരുന്നു. ജനുവരി 20 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന റണ്‍ കേരളാ റണ്ണിലാണ് ഫൊക്കാനാ ഭാരവാഹികള്‍ പങ്കെടുക്കുന്നതെന്ന് ഫൊക്കാനാ പ്രസിഡന്റ് ജോണ്‍.പി.ജോണ്‍ ഈ-മലയാളിയോട് പറഞ്ഞു.
കേരളത്തിന്റെ പുതിയതലമുറയിലെ കായികതാരങ്ങളെ കായിക വിനോദത്തെക്കുറിച്ച് മനസിലാക്കുവാനും അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള ഉദ്യമമാണ് റണ്‍ കേരള റണ്‍. കൂടാതെ ലോകമലയാളികളെ ദേശീയഗെയിംസിന്റെ ആവേശത്തിലേക്ക് എത്തിക്കുക എന്ന ദൗത്യവും റണ്‍ കേരളാ റണ്ണിന് ഉണ്ട്. കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ഗെയിംസിന്റെ ആവേശം ലോകമലയാളികള്‍ക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫൊക്കാനായെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജോണ്‍.പി.ജോണ്‍, സെക്രട്ടറി വിനോദ് കേയാര്‍ക്കെ, ട്രഷറര്‍ ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചേല്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ടി.എസ്.ചാക്കോ, മറിയാമ്മപിള്ള, ലീലാ മാരേട്ട്, തുടങ്ങി അന്‍പതിലധികം ഫൊക്കാനാ നേതാക്കള്‍ റണ്‍ കേരളാ റണ്ണില്‍ സച്ചിനോടൊപ്പം തലസ്ഥാനത്ത് ഓടാന്‍ തയ്യാറാകും.
ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റണ്‍ കേരളാ റണ്ണിന്റെ ഭാഗമായി പ്രവാസി മലയാളികള്‍ ദേശീയ ഗെയിംസ് വിജയകരമാക്കന്‍ അണിചേരണമെന്ന സന്ദേശമാണ് റണ്‍ കേരളാ റണ്ണിന്റെ പങ്കെടുക്കലിലൂടെ ഫൊക്കാന പങ്കുവയ്ക്കുന്നത്.