Blog
ഫൊക്കാനയുടെ ചരിത്രത്തിൽ പുത്തൻ അധ്യായം എഴുതിച്ചേർത്ത കൺവെൻഷന്റ തിരശീല താഴുമ്പോൾ:ജോർജി വർഗീസ് (പ്രസിഡന്റ്, ഫൊക്കാന)
രാജേഷ് തില്ലങ്കേരി
അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാന പുതിയൊരു ചരിത്രമാണ് ഇന്നലെ തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക് പ്ലാനെറ്റിൽ രചിച്ചത്. നമ്മൾ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകുമെന്നതിന്റെ സന്ദേശം കൂടിയായി കേരളാ കൺവെന്റെ ഈ ചരിത്രവിജയം.
ഫൊക്കാനയുടെ ഈ വർഷത്തെ കേരളാ കൺവെൻഷൻ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഭിന്നശേഷിക്കാരായ മക്കൾക്ക് സമർപ്പിക്കുകയായിരുന്നു. മജീഷ്യൻ ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന മാജിക് പ്ലാനറ്റ് ഭിന്നശേഷിക്കാരായ 100 വിദ്യാർത്ഥികൾ പഠിക്കുന്ന കേന്ദ്രമാണ്. ഫൊക്കാന കേരള കൺവെൻഷൻ ഇത്തവണ തിരുവനന്തപുരത്ത് വച്ച് നടത്താൻ തീരുമാനിച്ചപ്പോൾതന്നെ എന്തെങ്കിലും പ്രത്യേകതകളോടെയായിരിക്കണം കൺവെൻഷൻ നടത്തേണ്ടതെന്ന് അഭിപ്രായം രൂപപ്പെട്ടിരുന്നു. സാധാരണ ഹോട്ടലുകളൊ, റിസോർട്ടുകളോ ആയിരുന്നു കൺവെൻഷനുകൾക്ക് വേദിയായിരുന്നത്. ഇത്തവണ അത് ഒഴിവാക്കി മാജിക് പ്ലാനറ്റിൽ വച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഗോപിനാഥ് മുതുകാടിന്റെ അകമഴിഞ്ഞ സഹായമാണ് ഫൊക്കാനയുടെ കൺവെൻഷൻ വിജയിപ്പിക്കാനായി ഉണ്ടായത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഒരു വേള കേരളാ കൺവെൻഷൻ നടത്താൻ പറ്റാത്ത സാഹചര്യം വരെ ഉണ്ടായെങ്കിലും ദൈവഹിതം അതായിരുന്നില്ല. എല്ലാം ഭംഗിയായി നടത്താൻ നമുക്ക് കഴിഞ്ഞുവെന്നത് ഏറെ സന്തോഷകരമാണ്. ഫൊക്കാനയുടെ എല്ലാ ഭാരവാഹികളും ഒരുപോലെ തോളോട് തോൾ ചേർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് കൺവെൻഷന്റെ വിജയത്തിന് വഴിയൊരുക്കിയത്.
വെള്ളി, ശനി ദിവസങ്ങളിലായി നടന്ന കൺവെഷനിൽ ഇത്തവണ എടുത്തു പറയേണ്ടത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും സഹകരണമായിരുന്നു. സ്ഥലം എം എൽ എയും മുൻമന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ മാജിക് പ്ലാനറ്റിലെ ഇന്ത്യാ ഗേറ്റിന് മുന്നിൽ പതാക ഉയർത്തിയതോടെയാണ് കൺവെൻഷന് തുടക്കമായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൺവെൻഷന് ഭദ്രദീപം കൊളുത്തിയതോടെ കൺവെൻഷന് ഔദ്യോഗിക തുടക്കമായി. എം എൽ എമാരായ റോജി എം ജോൺ, മോൻസ് ജോസഫ്, ടി സിദ്ദിഖ് എന്നിവരുടെ സാന്നിദ്ധ്യവും ഏറെ സന്തോഷകരമായിരുന്നു.
