Blog
ഫൊക്കാന കേരള കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയാവുന്നു
രാജേഷ് തില്ലങ്കേരി
തിരുവനന്തപുരം : ഫൊക്കാനയുടെ 2022 കേരളാ കൺവെൻഷൻ ഫെബ്രുവരി 26 ന് തിരുവനന്തപുരം മാജിക് പ്ലാനറ്റിൽ നടക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അറിയിച്ചു. കൺവെൻഷനിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ , മറ്റു മന്ത്രിമാർ, എം എൽ എമാർ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. നാനൂറിനും അഞ്ഞുറിനും ഇടയിൽ പ്രതിനിധികളാണ് സമ്മേളനത്തിലുണ്ടാവുക.
കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യത്തിൽ കൺവെൻഷൻ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകൾ അകന്നതോടെ കൺവെൻ ചരിത്ര സംഭവമാക്കുകയാണ് ഫൊക്കാന. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റ്.
ഫൊക്കാന ഭാരവാഹികൾ മന്ത്രിമാരെയും പ്രമുഖ സാമൂഹ്യ, രാഷ്ട്രീയ നേതാക്കളെയും സന്ദർശിച്ച് പ്രാതിനിധ്യം ഉറപ്പുവരുത്തി.
ഭിന്ന ശേഷിക്കാരായ കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റിലാണ് പ്രോഗ്രാം നടക്കുന്നത്. ഫൊക്കാനയുടെ നേതൃത്വത്തിൽ മാജിക് പ്ലാനറ്റിന് നിരവധി സഹായങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട്.
ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കേരള കൺവെൻഷനായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്ന് ജോർജി വർഗീസ് പറഞ്ഞു. ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു കൊട്ടാരക്കര, ഫൊക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോ -ഒാഡിനേറ്റർ പോൾ കറുകപ്പള്ളിൽ,എന്നിവരും കൺവെൻഷന്റെ ഒരുക്കങ്ങൾക്കായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.