Blog
ജനാധിപത്യത്തിന്റെ നിലനിൽപ്പിൽ മാധ്യമങ്ങൾക്ക് ശക്തമായ പങ്കുവഹിക്കാനുണ്ട്: ഏഷ്യാനെറ്റ് മാനേജിങ്ങ് എഡിറ്റർ മനോജ് കെ. ദാസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മാധ്യങ്ങളുടെ വായടപ്പിക്കാനായി നടക്കുന്ന സംഘടിത ശ്രമങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് ഗ്രൂപ്പ് മാനേജിംഗ് എഡിറ്ററുമായ മനോജ് കെ ദാസ് അഭിപ്രായപ്പെട്ടു. ഫൊക്കാന കേരളാ കൺവെൻഷന്റെ ഭാഗമായി നടന്ന ഇന്ത്യൻ ജനാധിപത്യവും മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം ഒരു ന്യൂക്ലിയർ ബോംബാണ്. ജനാധിപത്യത്തിന്റെ രൂപമാറ്റം ജനങ്ങളെ ബാധിക്കുന്നുണ്ട്.
തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള കടമയാണ് മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണായി അറിയപ്പെടുന്ന മാധ്യമങ്ങൽ ചൈയ്യുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില കോണുകളിൽ നിന്നും സംഘടിതമായി നടക്കുന്ന ആക്രമണം മാധ്യമ പ്രവർത്തനത്തെ മാത്രമല്ല, ജനാധിപത്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് നാം തിരിച്ചറിയണം.
ശരിയുടെ പക്ഷം മാത്രമാണ് മാധ്യമങ്ങൾക്കുള്ളത്. എന്നാൽ ശബ്ദ കോലാഹലങ്ങളിൽ പലതും മുങ്ങിപ്പോവുകയാണ്. ചില മാധ്യമ സ്ഥാപനങ്ങൾ ഏകപക്ഷീയമായി പെരുമാറുന്നുണ്ടാവാം, നെല്ലും പതിരും തിരിച്ചറിയണം, സത്യം എന്താണെന്ന് ജനം അറിയണം. എന്തെങ്കിലും ഒരു തെറ്റ് കണ്ടാൽ അത് ആഘോഷിക്കപ്പെടുന്നു. ജനാധിപത്യം നിലനിൽക്കാൻ മാധ്യമങ്ങളുടെ ജാഗ്രത അനിവാര്യമാണെന്നും ആരൊക്കെയോ അടിച്ചേൽപ്പിച്ച സ്ഥാനാർത്ഥിയെ വോട്ട് ചെയ്ത് വിജയിപ്പിക്കുകയാണ് നാം ചെയ്യുന്നത്.
ബുദ്ധികൊണ്ടാണ് ഇപ്പോൾ സ്ഥാനാർത്ഥി ജയിക്കുന്നത്. എന്തെങ്കിലും സൗജന്യങ്ങൾ പ്രഖ്യാപിച്ച് വോട്ട് വാങ്ങിക്കുന്ന രീതിയ്ക്ക് സ്വീകാര്യത വന്നിരിക്കുന്നു. ജയലളിത തമിഴ് നാട്ടിൽ തുടക്കമിട്ട ഈ തന്ത്രങ്ങൾ എല്ലാവരും പയറ്റുകയാണെന്നും കേരളത്തിൽ പോലും ഇത്തരം പരീക്ഷണങ്ങൾ നടക്കുന്നു. ജനാധിപത്യത്തിന്റെ സ്വഭാവത്തിന് തന്നെ മാറ്റം വരുന്നതിന്റെ ലക്ഷണമാണ് ഇതെന്നും മനോജ് കെ ദാസ് അഭിപ്രായപ്പെട്ടു.
ലോകത്താകമാനം അസന്തുഷ്ടി രൂപപ്പെടുന്നതായി 24 ചാനൽ എക്‌സിക്യുട്ടീവ് എഡിറ്റർ പി പി ജെയിംസ് അഭിപ്രായപ്പെട്ടു. ജനാധിപത്യ രാജ്യമായ ഇന്ത്യ യുക്രയിൻ അക്രമത്തിൽ സ്വീകരിച്ച നയം അതിരുകടന്നതാണെന്നും പിപി ജെയിംസ് പറഞ്ഞു.
ഗേറ്റ് കീപ്പറുടെ ജോലിയാണ് പത്രപ്രർത്തർ ചെയ്യുന്നതെന്നും, മാധ്യമങ്ങൾക്കുനേരെയും മാധ്യമ സ്ഥാപനങ്ങൾക്കുനേരെയും തുടർച്ചയായി ഭരണകൂടങ്ങൾ കടന്നു കയറ്റം നടത്തുകയാണെന്നും മാതൃഭൂമി ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റർ പ്രമേഷ് കുമാർ അഭിപ്രായപ്പെട്ടു. മീഡിയാ വൺ ചാനലിന്റെ ലൈസൻസ് റദ്ദു ചെയ്യുന്നതൊക്കെ അതിന്റെ ഭാഗമായാണ്. ഇത്തരം പ്രവണതകൾ ആരോഗ്യകരമല്ല.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പലപ്പോഴും എതിർക്കുകയെന്ന നയമാണ് ചിലർ കൈക്കൊള്ളുന്നതെന്നും ഇത്തരം എതിർപ്പുകളെ പെരുപ്പിച്ചു കാണിക്കുന്ന പ്രവണ മാധ്യമങ്ങൾ കൈക്കൊള്ളുന്നതായും റെജി ലൂക്കോസ് അഭിപ്രായപ്പെട്ടു.
ഫൊക്കാന ജനറൽ സെക്രട്ടറി ഡോ സജിമോൻ ആന്റണി മോഡറേറ്റർ ആയിരുന്നു . ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി.