Blog
Fokana Official Website – Federation of Kerala Associations in North AmericaBlogGeneralകോവിഡ് വാക്സീൻ കണ്ടു പിടിച്ചത് വെറും ഏഴുമാസത്തെ പരിശ്രമം കൊണ്ടല്ലെന്ന് ക്ലിനിക്കൽ ട്രെയ്ൽസിൽ പങ്കെടുത്ത ബിനു കൊപ്പാറ
Posted on
February 8, 2021
in
കോവിഡ് വാക്സീൻ കണ്ടു പിടിച്ചത് വെറും ഏഴുമാസത്തെ പരിശ്രമം കൊണ്ടല്ലെന്ന് ക്ലിനിക്കൽ ട്രെയ്ൽസിൽ പങ്കെടുത്ത ബിനു കൊപ്പാറ
ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്‌സി:കോവിഡ് വാക്സീൻ കണ്ടു പിടിച്ചത് വെറും ഏഴുമാസത്തെ പരിശ്രമം കൊണ്ടല്ലെന്നും കഴിഞ്ഞ 30 വർഷമായി ഇതിനു പിന്നിൽ പ്രവർത്തിച്ച അദൃശ്യമായ കരങ്ങൾ ഉണ്ടെന്നും ഫൈസർ വാക്സീന്റെ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത ഫൈസർ ബയോ എൻടെക്ക് ( Pfizer-BioNTech ) കമ്പനിയിലെ മലയാളിയായ ശാസ്ത്രജ്ഞൻ ബിനു സാമുവേൽ കൊപ്പാറ. സാധരണ ഒരു വാക്സീൻ വികസിപ്പിച്ചെടുക്കണമെങ്കിൽ കുറഞ്ഞത് 8 മുതൽ 10 വർഷം വരെ സമയമെടുക്കാറുണ്ട്. എന്നാൽ ഫൈസർ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സീൻ വെറും 7 മാസം കൊണ്ടാണ് പൂർത്തിയായത്. കഴിഞ്ഞ 30 വർഷമായി മെസഞ്ചർ ആർ.എൻ.എ യെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരുന്ന പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൾ നിന്നുള്ള ഡോ.കാതലിൻ കരീക്കോ എന്ന ഗവേഷകയെ ലോകം നന്ദിയോടെ സമരിക്കേണ്ടതുണ്ടെന്നും ബിനു കൊപ്പാറ കൂട്ടിച്ചേർത്തു. ഫൊക്കാന ന്യൂയോർക്ക് റീജിയൻ സംഘടിപ്പിച്ച കോവിഡ് വാക്സീൻ സംബന്ധിച്ച വെർച്ച്വൽ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്സീൻ ഗവേഷണം ഇത്ര വേഗം പൂർത്തിയാക്കാൻ കഴിഞ്ഞത് ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിയ കഠിനാധ്വാനിയായ ഈ മഹാ വനിതയുടെ വിട്ടുവീഴ്‍ചയില്ലാത്ത ദീർഘവീക്ഷണത്തോടെയുള്ള ഗവേഷണത്തിന്റെ ഫലമാണ്. കോവിഡ് മഹാമാരി ലോകത്തെ കീഴടക്കിയത് വെറും ഒരു വർഷംകൊണ്ടാണെങ്കിൽ കോവിഡ് വാക്സീൻ കണ്ടുപിടിക്കാനായി 30 വർഷം മുൻപ് തന്നെ ദൈവത്തിന്റെ കരങ്ങൾ ഡോ. കാത്തലീനിലൂടെ പ്രവർത്തിച്ചിരുന്നുവെന്നതാണ് ഏറ്റവും മഹത്തായ കാര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർണായകമായ MRNA അഥവാ മെസഞ്ചർ RNA
മനുഷ്യ ശീരരത്തിലെ ഇമ്മ്യൂൺ സംവിധാന(രോഗ പ്രതിരോധ സംവിധാനം)ത്തിന് സന്ദേശം നൽകുകയാണ് എം.ആർ. എൻ എ (MRNA) അഥവാ മെസഞ്ചർ RNA ചെയ്യുന്നത്. കോവിഡ് 19 പോലുള്ള വൈറസുകൾ മനുഷ്യ ശരീരത്തിൽ പടരുന്നത് ഇമ്മ്യൂൺ സിസ്റ്റം അറിയാൻ വൈകുന്നതുമൂലമാണ് രോഗാണുക്കൾ അതിവേഗം പടർന്ന് വിവിധ അവയവങ്ങളിലേക്ക് വ്യാപിക്കുന്നത്. എന്നാൽ ഫൈസർ വാക്സീൻ പോലുള്ള എം.ആർ. എൻ എ (MRNA) വാക്‌സിനുകൾ സ്വീകരിക്കുന്നവർക്ക് വൈറസ് ബാധയുണ്ടാകുന്നമുറയ്ക്ക് തന്നെ അവയെക്കുറിച്ചുള്ള വിവരങ്ങൾ ഇമ്മ്യൂൺ സംവിധാനത്തിനു ലഭിക്കുകയും രോഗാണുക്കൾ പടരുന്നു വ്യാപിക്കും മുൻപ് തന്നെ അവയെ തുരത്തിയോടിക്കാൻ ഇമ്മ്യൂൺ സംവീധാനത്തിനു സാധിക്കുന്നു. ഒരിക്കൽ വാക്സീൻ സ്വീകരിച്ചുകഴിഞ്ഞാൽ പിന്നെ ഓരോ തവണയും കോവിഡ് വൈറസ് നമ്മുടെ ശരീരത്തിൽ കയറാനിടയാൽ വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ ശരീത്തിലുള്ള ഈ മെസഞ്ചർ RNA ഇമ്മ്യൂൺ സംവീധാനത്തെ ഉണർത്തി ഓർമ്മപ്പെടുത്തലുകൾ തുടർന്നുകൊണ്ടിരിക്കും. അതുകൊണ്ടാണ് MRNA യെ മെമ്മോറി RNA എന്നും വിളിക്കുന്നത്.