കൺവെൻഷനിലെ ഏറ്റവും ആകർഷകമായ ചടങ്ങായിരുന്നു ഭാഷയ്ക്കൊരു ഡോളർ പുരസ്കാരവിതരണം. സാംസ്കാരിക മന്ത്രി സജി ചെറിയാനായിരുന്നു പുരസ്കാരം വിതരണം. നിശ്ചയിച്ച സമയത്തിന് മുൻപുതന്നെ മന്ത്രി മാജിക് പ്ലാനറ്റിൽ എത്തിയിരുന്നു. കേരള സർവ്വകലാശാലയിലയുമായി സഹകരിച്ചാണ് പുരസ്കാര നിർണയം നടത്തിയിരുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കാണ് അവാർഡ് നൽകുന്നത്. സർവ്വകലാശാല വി സി ഡോ മഹാദേവൻ പിള്ളയും സിൻഡിക്കേറ്റംഗങ്ങളും ഫൊക്കാനയക്ക് നൽകുന്ന അകമഴിഞ്ഞ സഹകരണമാണ് ഈ പുരസ്കാരവിതരണം കുറ്റമറ്റരീതിയിൽ നടത്താനായത്. മലയാള ഭാഷയ്ക്ക് ഫൊക്കാന നൽകുന്ന ഏറ്റവും വലിയ പ്രോത്സാഹനമാണ് ഈ അവാർഡ് എന്ന് ചടങ്ങിൽ സംബന്ധിച്ചവരെല്ലാം ഏക സ്വരത്തിൽ അഭിപ്രായപ്പെട്ടതും ഫൊക്കാനയ്ക്ക് ലഭിച്ച അംഗീകരമായി ഞാൻ കാണുന്നു. പ്രബന്ധ കർത്താക്കളായ അരുൺ മോഹൻ പി, മജ്ഞു കെ എന്നിവരാണ് നമ്മുടെ അവാർഡിന് ഇത്തവണ അർഹരായിരുന്നത്.
ഇതേ വേദിയിൽ വച്ച് മാർഗ ദർശികളെ ആദരിക്കൽ ചടങ്ങും നടത്താൻ കഴിഞ്ഞതും കൺവെൻഷന്റെ മികവിന് മാറ്റുകൂട്ടി.
പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുത്ത മാധ്യമ സെമിനാറായിരുന്നു കൺവെൻഷനിലെ മറ്റൊരു സെഷൻ. 24 ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പി പി ജയിംസ്, ഏഷ്യനെറ്റ് ഗ്രൂപ്പ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ്, മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രമേഷ് കുമാർ, ഏഷ്യാനേറ്റ് എക്സിക്യുട്ടീവ് എഡിറ്റർ അനിൽ അടൂർ, റജി ലൂക്കോസ് തുടങ്ങിവയർ സെമിനാറിൽ പങ്കെടുക്കാനായി എത്തിയിരുന്നു. കാലിക പ്രാധാന്യമുള്ള വിഷയത്തിൽ നടന്ന ചർച്ചകളും കൺവെൻഷന് മുതൽക്കൂട്ടായി.
കൺവെൻഷനിലെ എടുത്തുപറയേണ്ട സെഷൻ ഉച്ചകഴിഞ്ഞ് ഭിന്ന ശേഷിക്കാരായ കുട്ടികളെ സന്ദർശിച്ചതായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പെയിന്റിംഗുകളും സംഗീത വിരുന്നും നൃത്തവും ആസ്വദിക്കാനായതും ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാർക്കായി ഫൊക്കാന വിമൻസ് ഫോറത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രവും മാജിക് പ്ലാനറ്റിൽ പൂർത്തിയാവുന്ന വിവിധ സ്റ്റുഡിയോയും അംഗങ്ങൾ സന്ദർശിച്ചു.
വൈകിട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ പത്തു മിനിറ്റ് മാജിക്ക് പ്ലാനറ്റിലെ കുട്ടികളെ കാണാനായി എത്തി. കുട്ടികളുടെ കലാപ്രകടനം ഗവർണർക്ക് വിസ്മയ കാഴ്ചയായി. പ്രോട്ടോക്കോൾ പാലിക്കാതെയാണ് ഗവർണർ കുട്ടികളുമായി സംവദിച്ചത്.
