ഫൊക്കാനയുടെ  നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലിന് പ്രഥമ കോപ്പി കൈമാറി

ന്യൂജേഴ്സി: ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘നമ്മുടെ മലയാളം’ ഡിജിറ്റല്‍ ത്രൈമാസികയുടെ പ്രകാശനം ന്യൂജേഴ്സിയില്‍ നടന്ന ചടങ്ങില്‍ ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു.   മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (മഞ്ച്)യുടെ ആഭിമുഖ്യത്തില്‍ നടന്ന  മഞ്ച് ഡാന്‍സ് ഫോര്‍ ലൈഫ് ഡാന്‍സ് മത്സരത്തിന്റെ സമ്മാനദാന-ഓണാഘോഷ വേദിയില്‍ വച്ച്   ‘നമ്മുടെ മലയാളം’ ഡിജിറ്റല്‍ ത്രൈമാസികയുടെ പ്രിന്റ് ചെയ്ത ആദ്യ കോപ്പി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അമേരിക്കയിലെ പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് തടത്തിലിനു കൈമാറിയതോടെയാണ്  ഡിജിറ്റല്‍ ത്രൈമാസികയുടെ പ്രകാശന കര്‍മ്മം ഔദ്യോഗികമായി നിര്‍വഹിച്ചത്.

പ്രശസ്ത സാഹിത്യകാരനും വിമര്‍ശകനും വാഗ്മിയുമായ പ്രൊഫ.എം.എന്‍ കാരശ്ശേരി വെര്‍ച്വല്‍ വീഡിയോ സന്ദേശത്തിലൂടെ സാഹിത്യ ത്രൈമാസികയ്ക്ക് ആശംസകള്‍ നേര്‍ന്നു. അമേരിക്കന്‍ മലയാളികളുടെ സാഹിത്യത്തിനുള്ള അഭിവാഞ്ഛ താന്‍ നേരിട്ടനുഭവിച്ചാണെന്ന് ഡോ. എം.എന്‍. കാരശ്ശേരി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. രണ്ടു തവണ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ വിവിധ സ്റ്റേറ്റുകളിലെ മലയാളികളുടെ നേതൃത്വത്തില്‍ നടത്തിയ പല സാഹിത്യ പരിപാടികളിലും പങ്കെടുത്തപ്പോള്‍ ഭാഷയെ അവര്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അടുത്തറിയാന്‍ കഴിഞ്ഞു. നല്ല ഭാവശുദ്ധിയുള്ള കൃതികളാണ് ഈ ത്രൈമാസികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും അദ്ദേഹം വിലയിരുത്തി. സാഹിത്യ പരിപോഷണത്തിനായി ഫൊക്കാന പോലുള്ള അമേരിക്കയിലെ ഏറ്റവും വലിയ സംഘടന മുന്നിട്ടിറങ്ങുന്നത് ഏറെ അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വടക്കെ അമേരിക്കയിലെയും ,ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി എഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്  ഫൊക്കാന സാഹിത്യ സാംസ്‌കാരിക ത്രൈമാസികയ്ക്ക് രൂപം നല്‍കിയത്.’ പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തില്‍ ത്രൈമാസികയായി പുറത്തിറക്കുന്ന നമ്മുടെ മലയാളത്തിന്റെ ആദ്യ പതിപ്പില്‍ 86 പേജുകളാണുള്ളത്.  പ്രകാശനം ചെയ്യും  ഫൊക്കാന പ്രസിഡണ്ട്  ജോര്‍ജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ഈ ത്രൈമാസിക ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേയുടെ സപ്ലിമെന്റ്  എഡിഷനായാണ് പ്രസിദ്ധീകരിക്കുന്നത്.

ഫൊക്കാനയുടെ തുടക്കം മുതല്‍ മറുനാട്ടിലെ മലയാള സംരക്ഷണം ഒരു അജണ്ടയായി മുന്നോട്ടു കൊണ്ടു പോകുന്നു.മലയാള സാഹിത്യ സാംസ്‌കാരിക രംഗത്ത് പ്രവാസി എഴുത്തുകാരുടെ സാന്നിദ്ധ്യം സജീവമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘നമ്മുടെ മലയാളം ‘ ത്രൈമാസിക ലക്ഷ്യമിടുന്നതെന്ന് ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് മാസികയുടെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചശേഷം പറഞ്ഞു . മുപ്പത്തി അഞ്ചിലധികം എഴുത്തുകാരാണ് ആദ്യ ലക്കത്തില്‍ സമൃദ്ധമായ സാഹിത്യ സൃഷ്ടികളുമായി അണിനിരക്കുന്നത്. വടക്കേ അമേരിക്കയില്‍ നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി എഴുത്തുകാരുടെ കഥകളും, കവിതകളും, ഓര്‍മ്മക്കുറിപ്പുകള്‍ക്കുമൊപ്പം  കേരളത്തിലെ പ്രഗത്ഭരായ എഴുത്തുകാരുഡി  രചനകളും ഈ ത്രൈമാസികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന്  ഫൊക്കാന ടുഡേ  എഡിറ്റര്‍ ബിജു കൊട്ടാരക്കര അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എഴുത്തുകാരെയും ഉള്‍പ്പെടുത്തി വടക്കെ അമേരിക്കയിലെ സാഹിത്യ പ്രതിഭകളുടെ രചനകള്‍ക്കും പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുന്ന ‘ നമ്മുടെ മലയാളം ‘മലയാള സാഹിത്യ രംഗത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാഹിത്യകാരന്മാരെ ‘നമ്മുടെ മലയാള’ ത്തിലൂടെ  ബന്ധപ്പെടുത്തുക വഴി ഫൊക്കാനയുടെ ചരിത്രത്തിലെ പുതിയ ഒരു അധ്യായമാണ് രചിക്കപ്പെട്ടതെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കലാ ഷാഹി, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍,നാഷണല്‍  കണ്‍വെന്‍ഷന്‍ കണ്‍വീനര്‍  ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ന്യൂജേഴ്സി റീജിയന്‍ ആര്‍.വി.പി ഷാജി വര്‍ഗീസ്, മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളില്‍, കെ.സി.എഫ്. പ്രസിഡണ്ടും നാഷണല്‍ കമ്മിറ്റി അംഗവുമായ കോശി കുരുവിള തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.