MRNA ആദ്യ മൂന്ന് ഘട്ട പരീക്ഷണം നീണ്ടുപോയത് 30 വർഷം
മെസഞ്ചർ RNA യെ എന്തുകൊണ്ട് ശരീരത്തിന് പുറത്ത് ഒരു ടെസ്റ്റ്യുബിൽ നിർമ്മിച്ചുകൂടാ എന്ന ചിന്തയിൽ നിന്നാണ് 30 വർഷം മുൻപ് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകയായിരുന്ന ഡോ.കാത്തലീൻ ഇത്തരമൊരു പരീക്ഷണത്തിന് മുതിർന്നത്. എന്നാൽ ഓരോ തവണ നടത്തിയ പരീക്ഷണത്തിലും പരാജയപ്പെട്ട അവർ 28 വര്‍ഷം തുടർച്ചയായ പരാജയത്തിലും തളരാതെ പരീക്ഷണം തുടർന്നുകൊണ്ടിരുന്നു. ഇതിനിടെ ജോലിയും നഷ്ടപ്പെട്ട അവർ ഫണ്ടില്ലാതെ വിഷമിച്ചുകൊണ്ടിരിക്കെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു അധ്യാപകൻ പ്രഫ. ബെയ്ഡർമണിയാണ് അവരെ സഹായിച്ചത്. അങ്ങനെ തുടർച്ചയായ 28 വർഷത്തെ പരാജയത്തിനു ശേഷം 2 വർഷം മുൻപാണ് അവർക്ക് ഗവേഷണ വിജയം കൈവരിക്കാനായത്. 30 വർഷത്തെ പരീക്ഷണത്തിനൊടുവിൽ മൂന്നാമത്തെ ഘട്ടം വിജയം കരസ്ഥമാക്കി.
ഏതൊരു വാക്സീനും വികസിപ്പിച്ചെടുക്കണമെങ്കിൽ 4 ഘട്ടങ്ങളിലായുള്ള പരീക്ഷണത്തിലൂടെ കടന്നു പോകണം. ഈ പരീക്ഷണങ്ങൾ പൂർത്തിയാക്കുവാനാണ് 8 മുതൽ 10 വർഷങ്ങൾ വേണ്ടിവരുന്നത്. ഇതിൽ മൂന്നാമത്തെ ഘട്ടമാണ് മൃഗങ്ങളിൾ വാക്സീൻ പരീക്ഷണം നടത്തുന്നത്. ടെസ്റ്റ്യുബിൽ വികസിപ്പിച്ച MRNA മൃഗങ്ങളിൽ നടത്തിയ പരീക്ഷണമാണ് തുടർച്ചയായി പരാജയപ്പെട്ടതുമൂലം അനന്തമായി നീണ്ടുപോയത്.
