ഫ്രാൻസിസ് തടത്തിൽ 

ഫ്ലോറിഡ:ഫൊക്കാനയുടെ 2022 കൺവെൻഷൻ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടക്കുമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു.  ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായ ഒര്‍ലാന്‍ഡോയില്‍ നിന്നുള്ള പ്രമുഖ സംഘടന പ്രവര്‍ത്തകനും ബിസിനസ്‌കാരനുമായ  ചാക്കോ കുര്യനെ കൺവെൻഷൻ കമ്മിറ്റി ചെയർമാൻ ആയി നിയമിച്ചതായും പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു. ഫൊക്കാന മുൻ  ആർ.വി.പി യായിരുന്ന ജോൺ കല്ലോലിക്കൽ, ലിബി ഇടിക്കുള എന്നിവരാണ് കൺവെൻഷൻ കമ്മിറ്റി കോ- ചെയർമാർ. രാജൻ പടവത്തിൽ സ്ഥാനമൊഴിഞ്ഞ ഫൊക്കാനയുടെ ആർ.വി.പി. സ്ഥാനത്തേക്ക് നാഷണൽ കമ്മിറ്റി അംഗമായിരുന്ന കിഷോർ പീറ്ററിനെ നിയമിച്ചതായും പ്രസിഡണ്ട് അറിയിച്ചു. കൺവെൻഷൻ നടക്കുന്ന ഫ്ലോറിഡ റീജിയണിന്റെ വൈസ് പ്രസിഡണ്ട് എന്ന ഭരിച്ച ഉത്തരവാദിത്വവും കിഷോർ പീറ്ററിനുണ്ട്.

ഫൊക്കാന 2022 കൺവെൻഷൻ ഒർലാൻഡോയിൽ; ചാക്കോ കുര്യൻ കൺവെൻഷൻ ചെയർമാൻ
ഫൊക്കാനയുടെ വിവിധ തലങ്ങളിൽ കാൽ നൂറ്റാണ്ടിലേറെ പ്രവർത്തിച്ച മുതിര്‍ന്ന നേതാവായ ചാക്കോ കുര്യൻ  ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷ(ഓർമ്മ)നെ പ്രതിനിധീകരിച്ചാണ് നാഷണൽ കമ്മിറ്റിയിൽ എത്തിയത്.  ഒർലാണ്ടോയിൽ അറിയപ്പെടുന്ന സാമൂഹ്യ സംഘടനാ പ്രവർത്തകനായ അദ്ദേഹം മുൻപ് ഫൊക്കാന ഓഡിറ്റർ ആയിരുന്നു. ഒർലാണ്ടോ റീജിയണൽ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡണ്ട് ആയ ചാക്കോ കുര്യൻ ഫ്‌ളോറിഡ റീജിയണയിൽ ഏറെ ജനസമ്മിതിയുള്ള നേതാവാണ്. ഒർലാണ്ടോയിലും സമീപ പ്രദേശങ്ങളിലും നിരവധി  ഗ്യാസ് സ്റ്റേഷനുകൾ സ്വന്തമായുള്ള ചാക്കോ റിയൽറ്റി  രംഗത്തും സജീവമാണ്. ഫ്‌ലോറിഡയിൽ നിരവധി സംഘടനകളുടെ സ്‌പോണ്‍സര്‍ ആയും ചാക്കോ മുന്നിട്ടറങ്ങാറുണ്ട്.