ഏറ്റവും മനോഹരമായ കൺവെൻഷനാണ്. കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിൽ സമാപിച്ചത്. ഫൊക്കാന പ്രസിഡന്റ്, എന്ന നിലയിൽ ജീവിതത്തിൽ എന്നും മനസിൽ തങ്ങിനിൽക്കുന്ന കൺവെൻഷനായി ഈ കൺവെൻഷൻ മാറുകയാണ്. എനിക്കൊപ്പം ജന. സെക്രട്ടറി സജിമോൻ, ഇന്റർനാഷണൽ കോ-ഓഡിനേറ്റർ പോൾ കറുകപ്പള്ളി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ബാബു സ്റ്റീഫൻ, എക്സിക്യുട്ടീവ് ട്രഷറർ ബിജു കൊട്ടാരക്കര, മുൻ പ്രസിഡന്റ് മാധവൻ നായർ, ഒർലാന്റോ കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ കലാ ഷാഹി, നാഷണൽ കോഡിനേറ്റർ ലീല മാരറ്റ്, തുടങ്ങിയ സാന്നിദ്ധ്യവും പ്രവർത്തനങ്ങളും കൺവെൻഷന്റെ ചരിത്ര വിജയത്തിന് വഴിയൊരുക്കി.
100 ഭിന്ന ശേഷിക്കാരാണ് മാജിക് പ്ലാനറ്റിലുള്ളത്. എല്ലാവർക്കും കലാവിഭാഗത്തിൽ ജോലി നൽകുന്നതോടെ കൂടുതൽ ഭിന്നശേഷിക്കാരായവർക്ക് പ്രവേശനം നൽകാനുള്ള ഗോപിനാഥ് മുതുകാടിന്റെ ശ്രമങ്ങൾക്ക് ഫൊക്കാന എല്ലാവിധ സാമ്പത്തിക പിന്തുണയും കൺവെൻഷനിൽ വച്ച് പ്രഖ്യാപിക്കാനായത് നമ്മുടെ കൺവെൻഷന്റെ പ്രസക്തി വർധിപ്പിച്ചിരിക്കയാണ്. ദൈവത്തിന്റെ മക്കളായ ഭിന്നശേഷിക്കാരെ പരിശീലനത്തിലൂടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പരിശീലന കേന്ദ്രത്തിന്റെ സ്പോൺസർഷിപ്പാണ് ഫൊക്കാന ഏറ്റെടുക്കുന്നത്.
മൂന്നര ലക്ഷത്തോളം ഭിന്നശേഷിക്കാരായ മക്കൾ മലയാള നാട്ടിൽ ഉണ്ടെന്ന തിരിച്ചറിവാണ് ഫൊക്കാനയെ ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിച്ച ഘടനം.
പുതിയൊരു ദൗത്യമാണ് ഫൊക്കാന ഈ കൺവെൻഷനിൽ പ്രഖ്യാപിച്ചത്. നമ്മുടെ ഈ ദൗത്യത്തെ കേരളാ ഗവർണർ നിറഞ്ഞ മനസോടെ അഭിനന്ദിച്ചു. ഈ കൺവെൻഷന്റെ ഏറ്റവും ആകർഷകമായത് ഫൊക്കാനയുടെ ഏറ്റവും അടുത്ത ബന്ധുവായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാറിയെന്നതാണ്. ഈ വർഷം ജൂലൈ ഏഴ് മുതൽ 10 വരെ ഒർലാന്റോയിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കാൻ ഗവർണറോട് അഭ്യർത്ഥിച്ച സന്ദർഭത്തിൽ ഏറെ സന്തോഷത്തോടെയാണ് ഈ ക്ഷണം ഗവർണർ സ്വീകരിച്ചത്.
ഫൊക്കാന കേരളത്തിനായി നടത്തുന്ന സേവനപ്രവർത്തനങ്ങളിൽ ഗവർണർ സന്തുഷ്ടി രേഖപ്പെടുത്തി. ഫൊക്കാനയുടെ പ്രവത്തനങ്ങളിൽ പ്രളയാനന്തരം നടന്ന കേരളത്തിന്റെ പുനർ നിർമ്മിതിക്കായി നടത്തിയ പ്രവർത്തനങ്ങളും ഗവർണർ സ്മരിച്ചു.
ഭിന്നശേഷിക്കാരായ മക്കളും അവരുടെ അമ്മമാരും പങ്കെടുത്ത ഫൊക്കാന കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിൽ എന്നും മറക്കാനാവാത്ത ഒരദ്ധ്യായമായിരിക്കും.