Blog
ഫൊക്കാനയുടെ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും; പ്രതിപക്ഷനേതാവ് വി ഡി സതീശന്‍
രാജേഷ് തില്ലങ്കേരി
തിരുവനന്തപുരം: അമേരിക്കയില്‍ സ്ഥിരതാമസമായപ്പോഴും ജന്മനാടിനെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഫൊക്കാന നേതൃത്വത്തെ അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. കഴക്കൂട്ടം മാജിക്ക് പ്ലാനറ്റില്‍ നടക്കുന്ന ഫൊക്കാന കേരളാ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ലോകത്ത് എവിടെയായാലും മലയാളികള്‍ സ്വന്തം നാടിനോടും സംസ്‌കാരത്തോടും ഏറെ സ്നേഹം കാണിക്കുന്നത് ഏറെ സന്തോഷകരമാണ്.
കേരളത്തില്‍ നിന്നും ഏറെ അകലെയായിരിക്കുമ്പോഴും മലയാള ഭാഷയേയും സംസ്‌കാരത്തെയും സംരക്ഷിക്കാനായി ഫൊക്കാന ഏറെ ശ്രദ്ധ കാണിക്കുന്നത് ശ്രദ്ധേയമായ നടപടിയാണ്. ലോകം മറ്റൊരു യുദ്ധത്തിന്റെ നിഴലിലാണ്. കൊവിഡ് മഹാമാരിക്ക് പിന്നാലെ ലോകം ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നത് നമ്മുടെ സാമ്പത്തിക സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എണ്ണവില കുതിച്ചുയരാനും വിലക്കയറ്റം രൂക്ഷമാകാനും ഈ യുദ്ധം കാരണമാവും. നാം വീടിലിരുന്ന് കാണുന്ന യുദ്ധ രംഗങ്ങള്‍, പാവപ്പെട്ടവര്‍ക്കു മേല്‍ വന്നുവീഴുന്ന തീമഴ ഒരു രാജ്യത്തെ ജനത നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ്.
കേരളത്തില്‍ നിന്നടക്കം നിരവധി വിദ്യാര്‍ത്ഥികളാണ് യുക്രെയിനില്‍ കുരുങ്ങിക്കിടക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് ഫൊക്കാന പോലുള്ള സംഘടനകളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. യുക്രെയിനില്‍ അകപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അവിടെ സംഘടനകളില്ല.
ഫൊക്കാനയുടെ സംഘടനാ മികവ് എന്നും പ്രശംസിക്കപ്പെടേണ്ടതാണെന്നും ഫൊക്കാന മലയാളികള്‍ക്കിടയില്‍ ഏറെ വിശ്വാസം പിടിച്ചുപറ്റിയ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയില്‍ ഭാരിച്ച ചുമതലകള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും ഫൊക്കാന ഏറ്റെടുത്ത് നടപ്പാക്കുന്നത്. 2018 ലെ പ്രളയകാലത്തും തുടര്‍ന്നുണ്ടായ കൊറോണക്കാലത്തും നിരവധി സഹായങ്ങള്‍ സര്‍ക്കാരുമായി യോജിച്ച് കേരളത്തില്‍ നടപ്പാക്കി. ഇത്തരം സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ഫൊക്കാനയ്ക്ക് കഴിയാറുണ്ട്.
ഫൊക്കാന കേരളത്തിന് നല്‍കിയ സഹായങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവില്ലെന്ന് മുന്‍ മന്ത്രിയും എം എല്‍ എയുമായ കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ അഭയകേന്ദ്രമായ മാജിക്ക് പ്ലാനറ്റില്‍ വച്ച് ഈ വര്‍ഷത്തെ ഫൊക്കാന കേരളാ കണ്‍വെന്‍ നടത്താന്‍ തീരുമാനിച്ചതിലുള്ള നന്ദിയും കടകംപള്ളി അറിയിച്ചു.
കഴിഞ്ഞ 38 വര്‍ഷമായി നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി പ്രവര്‍ത്തിക്കുന്ന ഫൊക്കാന ഇന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി ജീവിക്കുന്ന മലയാളികളായ രണ്ടാം തലമുറയ്ക്ക് മലയാളത്തിന്റെ ഗന്ധവും സംസ്‌കാരവും പകരുകയെന്ന ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നമ്മുടെ സംസ്‌കാരവും ഭാഷയും വരും തലമുറയും നെഞ്ചിലേറ്റണമെന്നാണ് ഓരോ ഫൊക്കാന്പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്നും ഫൊക്കാന പ്രസിഡന്റ് പറഞ്ഞു.
ഫൊക്കാന ഇന്റര്‍നാഷണല്‍ കോ ഓഡിനേറ്റര്‍ പോള്‍ കറുകപ്പള്ളി, എംഎല്‍എമാരായ റോജി ജോണ്‍, മോന്‍സ് ജോസഫ്, ഫൊക്കാന ഒര്‍ലാന്റ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഫൊക്കാന ജന. സെക്രട്ടറി ഡോ സജിമോന്‍ ആന്റണി, ബിജു ജോണ്‍ കൊട്ടാരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, മുന്‍ പ്രസിഡന്റ് മാധവന്‍ നായര്‍, നാഷണല്‍ കോ-ഓഡിനേറ്റര്‍, ലീല മരോട്ട്, വിമന്‍സ് ഫോറം പ്രസിഡന്റ് ഡോ കലാ ഷാഹി, അപ്പുക്കുട്ടന്‍ പിള്ള, വൈസ് പ്രസിഡന്റ് തോമസ് തോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.