ഒര്‍ലാന്‍ഡോ സെയിന്റ് മേരീസ് കാത്തലിക്ക്  പള്ളി വാങ്ങാന്‍ മുഖ്യ പങ്കു വഹിച്ച  പ്രധാന സ്‌പോണ്‌സര്‍മാരിലൊരാളുമായിരുന്നു. 1999,2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്റായിരുന്ന ചാക്കോ കുര്യന്‍ ഇപ്പോള്‍ അതിന്റെ അഡ്വസറി കമ്മിറ്റി അംഗമാണ്. ലോങ്ങ് ഐലന്റ് കാത്തലിക്ക് അസോസിയേഷന്റെ 1993-1994വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു. സാമൂഹിക രംഗങ്ങളിലെന്നപോലെ ബിസിനസ് രംഗത്തും വൻ നേട്ടങ്ങളുണ്ടാക്കിയ അദ്ദേഹം ജീവിതത്തിൽ നിരവധി നേട്ടങ്ങൾ കൊയ്ത വ്യക്തിത്വത്തിന്റെ ഉടമയാണ്.മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (മാറ്റ്) യെ പ്രതിനിധീകരിക്കുന്ന ജോൺ കല്ലോലിക്കൽ ഫ്‌ലോറിഡയിൽ ഏറെ ജനസമ്മിതിയുള്ള യുവ നേതാവാണ്. ഫൊക്കാനയുടെ സജീവ പ്രവർത്തകനായ ജോൺ കഴിഞ്ഞ അഞ്ചു വർഷമായി മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ വിധവ കമ്മിറ്റികളിൽ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.താമ്പായിലെ മാർ ഗ്രീഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ രണ്ടു തവണ ട്രസ്റ്റീ ആയിരുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കൂത്താട്ടുകുളം മണിമലക്കുന്ന് ഗവണ്മെന്റ് കോളേജിൽ 1989 ഇൽ കോളേജ് യൂണിയൻ ചെയർമാൻ ആയിട്ടായിരുന്നു അരങ്ങേറ്റം. 13 വർഷമായി എസ്. എഫ്.ഐക്കുണ്ടായിരുന്ന മേൽക്കോയ്മ ജോണിന്റെ നേതൃത്വത്തിലുള്ള  കെ.എസ.യൂ.പാനൽ തൂത്തൂ വാരി ചരിത്രം സൃഷ്ടിച്ചു . കെ.എസ്.യൂ മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, യൂത്ത് കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ അതിജീവനത്തിനായി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു ഡൽഹിക്കു കുടിയേറിയ ജോൺ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്നു. കേരള സമാജം ഓഫ് ന്യഡൽഹിയുടെ  സജീവ പ്രവർത്തകനുമായിരുന്നു.
കൈരളി ആർട്സ് ക്ലബ്‌ ഓഫ് സൗത്ത് ഫ്ളോറിഡയെ പ്രതിനിധീകരിക്കുന്ന ലിബി ഇടിക്കുള ഏറെ ജനസമ്മിതിയുള്ള വനിത നേതാവാണ്. മയാമിയിൽ കാത്തലിക്ക്  അസോസിയേഷൻ  ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. കേരള സമാജം ഓഫ്‌ സൗത്ത് ഫ്ലോറിഡായുടെ പ്രസിഡന്റ് ആയും അഡ്വൈസറി ബോർഡ്‌ ചെയർപേഴ്‌സണായും സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട്‌.
സൗത്ത് ഫ്‌ലോറിഡയിൽ ക്നാനായ അസോസിയേറ്റിയൻ സെക്രട്ടറിയായി രണ്ടു പ്രാവശ്യം പ്രവർത്തിച്ച ലിബി വിമൻസ് ഫോറം പ്രസിഡണ്ട് ആയിരുന്നു.  ഫാ. ഡേവിഡ് ചിറമേലിന്റെ നേതൃത്വത്തിലുളള ഹങ്കർ ഹണ്ട് ഉൾപ്പെടയുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ലിബി നിലവിൽ  സൗത്ത് ഫ്‌ളോറിഡ കൈരളി ആർട്സ് ക്ലബ്ബ് വിമൻസ്  ഫോറം ചെയർ പേഴ്സൺ ആയി പ്രവർത്തിച്ചു വരികയാണ്.
കൺവെൻഷൻ സംബന്ധിച്ച പ്രരംഭഘട്ട ഒരുക്കങ്ങൾ ആരംഭിച്ചതായും ജോർജി വർഗീസ് അറിയിച്ചു. അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ ഒർലാൻഡോയിൽ കൺവെൻഷൻ നടത്തുക വഴി വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് ജോർജി വർഗീസ് അറിയിച്ചു. ഫൊക്കാനയുടെ പ്രസിഡണ്ട് ജോർജി വർഗീസും ട്രഷറർ സണ്ണി മറ്റമനയും ഫ്‌ലോറിഡയിൽ നിന്നുള്ളവരാണ്. സെക്രട്ടറി ഡോ. സജിമോൻ ആന്റണി ന്യൂജേഴ്സിയിലാണ്.കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് കേരള കൺവെൻഷൻ 2021 അവസാനത്തോടെ നടത്താൻ പദ്ധിതിയിട്ടുവരികയാണെന്നും പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന എന്നിവർ അറിയിച്ചു.