ടൊറന്റോ: ഫൊക്കാന നാഷനല് കണ്വന്ഷനോടനുബന്ധിച്ചു ജൂലൈ ഒന്നിന് നടക്കുന്ന സ്റ്റാര് സിങ്ങര് മല്സരത്തിനുള്ള റജിസ്ട്രേഷന് തുടക്കമായി. സീനിയര്, ജൂനിയര് വിഭാഗങ്ങളിലെ മല്സര വിജയികളെ കാത്തിരിക്കുന്നത് ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത സംവിധായകന്റെ ശിക്ഷണത്തില് ചലച്ചിത്രഗാനം പാടാനുള്ള അവസരം. പിന്നണി ഗായകന് ജി. വേണുഗോപാലാണ് മുഖ്യ വിധികര്ത്താവ്. ഗായകരും സംഗീതസംവിധായകരുമെല്ലാം അടങ്ങുന്നതാണ് വിധികര്ത്താക്കളുടെ പാനല്. വിജയികള്ക്ക് ക്യാഷ് പ്രൈസും ഫൊക്കാന സ്റ്റാര് സിങ്ങര് ട്രോഫിയുമുണ്ടാകും.

യുഎസ്സിലും കാനഡയില്നിന്നുമുള്ളവര്ക്കായി പ്രത്യേകം റജിസ്ട്രേഷനാണുള്ളത്. പതിനാറ് വയസില് താഴെയുള്ള ആണ്കുട്ടികളും പെണ്കുട്ടികളും ജൂനിയര് വിഭാഗത്തിലും പതിനേഴിന് മുകളിലുള്ളവര് സീനിയര് വിഭാഗത്തിലുമാണ്. പങ്കെടുക്കാന് താല്പര്യമുള്ളവര്ക്ക് റജിസ്റ്റര് ചെയ്യാന് മാര്ച്ച് 31 വരെ സമയമുണ്ട്. റജിസ്ട്രേഷന് ഫോമിനും ചിത്രത്തിനുമൊപ്പം ഇഷ്ടമുള്ള രണ്ടു പാട്ടുകള് പാടിയതിന്റെ വിഡിയോയും സമര്പ്പിക്കണം. ഇതില് ഒരു ഗാനം മലയാളത്തിലായിരിക്കണം. കരോക്കെ ആകാം. അപൂര്ണമായ ഗാനങ്ങളാണ് അയയ്ക്കുന്നതെങ്കില് പരിഗണിക്കുന്നതല്ല. ഇരുവിഭാഗങ്ങളിലും റീജനല് തലത്തില് നിന്നു തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേര് വീതമാണ് ഫൈനല് റൌണ്ടില് പങ്കെടുക്കാന് അര്ഹത നേടുക. ഫൈനല് റൌണ്ടിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര് കണ്വന്ഷനില് പങ്കെടുക്കുന്നതിനായി ഒറ്റയ്ക്കോ കുടുംബമായോ റജിസ്റ്റര് ചെയ്യേണ്ടതാണ്.

ടൊറന്റോ മലയാളി സമാജം ഈസ്റ്റ് സെന്ററില് നടന്ന സ്റ്റാര് സിങ്ങര് കിക്കോഫില് ഫൊക്കാന പ്രസിഡന്റ് ജോണ് പി. ജോണ്, കണ്വന്ഷന് ചെയര് ടോമി കോക്കാട്ട്, എന്റര്ടെയ്ന്മെന്റ് ചെയര് ബിജു കട്ടത്തറ തുടങ്ങിയവര് പങ്കെടുത്തു. കാനഡയിലെ ടൊറന്റോയ്ക്ക് സമീപം മാര്ക്കം ഹില്ട്ടണ് സ്വീറ്റ്സ് കോണ്ഫറന്സ് സെന്ററില് ജൂലൈ ഒന്നു മുതല് നാലു വരെയാണ് കണ്വന്ഷന്.

സ്റ്റാര് സിങ്ങര് മല്സരം സംബന്ധിച്ച കൂടുതല് വിവരങ്ങള്ക്ക് ഡോമിനിക് ജോസഫ് (289-937-6801), സാവിയോ ഗോവ്യസ് (647-448-2469), രാജീവ് ദേവസി (647-801-6965), സജായ് സെബാസ്റ്റ്യന് (780-802-8444) എന്നിവരുമായി ബന്ധപ്പെടണം.