ഫൈസർ വാക്‌സിന് വേണ്ടി വന്നത് മനുഷ്യരിലുള്ള പരീക്ഷണം മാത്രം
കോവിഡ് 19 മഹാമാരി എത്തുന്നതിനു മുൻപ് തന്നെ MRNA വാക്സീൻ പരീക്ഷണം മൃഗങ്ങളിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതുകൊണ്ട് ഫൈസർ കോവിഡ് വാക്സീൻ വികസനത്തിന് ആദ്യ മൂന്നു ഘട്ടം നടത്താതെ നേരീട്ട് നാലാമത്തെ പരീക്ഷണത്തിലേക്ക് കടക്കാൻ കഴിഞ്ഞു. വെറും 7 മാസത്തിനുള്ളിൽ രാപ്പകളിലില്ലാതെ കഠിന ശ്രമം നടത്തിയതുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 44,000 മാളുകളിൽ അതിവേഗം ക്ലിനിക്കൽ ട്രയൽ അഥവാ മനുഷ്യ ശീലത്തിൽ പരീക്ഷണ വാക്സീൻ നൽകി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത്. 85 ശതമാനം വിജയം കൈവരിച്ച വാക്സീനിന്റെ ദ്രുതഗതി വേഗം കൈവരിക്കാൻ കഴിഞ്ഞത് തുടർച്ചയായുള്ള പരാജയങ്ങളിൽ അടിയറവുപറയാതെ അവസാന വിജയം നേടുംവരെയുള്ള ഡോ. കാതലിന്റെ ആത്മവിശ്വാസത്തോടെയുള്ള സമീപനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 28 വർഷം തുടർച്ചയായി പരാജയപ്പെട്ടപ്പോൾ അവർ ആ ശ്രമം ഉപേക്ഷിച്ചിരുന്നുവെങ്കിൽ അടുത്ത കാലത്തൊന്നും കോവിഡിനെതിരെയുള്ള വാക്സീൻ ലഭ്യമാകുമായിരുന്നില്ല.
MRNA വാക്സീൻ വിജയിക്കുമെന്ന ആത്മവിശ്വാസമായിരുന്നു ഏറെ റിസ്‌ക്കെടുത്തുകൊണ്ട് ഫൈസർ വാക്സീന്റെ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ബിനു സാക്ഷ്യപ്പെടുത്തി. വാക്സീന്റെ വിജയത്തെക്കുറിച്ചോ മറ്റു സാങ്കേതികത്വത്തെക്കുറിച്ചോ ഒരു പ്രവചനം നടത്താൻ സമയമായിട്ടില്ല. ലോകത്ത് ഈ വൈറസ് എത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളു.കൊടുത്താൽ പ്രവചനങ്ങൾ നടത്താൻ ആവശ്യമായ ഡാറ്റ ഈ സമയത്ത് ലഭ്യമല്ല. നിലവിലുള്ള ഡാറ്റ മോഡലിംഗ് പ്രകാരം വാക്സീന് യാതൊരു അപകടവുമില്ല. ജീവൻ അപകടത്തിലാക്കുന്ന യാതൊരുവിധ പാർശ്യ ഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണം ലഭ്യമാകണമെങ്കിൽ സേഫ്റ്റി ഡാറ്റ ലഭ്യമാകാൻ ഇനിയും കുറഞ്ഞത് രണ്ടു വർഷം കാത്തിരിക്കേണ്ടിയിരിക്കുന്നു.
MRNA പരമ്പരാഗത വാക്സീനേക്കാൾ മികച്ചത്
പരമ്പരാഗത വാക്സീനേക്കാൾ ഫൈസർ പോലുള്ള MRNA വാക്സീനെയാണ് താൻ കൂടുതൽ പിന്തുണക്കുകയെന്ന് പറഞ്ഞ ബിനു ഉൾപ്പെടയുള്ള പാനലിസ്റ്റുകൾ അതിന് കാരണമായി MRNA വാക്സീനുകളുടെ സുരക്ഷയെക്കുറിച്ച് അക്കമിട്ടു വ്യക്തമാക്കി. പരമ്പരാഗത വാക്‌സിനുകളിൽ ലൈവ് – ഡെഡ് വൈറസുകളടങ്ങിയിട്ടുണ്ട്. MRNA കോവിഡ് വാക്സീൻ സ്വീകരിക്കുക വഴി ആരിലും കോവിഡ് പോസിറ്റീവ് ആകുന്നില്ല. MRNA വാക്സീനുകൽ മനുഷ്യ ശരീരത്തിൽ കൊറോണ വൈറസുകൾ നിക്ഷേപിക്കുന്നില്ല.അതേസമയം ഇത്തരം വാക്‌സിനുകൾ കൊറോണ വൈറസിനെതിരെയുള്ള ജാഗ്രത നിർദ്ദേശങ്ങൾ ഇമ്മ്യൂൺ സിസ്റ്റത്തിനു നൽകുകയാണ് ചെയ്യുന്നത്. മനുഷ്യ ശരീരത്തിൽ കടന്നുകൂടുന്ന ആവശ്യമില്ലാത്തതോ ഹാനികരമോ ആയ പ്രോട്ടീനുകളെ ഇവ തിരിച്ചറിഞ്ഞ് രോഗ പ്രതിരോധ സംവീധാനത്തിനു മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നത്. ഇമ്മ്യൂൺ സിസ്റ്റത്തിന്റെ മെമ്മറിയായി MRNA പ്രവർത്തിക്കുന്നു.
