ന്യൂജേഴ്‌സി: ഫൊക്കാന വിമൻസ് ഫോറത്തിന്റെ സഹകരണത്തോടെ ലോക പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ  പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിൽ   ഡിഫാറന്റ് ആർട്സ് സെന്ററിലെ കുട്ടികൾകളുടെ അമ്മമാർക്കായി ആരംഭിച്ച കരിസ്മ സെന്ററിനു പ്രൗഢഗംഭീരമായ തുടക്കം. ലോക ഭിന്ന ശേഷി ദിനമായ ഡിസംബർ  3- ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞു മൂന്നിന് കഴക്കൂട്ടത്തെ മാജിക്ക് പ്ലാനറ്റിൽ ചടങ്ങിൽ  അഡിഷണൽ ഡിജിപി ബി.സന്ധ്യയാണ് കരിസ്മ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഫൊക്കാന വിമൻസ് ഫോറത്തിന്റെ സഹകരണത്തോടെ മാജിക്ക് പ്ലാനറ്റിൽ ആരംഭിച്ച  കരിസ്മ എ മൂവ് ഫോർ മദേഴ്‌സ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ ഭിന്ന ശേഷിയുള്ള 100 കുഞ്ഞുങ്ങളുടെ അമ്മമാർക്ക് സ്വയം തൊഴിൽ സ്വയം തൊഴിൽ പരിശീലിക്കുന്നതിനും അതിലൂടെ വരുമാനം കണ്ടെത്താനും സാധിക്കും.

100 കുഞ്ഞു മാലാഖമാർക്കും അമ്മമാർക്കും സാന്ത്വനമായി ഫൊക്കാന;  കരിസ്മ സെന്ററിനു പ്രൗഢോജ്വല തുടക്കം

ഫൊക്കാനയ്ക്കും വിമൻസ് ഫോറത്തിനും അഭിമാനത്തിന്റെ മുഹൂർത്തം സമ്മാനിച്ച ഈ പരിപാടിയിൽ കെ.ടി..സി. ചെയർമാൻ എം.വി.ജയകുമാർ അധ്യക്ഷത വഹിച്ചു. ന്യൂയോർക്ക് സമയം  വെളുപ്പിന് 4.30 നു നടന്ന  ചടങ്ങിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് വീഡിയോ സന്ദേശത്തിലൂടെ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര താരം  മേനക സുരേഷ് മുഖ്യാതിഥിയായിരുന്നു. മാജിക്ക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ.ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ പ്രസംഗിച്ചു.  ഫോക്കാന വിമൻസ് ഫോറം ചെയർ ഡോ. കല ഷഹി വീഡിയോ സന്ദേശം നൽകി. ഡിഫറൻറ്  ആര്‍ട്ട് സെന്റര്‍ ചീഫ് കോർഡിനേറ്റർ ദിവ്യ സ്വാഗതവും കരിസ്മ കോർഡിനേറ്റർ സുഹ്‌റ റാ മമ്മു നന്ദിയും പറഞ്ഞു.   കരിസ്മ സെന്ററിന്റെ ആദ്യ പ്രോജക്ടിന്റെ ഭാഗമായി നിര്‍മിച്ച ബാഗുകള്‍ വിശിഷ്ട വ്യക്തികള്‍ക്ക് അമ്മമാര്‍ വിതരണം ചെയ്തു.

മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് സ്ഥിതിചെയ്യുന്ന മാജിക്ക് പ്ലാനറ്റിൽ പ്രവർത്തിക്കുന്ന ഡിഫറൻറ് ആർട്സ് സെന്ററിൽ(ഡി.എ.സി.) ഭിന്ന ശേഷിയുള്ള 100 കുട്ടികളെയാണ്  ദത്തെടുത്തിട്ടുള്ളത്. അവരുടെ വ്യത്യസ്തമായ കഴിവുകൾ പരിപോഷിപ്പിച്ചെടുത്ത് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാജിക്ക് സെന്ററിലെ ഡി എ സി യിൽ നടന്നുവരുന്നത്. ഏറെ നിർധന കുടുബത്തിൽപ്പെട്ട ഇവരുടെ അമ്മമാർ ആണ് ഇവിടെ വളണ്ടിയർമാരായി പ്രവർത്തിക്കുന്നത്. ഈ നൂറു കുട്ടികളുടെ അമ്മമാരെ  സ്വയം പര്യപ്തരാക്കുവാൻ വേണ്ടിയാണ് കരിസ്മ സെന്റർ ആരംഭിച്ചിരിക്കുന്നത്.
കരിസ്മ എ മൂവ് ഫോർ മദേഴ്‌സ് എന്ന പേരിലുള്ള ഈ പദ്ധതി പ്രകാരം 100 അമ്മമാർക്ക്  തയ്യൽ പരിശീലനം, ബാഗ് നിർമ്മാണം , കരകൗശല വസ്‌തുക്കളുടെ നിർമ്മാണം, തയ്യല്‍ പരിശീലനം, മെഴുകുതിരി നിര്‍മാണം, തുടങ്ങിയ പരിശീലനങ്ങളാണ് സെന്ററില്‍ നല്‍കുന്നത്.  ഇവിടെയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിപണികളിലെത്തിക്കുവാനും സെന്റര്‍ ലക്ഷ്യമിടുന്നുണ്ട്.  വിവിധ കമ്പനികളുടെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള യൂണിറ്റായും സെന്റര്‍ പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ സഞ്ചി ബാഗ്സിന്റെ നേതൃത്വത്തിലുള്ള സഞ്ചിനിര്‍മാണവും സെന്ററില്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണമായും ഭിന്നശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും മാത്രമാണ് വിനയോഗിക്കികയെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. ഈ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നത് ഫൊക്കാനയുടെ വിമൻസ് ഫോറമാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഫൊക്കാന പ്രതിജ്ഞാബദ്ധരാണെന്ന് പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു.
ഫൊക്കാനയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യപ്രവർത്തങ്ങളുടെ ഒരു വലിയ നാഴികക്കല്ലാണിതെന്ന്  സെക്രട്ടറി സജിമോൻ ആന്റണി പറഞ്ഞു.സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വിമൻസ് ഫോറത്തിന്റെ നേതുത്വത്തിൽ നടത്തുന്ന ഈ പ്രവർത്തങ്ങൾ തികച്ചും അർഹതപ്പെട്ട വിഭാഗത്തിലേക്ക് എത്തിച്ചുകൊടുക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന്  വിമെൻസ് ഫോറം ചെയർ ഡോ.കല ഷാഹിയും അറിയിച്ചു.

ഫൊക്കാനയുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്  പ്രൊഫ. മുതുകാടുമായുള്ള ഈ സംയുകത പദ്ധതിയെന്ന്‌ ഇന്റർനാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളിൽ അറിയിച്ചു.

വിമൻസ് ഫോറം പ്രവർത്തക ഗീതാ ജോർജ് പ്രോഗ്രാമിന്റെ നടത്തിപ്പിൽ പ്രത്യേക നേതൃത്വം നല്കി.
രണ്ടു വർഷത്തെ പ്രവർത്തനത്തിന്റെ ആരംഭത്തിൽ തന്നെ മഹത്തായ ഈ പദ്ധതിക്ക് രൂപം നൽകിയ ഫൊക്കാനാ കമ്മറ്റിയെ, ബോർഡ്‌  ഓഫ് ട്രസ്റ്റി ചെയര്മാന് ഫിലിപ്പോസ് ഫിലിപ് അഭിനന്ദിച്ചു.
ഇതുപോലുള്ള നിരവധിയായ കാരുണ്യ പ്രവർത്തങ്ങൾക്ക് ഫൊക്കാന നേതൃത്വം നൽകുമെന്ന് ട്രഷർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്,  അസോസിയേറ് ട്രഷറർ വിപിൻ രാജ്,  അഡിഷണൽ അസോസിയേറ്റ്  സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര എന്നിവർ പറഞ്ഞു.