തെരെഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിക്ക് പൂർണ ഭരണാനുമതി നൽകണം: 2018-2020 ഭരണ സമിതി അംഗങ്ങൾ

ന്യൂയോർക്ക്: ഫൊക്കാനയിൽ പുതിയൊരു ഭരണ സമിതി നിലവിൽ വന്ന സാഹചര്യത്തിൽ അവർക്ക് ഭരിക്കാനുള്ള പൂർണ

അനുമതി നൽകണമെന്നും അതിനുള്ള സാഹചര്യം ഒരുക്കികൊടുക്കാൻ മുൻ പ്രസിഡണ്ട് മാധവൻ ബി. നായരും സെക്രട്ടറി ടോമി കൊക്കാടും തയാറാകണമെന്ന് അദ്ദേഹത്തിനൊപ്പം 2018-2020 കമ്മറ്റിയിലുണ്ടായിരുന്ന അംഗങ്ങൾ അഭ്യർത്ഥിച്ചു. തങ്ങളുടെ കാലത്ത് ഈ ഭരണ സമിതിയിലെ എല്ലാ നേതാക്കന്മാരും പൂർണ പിന്തുണ നൽകിയതുകൊണ്ടാണ് മാധവൻ നായരുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതെന്നും നേതാക്കന്മാർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഭരണസമിതി അധികാരത്തിൽ എത്തുമ്പോൾ അതിനു മുൻപ് പ്രസിഡണ്ട് ആയിരുന്ന തമ്പി ചാക്കോ ഉൾപ്പെടെയുള്ള നേതാക്കന്മാർ തങ്ങൾക്കെതിരായി ഒരു പ്രസ്‌താവന പോലും ഇറക്കി യാതൊരു ബുദ്ധിമുട്ടുകളും സൃഷ്ടിച്ചിട്ടില്ല എന്ന കാര്യം ഓർമ്മിപ്പിക്കുകയാണ്.ഫൊക്കാനയുടെ 2018-2020 തെരെഞ്ഞെടുപ്പിൽ 2 വർഷത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മാധവൻ നായരുടെ നേതൃത്വത്തിലുളള നമ്മുടെ കമ്മറ്റിയുടെ കാലാവധി അവസാനിച്ചതിനാൽ ഇനി പ്രസിഡണ്ട്,സെക്രട്ടറി ഉൾപ്പെടെ നമ്മൾ എല്ലാവരും മുൻ ഭാരവാഹികളായി തന്നെയാണെന്ന വസ്തുത അംഗീകരിക്കണം. ദയവുചെയ്ത് താനാണ് ഇപ്പോഴും പ്രസിഡണ്ട് എന്ന പേരിൽ മാധവൻ നായരും ടോമി കൊക്കാട്ടും പ്രസ്താവനകൾ ഇറക്കുന്നതും മീറ്റിങ്ങുകൾ വിളിച്ചു കൂട്ടുന്നതും അവസാനിപ്പിക്കണം. ഇത്തരം പ്രവർത്തികൾ ഫൊക്കാന എന്ന മഹത്തായ സംഘടനയുടെ സൽപ്പേരിനു വല്ലാത്ത കളങ്കം ചാർത്തിയിട്ടുണ്ടെന്നും പഴയ കമ്മറ്റിയിലെ അംഗങ്ങൾ വ്യക്തമാക്കി.
കാലാവധി കഴിഞ്ഞതിനാൽ നമ്മൾ ഇറങ്ങി പോകണം. തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു കമ്മറ്റി ഇപ്പോൾ നിലവിലുണ്ട്. അവർക്കു വഴി മാറി കൊടുക്കേണ്ടത്‌ ഏതു ജനാധിപത്യ പ്രസ്ഥാനത്തിലെയും നേതൃത്വത്തിന്റെ ധാർമിക ചുമതലയാണ്.എന്നാൽ ഇപ്പോൾ നടക്കുന്നത്, കഴിഞ്ഞ വർഷത്തെ കമ്മറ്റിയിൽ പ്രവർത്തിച്ച നമ്മെ പൊതുജന മധ്യത്തിൽ കരിതേച്ചു കാട്ടുന്ന പ്രവർത്തനങ്ങളാണ്. ഫൊക്കാനാ എന്ന മഹത്തായ പ്രസ്ഥാനത്തിനു നാം മൂലം നാണക്കേട് വരുത്തി വക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാധവൻ നായരും ടോമി കൊക്കാടും ദയവു ചെയ്തു പിന്മാറണം. സ്ഥാനം ഒഴിഞ്ഞു കൊടുക്കാതെ കടിച്ചു തൂങ്ങി കിടക്കേണ്ട ആവശ്യം നമുക്കില്ല.- നേതാക്കന്മാർ പറയുന്നു.