വാക്സീൻ എടുത്താൽ രോഗം ശരീരത്തിൽ രോഗാണുക്കൾ കയറുകയില്ലെന്നോ രോഗം പകരുകയില്ലെന്നോ ഒരു ഗവേഷണവും പറയുന്നില്ല.അതേസമയം മനുഷ്യ ശരീരത്തിൽ എത്തിച്ചേരുന്ന രോഗാണുക്കളുടെ വളർച്ചയുടെ കാഠിന്യം നന്നേ കുറഞ്ഞ അളവിൽ ലഘൂകക്കാൻ സാധ്യമാകുമെന്നാണ് ഗവേഷണം വ്യക്തമാകുന്നത്. MRNA യുടെ മുന്നറിയിപ്പിനെത്തുടർന്ന് ഇമ്മ്യൂൺ സംവിധാനം പെട്ടെന്ന് ഉണർന്നു പ്രവർത്തിച്ചുകൊണ്ട് വൈറസിനെ തുരത്തി ഓടിക്കുന്നു.
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്സീൻ സ്വീകരിക്കണം
MRNA വാക്സീൻ എടുക്കുന്നതുകൊണ്ട് ഒരാളുടെ DNA യിൽ യാതൊരു വിധ വ്യതിയാനവും ഉണ്ടാകുന്നില്ലെന്ന് മറ്റൊരു പാനലിസ്റ്റ് ഡോ. ജൂലി ജോൺ പറഞ്ഞു. അതുകൊണ്ടു തന്നെ ഗർഭിണികളും മുലയൂട്ടുന്ന കുട്ടികളുള്ള അമ്മമാരും വരെ ഇത്തരം വാക്സീൻ എടുക്കുന്നതിൽ യാതൊരു കുഴപ്പവും സംഭവിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. വാക്സീൻ എടുത്ത അമ്മമാരാകാൻ പോകുന്നവരും മുലയൂട്ടുന്ന അമ്മമാരുടെയും കുട്ടികളുടെ DNA യിലും യാതൊരു മാറ്റവും ഉണ്ടാകുകയില്ല. ഗർഭസ്ഥ ശിശുവിനും മുലകുടിക്കുന്ന കുട്ടികൾക്കും വാക്സീൻ എടുത്ത അമ്മമാരിലൂടെ കൂടുതൽ സുരക്ഷ ലഭിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും ഐ.സി.യു ഡോക്ടർകൂടിയായ ഡോ. ജൂലി ജോൺ വ്യക്തമാക്കി. ഗർഭിണികളും മുലയൂട്ടുന്ന കുഞ്ഞുങ്ങളുടെ അമ്മമാരും കോവിഡ് വാക്സീൻ നിർബന്ധമായും സ്വീകരിക്കണമെന്ന് അമേരിക്കൻ കോളേജ് ഓഫ് ഗൈനോക്കോളജി മാർഗനിർദ്ദേശമിറക്കിയിട്ടുള്ളതായും ഡോ. ജൂലി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി അമേരിക്കയിൽ പടർന്നു പിടിച്ച സമയത്ത് ന്യൂജേഴ്സിയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ സ്വന്തം സുരക്ഷ പോലും കണക്കിലെടുക്കാതെ ഐ സി യു കളിൽ മരണവുമായി മല്ലടിച്ചു കഴിഞ്ഞ കോവിഡ് രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച ഡോ. ജൂലി ഒടുവിൽ കോവിഡ് ബാധിച്ച് തീരെ അവശ. നിലയിലായിരുന്നു. ഡോ. ജൂലിയുടെ നിസ്വാർത്ഥ സേവനങ്ങളെക്കുറിച്ചു സി എൻ.എൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ അക്കാലത്ത് വാർത്തകൾ നിറഞ്ഞിരുന്നു. കോവിഡിനെ അതിജീവിച്ച് ശേഷം ഡോ.ജൂലി തിരികെ കോവിഡ് രോഗികളെ പരിചരിക്കാൻ മടങ്ങിയെത്തിയതും ശ്രദ്ധേയമായ വാർത്തയായിരുന്നു. 2020 മാർച്ച് 23 ന് കോവിഡ് ബാധിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഡോ.ജൂലിയുമായി അന്ന് സി.എൻ.എൻ നടത്തിയ അഭിമുഖവും സൂം മീറ്റിംഗിൽ പുനരവതരിപ്പിച്ചിരുന്നു.
കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 90 ശതമാനം പേരും അമിത വണ്ണമുള്ളവരായിരുന്നുവെന്നു പറഞ്ഞു ഡോ. ജൂലി ഇവരിൽ ഭൂരിഭാഗം പേർക്കും പ്രമേഹം, അമിത രക്‌തസമ്മർദ്ദം, ശ്വാസകോശ സംബന്ധമായും ഹൃദയ സംബന്ധമായുമുള്ള രോഗങ്ങൾ തുടങ്ങിയവ രോഗങ്ങളുമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇത്തരം ഹൈ റിസ്ക്ക് വിഭാഗത്തിൽപ്പെടുന്നവരാണ് നല്ലൊരു വിഭാഗം മലയാളികളും. അതുകൊണ്ടുതന്നെ ഹൈ റിസ്ക്ക് വിഭാഗത്തിൽപ്പെട്ടവർ കഴിയുന്നത്ര വേഗം വാക്സീൻ സ്വീകരിക്കുന്നതാണ് നല്ലതെന്നും നിർദ്ദേശിച്ചു.
പ്രായപൂർത്തിയായവരും വാക്സീൻ സ്വീകരിക്കണം
പ്രായപൂർത്തിയവരും (സീനിയർ സിറ്റിസൺ) എത്രയും വേഗം വാക്സീൻ സ്വീകരിക്കേണ്ടതും അനിവാര്യമാണെന്ന് ഡോ. ജൂലി പറഞ്ഞു. പ്രായപൂർത്തിയയായവർക്ക് എത്ര ജാഗ്രത
പാലിച്ചാലും വൈറസ് ബാധിച്ചുവെന്ന് വരാം. അതുകൊണ്ട് അതീവ ജാഗ്രത പാലിക്കണമെന്നുതന്നെയാണ് തനിക്ക് പറയാനുള്ളത്. ഇത്തരമാളുകൾ ഒരു മാസ്ക്കിനു മുകളിൽ മറ്റൊരു മാസ്ക്ക് (ഡബിൾ മാസ്ക്ക്) കൂടി ധരിക്കുന്നത് നന്നായിരിക്കും. ലോകത്ത് വിവിധ ഭാഗങ്ങളിൽ മ്യൂട്ടേഷൻ (ജനിതകമാറ്റം) സംഭവിച്ച കൊറോണ വൈറസുകൾ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത വേണം. അമേരിക്കയിൽ ഇപ്പോൾ ഒന്നോ രണ്ടോ സ്റ്റേറ്റുകളിൽ മാത്രമാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളുവെങ്കിൽപ്പോലും നാം ജാഗ്രത പാലിച്ചേ മതിയാകു.
ജനിതക മാറ്റം സംഭവിച്ച വൈറസുകളെയും MRNA കവർ ചെയ്യും
ജനിതക മാറ്റം സംഭവിച്ച വൈറസുകൾ അതിവേഗം പടർന്നു പിടിക്കുന്നവയാണെങ്കിലും അത് അത്ര വിവശകാരിയല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം വൈറസ് ബാധിച്ചവർക്ക് ഗുരുതരാവസ്ഥയ്‌ക്കോ (ഹൈ മോർബിഡിറ്റി), മരണകരമാകുന്ന അവസ്ഥയോ (ഹൈ മോർട്ടാലിറ്റി) ഉണ്ടാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. യു.കെ. സൗത്താഫ്രിക്ക,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്ന ജനിതക മാറ്റം സംഭവിച്ച വൈറസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിലുള്ള MNRA ഉൾപ്പെടയുള്ള വാക്‌സിനുകൾ ജനിതക മാറ്റം സംഭവിച്ച വൈറസുകളെയും തടയുമെന്ന് പുതിയ റിപ്പോർട്ടുകളുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച വാക്സീൻ 100 ശതമാനം കവർ ചെയ്യുമെന്ന റിപ്പോർട്ട് ഏറെ ആശ്വാസം നൽകുന്നതാണെന്നും ഡോ ജൂലി പറഞ്ഞു.
അതെ സമയം യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് നടത്തിയ ഏറ്റുവും പുതിയ ക്ലിനിക്കൽ ട്രയൽ പഠനത്തിന്റെ റിപ്പോർട്ട് പ്രകാരം ഫൈസർ വാക്സീനും ജനിതക മാറ്റം സംഭവിച്ച വൈറസുകളെ കവർ ചെയ്യുമെന്ന് ബിനു കൊപ്പാറ ചൂണ്ടിക്കാട്ടി. യു,കെ., സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെട്ട ജനിതകമാറ്റം സംഭവിച്ച 20 രോഗികളിൽ നിന്ന് സിറം ശേഖരിച്ച് ടെസ്റ്റ്യുബിൽ നടത്തിയ പഠനത്തിലാണ് ഇത്തരം ജനിതക മാറ്റം സംഭവിച്ച വൈറസുകളെയും ഫൈസർ വാക്സീൻ കവർ ചെയ്യുന്നതായി കണ്ടെത്തിയത്.
