Blog
ഗാന്ധി പ്രതിമ തകർത്ത സംഭവം ഫൊക്കാന ദേശീയ നേതൃത്വം അപലപിച്ചു
ന്യൂജേഴ്സി: കാലിഫോർണിയയിലെ സാക്രമെന്റോ സിറ്റിയിലെ ഡേവിസ് സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകർത്ത നടപടി അങ്ങേയറ്റം അപലനീയമാണെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്. ഇന്ത്യയുടെ അഖണ്ഡതയെ ശിഥിലീകരിക്കാൻ ശ്രമിക്കുന്ന ഇന്ത്യ വിരുദ്ധമായ ഒരുകൂട്ടം സാമുഹിക വിരുദ്ധർ ഗാന്ധിജിയുടെ സമാധി ദിനമായ ജനുവരി 30 ന് തന്നെ ഗാന്ധി പ്രതിമ തച്ചുടച്ചത് രാഷ്ട്ര പിതാവിനെ അപമാനിക്കാനും ലോകം മുഴുവനുമുള്ള ഇന്ത്യക്കാരുടെ വികാരത്തെ വൃണപ്പെടുത്താനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം മുഴുവനുമുള്ള ഇന്ത്യക്കാർ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഗാന്ധി സ്മാരകങ്ങളിൽ പുഷ്പാഞ്ജലി സമർപ്പിക്കുമ്പോൾ അമേരിക്കയിലെ ഇന്ത്യക്കാരുടെ ജന്മ രാജ്യത്തിന്റെ വികാരം വൃണപ്പെടുത്താനായി കരുതിക്കൂട്ടി നടത്തിയ പ്രകോപനപരമായ ഈ നീച പ്രവർത്തിയെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തി ത്വരിത നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫൊക്കാനയുടെ കാലിഫോപർണിയ റീജിയനുമായും കാലിഫോർണിയായിലെ അംഗ സംഘടനകളുമായും ബന്ധപ്പെട്ട് കൂടുതൽ ഇടപെടലുകൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യകത്മാക്കി.
അതുകൊണ്ടു തന്നെ ഈ സംഭവത്തെ ഗൗരവമായി കാണേണ്ടതുണ്ട്. കഴിഞ്ഞ കുറെക്കാലമായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ ഗാന്ധി പ്രതിമകളെ അവഹേളിക്കുന്ന നടപടികൾ ഏറിവരുകയാണ്.
ഇന്ത്യക്കാരുടെ വികാരം വൃണപ്പെടുത്തിയ ഈ കിരാത നടപടിയിൽ നയതന്ത്ര തലത്തിൽ ഇടപെടലുകൾ നടത്തണമെന്ന് കാലിഫോർണിയയിലെ ഇന്ത്യൻ കോൺസിലറിനോട് അഭ്യർത്ഥിക്കാനും പ്രസിഡണ്ട് ജോർജി വർഗീസിന്റെ അധ്യക്ഷത്തിൽ കൂടിയ പ്രതിഷേധ യോഗം തീരുമാനിച്ചു.
അഹിംസയുടെ മാർഗത്തിലൂടെ ഭാരതമെന്ന മഹത്തായ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ സത്യത്തിനും നീതിക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആ മഹാത്മാവ് രക്തസാക്ഷ്യം വരിച്ച ആ ദിവസം തന്നെ പ്രതിമ തച്ചുടച്ചതിൽ ഏറെ ദുരൂഹതയാണ് നിലനിൽക്കുന്നത്. ഈ കിരാത സംഭവത്തിനുത്തരവാദികളായവരെ നീതിക്ക് മുമ്പിൽ കൊണ്ടുവരാൻ പ്രസിഡണ്ട് ജോ ബൈഡൻ ഫെഡറൽ അന്വേക്ഷണത്തിന് ഉത്തരവിടണമെന്നും ഇന്ത്യൻ എംബസി വഴി ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
മഹാത്മാവിനോടുള്ള ഭാരതീയരുടെ സ്നേഹവും ബഹുമാനവും ആദരവുമെല്ലാം എല്ലാ ഇന്ത്യക്കാരുടെയും സിരകളിൽ ഒഴുകുന്ന രക്തത്തിൽ അലഞ്ഞു ചേർന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ മഹാത്മാ ഗാന്ധിയുടെ പ്രതിമയുടെ കൈകൾ അറത്തു മാറ്റുന്നവരും ശിരഃഛേദനം നടത്തുന്നവരും ഓർക്കുക അദ്ദേഹത്തിന്റെ സ്മരണകളെ ഉല്മ്മൂലനം ചെയ്യാൻ ഒരായിരം പ്രതിമകൾ തകര്ത്താലും മതിയാവില്ല.
ഇന്ത്യയുടെ സ്വന്തന്ത്ര്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ മനുഷ്യ സ്നേഹിയെ അപമാനിക്കുക വഴി ലോകത്തിനു മുൻപാകെ ഇന്ത്യയെയും, ഭാരതീയതയേയും അപമാനിക്കുവാനുള്ള നീക്കത്തെ വിലപ്പോവുകയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർ പേഴ്സൺ ഡോ. കല ഷഹി, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, അൺ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, ഫൊക്കാന എക്സിക്യൂട്ടീവ്- നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ്മെമ്പർമാർ, തുടങ്ങിയവർ പങ്കെടുത്തു.