ഫൊക്കാന എന്ന സംഘടനയ്ക്ക് അമേരിക്കയിലും കാനഡയിലും മാത്രമല്ല ലോകം മുഴുവനുമുള്ള മലയാളികൾ ആദരിക്കുന്ന പ്രസ്ഥാനമാണ്. അതിന്റെ നേതൃത്വ സ്ഥാനങ്ങളിൽ 2 വര്‍ഷം പ്രവർത്തിച്ചതിനു ശേഷം മാറിക്കൊടുക്കാതിരിക്കുന്നത് ഭൂഷണമല്ല. ഇത് ജനങ്ങൾ അംഗീകരിക്കയില്ല. അധികാരം നീട്ടിക്കിട്ടാൻ മുൻ പ്രസിഡണ്ടും സെക്രട്ടറിയും നടത്തുന്ന ഇത്തരം നാടകങ്ങളിൽ തങ്ങൾക്കാർക്കും പങ്കില്ലെന്ന് വ്യകതമാക്കുകയാണ്. നിങ്ങളോടൊപ്പം കഴിഞ്ഞ കമ്മിറ്റിയിൽ തങ്ങൾകൂടി അംഗങ്ങളായതിനാൽ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതുമൂലം പലരും തങ്ങളെ തെറ്റിദ്ധരിക്കുകയാണ്. മാധവൻ നായരും ടോമിയും നടത്തുന്ന ഇത്തരം അധികാര നാടകം കളിയിൽ തങ്ങൾ ലജ്ജിതരാണെന്നും ഇക്കാര്യങ്ങളിൽ തങ്ങൾക്കാർക്കും യാതൊരു പങ്കുമില്ലെന്നും മുൻ ഭാരവാഹികൾ വ്യക്തമാക്കി.
പണം കൊടുത്തു പ്രസ്ഥാനത്തിനും നേതൃത്വത്തിനും എതിരായി വീഡിയോ ഇറക്കുന്നതും നിർത്തിയെ മതിയാവൂ. ഇതൊന്നും സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡണ്ടിനോ മറ്റു ഭാരവാഹികളുടെയോ അന്തസിനു ചേരുന്ന നടപടിയല്ല. കൺവെൻഷൻ നടത്തുന്നതിലല്ല കാര്യം. കഴിഞ്ഞ രണ്ടു വര്ഷം നാം അമേരിക്കയിലും കേരളത്തിലും ചെയ്ത പ്രവർത്തങ്ങൾ ആണ് നമ്മുടെ വില ഉഅയർത്തിക്കാട്ടുന്നത്. ഈ കൊറോണക്കാലത്തു ഒരു കൺവെൻഷൻ നടത്തിയില്ല എന്ന് കരുതി മാധവൻ നായരുടെ പേരിനു യാതൊരു കളങ്കവും വരില്ല. അമേരിക്കയിലെ മറ്റ് എല്ലാ സംഘടനകൾക്കും ഇതു തന്നെയല്ലെ സംഭവിച്ചത്. നമുക്ക് സന്തോഷത്തോടു കൂടി പുതിയ നേതൃത്വത്തെ സ്വീകരിച്ചുകൊണ്ട് പ്രസ്ഥാനത്തിലെ അനിശ്ചിതത്വം ഒഴിവാക്കി സംഘടനയോടുള്ള കൂറും സ്നേഹവും കാട്ടേണ്ട സമയമാണ്. നേതാക്കൾ വ്യക്തമാക്കി.
പഴയ കമ്മറ്റിയിലെ അംഗങ്ങളായ ജോൺ കല്ലോലിക്കൽ, പ്രവീൺ തോമസ്, അപ്പുക്കുട്ടൻ പിളള, ഡോ. ബാബു സ്റ്റീഫൻ, ചാക്കോ കുര്യൻ , ഗീതാ ജോർജ്, സജിമോൻ ആന്റണി, സജി പോത്തൻ, രാജീവ് കുമാരൻ, ഡോ. എം. അനിരുദ്ധൻ, ജോൺ പി ജോൺ, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, സണ്ണി മറ്റമന, വിപിൻ രാജ്, ബെൻ പോൾ,ഡോ. മാത്യു വർഗീസ്, ഗണേഷ് ഭട്ട്, സ്റ്റാൻലി എത്തുനിക്കൽ, ടീന കലാകാവുങ്കൽ എന്നിവർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.