കോവിഡ് വന്നവരും വാക്സീൻ സ്വീകരിക്കണം
കോവിഡ് ബാധിച്ചതിനെതുടർന്ന് പ്രകൃതി ദത്തമായി ഉണ്ടാകുന്ന ആന്റി ബോഡിയുള്ളവരും മോണോക്ലോണൽ ആന്റിബോഡിയോ (Monoclonal antibodies), കോൺവാലെസെന്റ് പ്ലാസമ തെറാപ്പി (convalescent plasma therapy)യോ ലഭിച്ചവരും കോവിഡ് വാക്സീൻ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും സെമിനാറിൽ മോഡറേറ്റർ ആയിരുന്ന പ്രമുഖ ഹെൽത്ത് ഇൻഷൂറൻസ് കമ്പനിയിൽ സീനിയർ ഹെൽത്ത് അഡ്വൈസർ ആയ മെറിൽ പോത്തൻ പറഞ്ഞു. ഇത്തരം അവസ്ഥയിൽ ഉള്ളവർക്ക് വീണ്ടും കോവിഡ് 19 വന്നതായി റിപ്പോർട്ടുകൾ ഉണ്ട്. മാത്രവുമല്ല ഇവരിൽ കോവിഡ് വൈറസ് മൂലം രോഗങ്ങൾ ഉണ്ടായില്ലെങ്കിൽക്കൂടി മറ്റുള്ളവരിലക്കുള്ള വൈറസ് വാഹകരാകാനും കഴിയുമെന്നും നോർത്ത് കരോലിനയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക്ക് പോളിസിയിൽ മാസ്റ്റേഴ്സ് കരസ്ഥമാക്കിയിട്ടുള്ള മെറിൽ വ്യക്തമാക്കി.
ഒരിക്കൽ കോവിഡ് വന്നവർ നിർബന്ധമായും വാക്സീൻ എടുത്തിരിക്കണമെന്ന് ഡോ ജൂലി അസന്നിഗ്ധമായി പറഞ്ഞു. രോഗമുക്തമായശേഷം ഇവരിൽ ഉണ്ടായിരുന്ന ആന്റിബോഡിയുടെ ലെവൽ പിന്നീട് കാലക്രമേണ കുറഞ്ഞു വരുന്നതായി കാണാം. അതുകൊണ്ട് രോഗം വന്നു എന്ന് കരുതി ആരെങ്കിലും വാക്‌സിൻ എടുക്കാതിരിക്കുകയോ മാസ്ക് ധരിക്കാതിരിക്കുകയോ ചെയ്യരുത്. അതുകൊണ്ട് രോഗം വന്നവർ ഇനിയൊരിക്കലും രോഗം വരാതിരിക്കാൻ വേണ്ടി ദയവു ചെയ്ത് വാക്സീൻ സ്വീകരിക്കണം. ഈ രോഗത്തിന്റെ തീവ്രത എത്ര ഭയാനകമാണെന്ന് ഒരിക്കൽ രോഗം വന്നവർക്കറിയാമെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഡോ. ജൂലി വ്യക്തമാക്കി.
മാസ്ക് ധരിക്കൽ, കൈകഴുകാൻ തുടരണം
വാക്സീൻ സ്വീകരിച്ചവർ തുടർന്നും കൈ കഴുകലും (ഹാൻഡ് വാഷിംഗ്), മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ (സോഷ്യൽ ഡിസ്റ്റൻസിങ്ങ്) തുടങ്ങിയ സുരക്ഷ രീതികൾ തുടർന്നും പാലിക്കണം. നേരത്തെ സൂചിപ്പിച്ചതുപോലെ വാക്സീൻ വൈറസിനെ ഇല്ലാതാക്കുകയല്ല മറിച്ച് വൈറസ് ബാധിക്കുന്നവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വാക്സീൻ ലഭിക്കുന്നവർക്കും വൈറസ് ബാധയുണ്ടാകാം. അതുവഴി അവർ മറ്റുള്ളവരിലേക്ക് വൈറസ് പടർത്തുന്ന വൈറസ് വാഹകരാകുകയും ചെയ്യാം. വൈറസിനെ പൂർണമായും ഇല്ലാതാക്കുന്നതുവരെ ഈ സുരക്ഷ മാർഗങ്ങൾ സ്വീകരിച്ചേ മതിയാകു. – ഡോ ജൂലി ചൂണ്ടിക്കാട്ടി.
ഫൈസർ വാക്സീൻ സ്വീകരിക്കുന്നവർ ആദ്യ ഷോട്ട് ലഭിച്ച ശേഷം 7 മുതൽ 8 ദിവസമെടുക്കും വാക്സീൻ പ്രവർത്തനക്ഷമമായി മാറാൻ. മഡേണ വാക്‌സിൻ ലഭിച്ചവർക്ക് ആദ്യ ഷോട്ടിനു 10 മുതൽ 14 ദിവസം വരെയാണ് സമയം. ഫെയ്സറിനു ആദ്യ വാക്സിനിൽ 95 ശതമാനവും മഡേണയ്ക്ക് 94 ശതമാനവും ഇമ്മ്യൂണിറ്റി ലഭ്യമാകും.
കോറോണവൈറസ് ബാധിച്ചവർ 14 ദിവസത്തെ ക്വാറന്റൈനിനു ശേഷമോ ചികിത്സയ്ക്കു ശേഷമോ 90 ദിവസം കഴിഞ്ഞു മാത്രമേ വാക്സീൻ സ്വീകരിക്കാൻ പാടുള്ളുവെന്നാണ് CDC മാർഗനിർദ്ദേശത്തിൽ പറയുന്നത്. അനാഫലീക്സെസ് റിയാക്ഷൻ ഉള്ളവർ, ശക്തമായ മൂക്കൊലിപ്പ്, തൊണ്ടവേദന, ഇൻഫെക്ഷൻ, പനി, മറ്റു രോഗങ്ങൾ ഉള്ളവരും കാൻസർ രോഗബാധിതർ തുടങ്ങിയവർ ഡോക്ടർമാരുടെ നിർദ്ദേശം പാലിച്ചുവേണം വാക്സീൻ സ്വീകരിക്കാൻ. പനിയോ, തൊണ്ടവേദനയോ ഉള്ളവർ ണ്ടി അസുഖം ഭേദമാകുന്നതുവരെ വാക്സീൻ സ്വീകരിക്കരുത്. അവർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ കോവിഡ് ടെസ്റ്റുകൾ നടത്തുന്നത് അനിവാര്യമാണ്.യാതൊരു രോഗ ലക്ഷണവുമില്ലാതെ കോവിഡ് പോസിറ്റീവ് ആകുന്നതും കണ്ടു വരുന്നുണ്ട്.
ആദ്യം ലഭ്യമാകുന്ന വാക്സീനു മുൻഗണന നൽകുക
ഏതു വാക്സീനാണ് മുൻഗണന നൽകേണ്ടത് എന്ന ചോദ്യത്തിന് ആദ്യം ലഭ്യമാകുന്ന വാക്സീൻ സ്വീകരിക്കുക എന്നതായിരുന്നു ഡോ. ജൂലിയുടെ മറുപടി. എല്ലാ വാക്സീനും ഈ അവസരത്തിൽ നല്ലതാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലും പ്രത്യേക വാക്സീനുകൾക്കായി കാത്തിരിക്കുന്നത് ബുദ്ധിയല്ലെന്നും അവർ വ്യക്തമാക്കി.
ഇപ്പോൾ അൽപ്പം കാത്തിരിപ്പ് വേണ്ടിവന്നാൽ പോലും ഏപ്രിൽ മാസത്തോടെ അമേരിക്കയിൽ ആവശ്യത്തിന് വാക്സീൻ ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷ. വിവിധ തരത്തിലുള്ള വാക്‌സിനുകൾ കൂടുതൽ നിർമ്മാണ കമ്പനികൾക്ക് നിർമ്മിക്കാനുള്ള അടിയന്തിര അനുമതി നൽകിയതിനാൽ ഇനി വാക്സീൻ ലഭ്യത വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും മോഡറേറ്റർ മെറിൽ വ്യക്തമാക്കി. നിലവിൽ കാണുന്ന അനശ്ചിതാവസ്ഥയ്ക്ക് കാരണം വിവിധ ഗവെർമെന്റുകൾ തമ്മിലുള്ള കോർഡിനേഷനിൽ വന്നിരിക്കുന്ന പാകപ്പിഴകൊണ്ടാണ്. സ്റ്റേറ്റ്, ലോക്കൽ ഗവൺമെന്റുകൾക്ക് വാക്സീൻ ലഭ്യമാക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതും മറ്റൊരു കാരണമാണ്. വാക്സീൻ നിർമ്മിതാക്കൾ ആവശ്യത്തിന് വാക്സീൻ നിർമ്മിക്കുന്നുണ്ടെങ്കിലും ഫെഡർ ഗവണ്മെന്റ് സ്റ്റേറ്റ് – ലോക്കൽ ഗവൺമെന്റുകൾക്ക് ആവശ്യമായ ഫണ്ട് നൽകുന്നത് ത്വരിതപ്പെടുത്തണം.
കുട്ടികളിലെ ഗവേഷണം അവസാനഘട്ടത്തിൽ
12-17 വയസുവരെയുള്ള കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനുള്ള ഗവേഷണം അവസാന ഘട്ടത്തിലാണ്. ഗവേഷണത്തിന്റെ അവസാന സ്റ്റേജ് ആയ ക്ലിനിക്കൽ ട്രെയ്ൽസ് നടന്നുവരികയാണ്. രണ്ടു മാസത്തിനുള്ളിൽ കുട്ടികളിലേക്കും വാക്സീൻ ലഭ്യമാക്കി തുടങ്ങുമെന്ന് ബിനു കൊപ്പാറ വ്യക്തമാക്കി.
MRNA വാക്‌സിനുകൾ വഴി പല മാരക രോഗങ്ങൾക്കും പ്രതിവിധി കണ്ടെത്തുന്ന കാലം വിദൂരമല്ലെന്നു ബിനു സാമുവേൽ കൊപ്പാറ പ്രത്യാശ പ്രകടിപ്പിച്ചു. ദൈവം അനുഗ്രഹിച്ചാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാൻസർ, അൽഷൈമേഴ്‌സ്, ഡിമെൻഷ്യ, പാർക്കിൻസൺസ് തുടങ്ങി മനുഷ്യ രാശി ഏറ്റവും വലിയ ഭീഷണിയെ നേരിടുന്ന മാരകരോഗങ്ങൾക്ക് പ്രതിവിധി കണ്ടെത്താൻ MRNA വാക്സീനുകൾക്ക് കഴിയും. ഒരു പക്ഷെ ഈ പാൻഡെമിക്ക് നമുക്ക് നൽകുന്ന ഏറ്റവും വലിയ നേട്ടമായി വേണമെങ്കിൽ MRNA വാക്സീനുകളെ കരുതാം.ഈ പാൻഡെമിക്ക് ഉണ്ടായിരുന്നില്ലെങ്കിൽ MRNA വാക്സീനുകളുടെ ഗവേഷണം തന്നെ വഴിമുട്ടിപോകുമായിരുന്നു. പുതിയ കണ്ടുപിടുത്തങ്ങൾ ഡോക്ടർമാർക്ക് കൂടുതൽ ഫലപ്രദമായ മരുന്നുകളിലൂടെ ചികിത്സാരീതി തന്നെ മെച്ചപ്പെടുത്താൻ കഴിയും.
ഫൊക്കാന ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡണ്ട് തോമസ് കൂവള്ളൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ബി.ഓ.ടി.ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ കോർഡിനേറ്റർ ലീല മാരേട്ട്, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി ജേക്കബ് തുടങ്ങിയവർ ആശസകൾ നേരുന്നു. ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ സ്വാഗതവും വൈസ് പ്രസിഡണ്ട് തോമസ് തോമസ് നന്ദിയും പറഞ്ഞു. സജി എം. പോത്തൻ ആണ് പാനലിസ്റ്റുകളെ പരിചയപ്പെടുത്തിയത്.
ഫൊക്കാന ടെക്നിക്കൽ കമ്മിറ്റി കോർഡിനേറ്റർ പ്രവീൺ തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര എന്നിവരായിരുന്നു സൂം മീറ്റിംഗ് നിയന്ത്രിച്ചത്. ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർമാരായ ഗ്രേസ് മരിയ, നാഷണൽ കമ്മിറ്റി മെമ്പർ അപ്പുക്കുട്ടൻ പിള്ള, മനോജ് ഇടമന, ഓഡിറ്റർ വർഗീസ് ഉലഹന്നാൻ, ഫൌണ്ടേഷൻ സെക്രട്ടറി റെനിൽ ശശീന്ദ്രൻ, ന്യൂയോർക്ക് റീജിയണൽ ട്രഷറർ ജോർജ്കുട്ടി ഉമ്മൻ, ജോയിന്റ് ട്രഷറർ മത്തായി പി ദാസ്, ജോയിന്റ് സെക്രെട്ടറി മാത്യു ജോഷ്വ, ,കേരള സമാജം പ്രസിഡണ്ട് വിൻസെന്റ് സിറിയക്ക്, കെ.സി.സി.എൻ.എ. പ്രസിഡണ്ട് റെജി കുര്യൻ, ലിംകാ പ്രസിഡണ്ട് ബോബൻ തോട്ടം, ഐ.എ.എൻ.സി.വൈ. പ്രസിഡണ്ട് അജിത്ത് നായർ, എച്ച്. വി.എം.എ പ്രസിഡണ്ട് ജിജി ടോം,നവരംഗ് റോചെസ്റ്റർ പ്രസിഡണ്ട് മാത്യു വർഗീസ്, എൻ.വൈ.എം.എ പ്രസിഡണ്ട് ജയ്ക്ക് കുര്യൻ, ഫൊക്കാന വിമൻസ് ഫോറം നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായ ലത പോൾ, മേരി ഫിലിപ്പ്, നാഷണൽ കമ്മിറ്റി അംഗംങ്ങളായ ഉഷ ചാക്കോ, ഡെയ്‌സി തോമസ്,മേരിക്കുട്ടി മൈക്കിൾ, കേരളടൈംസ് ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.