Blog
പറഞ്ഞ വാക്കിന്റെ അടിമയും പറയാത്ത വാക്കിന്റെ ഉടമയുമാണ് നമ്മൾ: ഗോപിനാഥ് മുതുകാട്
ഒർലാൻഡോ ∙ ഫൊക്കാന കൺവൻഷൻ വേദിയിൽ മാജിക് അവതരിപ്പിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്. ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് നടത്തിയ മോട്ടിവേഷണൽ സെമിനാറിലാണ് അദ്ദേഹം മാജിക് അവതരിപ്പിച്ചത്. നമ്മുടെ സ്വഭാവമാണ് നമ്മുടെ ഭാവിയുടെ ഭാഗധേയം നിർണ്ണയിക്കുന്നത് എന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം മാജിക് അവതരിപ്പിച്ചത്. ഫൊക്കാനയുമായുള്ള ഹൃദയ ബന്ധത്തിന്റെ പേരിലാണ് ഫൊക്കാന വേദിയിൽ മാജിക് അവതരിപ്പിക്കുന്നത് എന്ന ആമുഖത്തോടെയായായിരുന്നു പ്രകടനം.
വാക്കുകളെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടി തുടങ്ങിയ മാജിക്കിൽ നിന്ന് അറിവിന്റെ വാതായനങ്ങൾ ഫൊക്കാന കൺവൻഷന് എത്തിയ പ്രതിനിധികൾക്ക് മുൻപിൽ തുറന്നിടുകയായിരുന്നു അദ്ദേഹം. വാക്കിലാണ് എല്ലാം തുടങ്ങുന്നത്. സൃഷ്ടിയുടെ താക്കോലാണ് വാക്കുകൾ. ആദിയിൽ വചനമുണ്ടായി എന്ന് ബൈബിൾ പറയുന്നു. എല്ലാം ഉണ്ടാവട്ടെ പറഞ്ഞപ്പോൾ എല്ലാം ഉണ്ടായി എന്ന് ഖുറാൻ പറയുന്നു. പ്രപഞ്ചത്തിന്റെ തുടക്കം ഓം കാരത്തിൽ നിന്നാണെന്ന് ഹിന്ദുമതം പറയുന്നു. എല്ലാവരും പറയുന്നത് ഒന്നാണ്. വാക്കിലാണ് തുടക്കം.
ഒരു കുഞ്ഞു വാക്കു കൊണ്ട് നമ്മുടെ കുട്ടികളുടെ ആഴങ്ങളിലേക്ക് പോയി സാധ്യതകളുടെ ചെപ്പ് തുറക്കുവാൻ നമുക്ക് സാധിക്കും. അപ്പോൾ എന്തു പറയണം എന്ത് പറയരുത് എന്നുള്ളതാണ് ജീവിതത്തിൽ പ്രധാനം. നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, എന്തെല്ലാമാണെന്ന് ചിന്തിക്കണം. നമ്മൾ പറഞ്ഞ വാക്കിന്റെ അടിമയും, പറയാത്ത വാക്കിന്റെ ഉടമയുമാണ്. മാതാപിതാക്കൾ മക്കളോട് സംസാരിക്കുമ്പോൾ എന്ത് സംസാരിക്കരുത് അതി പ്രധാനമാണ്. നമ്മൾ പറയുന്ന വാക്കിലൂടെ കുട്ടികളുടെ മനസിലേക്ക് പോസിറ്റീവായ ആശയങ്ങൾ നൽകുവാൻ കഴിയണം. നമ്മൾ പറയുന്ന വാക്കുകൾ മറ്റുള്ളവർക്ക് മാറ്റം ഉണ്ടാക്കാൻ കഴിയുന്ന വാക്കുകളാണോ എന്നതും പ്രധാനമാണ്.
വാക്കിൽ തുടങ്ങി കഥകളിലൂടെ നമ്മുടെയൊക്കെ ജീവിതത്തിന്റെ അർഥതലങ്ങളുടെ വ്യാപ്തിയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗം സദസ്സ് നിശബ്ദമായി കേട്ടിരിക്കയും ആദരവോട് എഴുനേറ്റ് നിന്ന് കൈയ്യടികളോടെ ആണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കഥകൾ കേൾവിക്കാരെ മറ്റൊരുലോകത്തേക്ക് എത്തിച്ചു.
ഇനിയുളള തന്റെ ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത് എന്ന് ഗോപിനാഥ് മുതുകാട് വ്യക്തമാക്കി. തനിക്ക് സ്റ്റേ്ജ് മിസ് ചെയ്യുന്നുണ്ട്. മാജികിന് വേണ്ടിയുളള വിലപിടിപ്പുളള സാധനങ്ങളെല്ലാം കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊടി പിടിച്ച് കിടക്കുകയാണെന്ന് അദ്ദേഹം പറയുന്നു. പുഴ വഴി മാറി ഒഴുകുന്നത് പോലെ ജീവിതം മാറുകയാണ്.
എഴാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി മാജിക് പഠിക്കുന്നത്. പത്താമത്തെ വയസ്സിലാണ് ആദ്യമായി മാജിക് അവതരിപ്പിക്കുന്നത്. പിന്നീടുളള 46 വര്‍ഷം മാജികില്‍ മാത്രമാണ് ശ്രദ്ധിച്ചത്. പുതിയ വിദ്യകള്‍ കണ്ടെത്താനും മറ്റുമുളള ശ്രമങ്ങളില്‍ ആയിരുന്നു. ഒരു ജാലവിദ്യയ്ക്കിടെയുണ്ടായ സംഭവമാണ് മാജിക് നിര്‍ത്താനുളള തീരുമാനത്തിന് പിന്നിലെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു
ഇനി ഈ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടി ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭിന്നശേഷിയുളള മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍ കേരളത്തിലുണ്ട് അത് പഴയ സെൻസസ് പ്രകാരമാണ്. അതില്‍ 200ലധികം കുട്ടികളെ ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഗവൺമെന്റ് എല്ലാ സഹായവും ചെയ്യുന്നുണ്ട് പക്ഷേ, നമ്മുടെ ഇന്ത്യയിൽ ഇങ്ങനെയുള്ള കുട്ടികൾക്ക് മാതാപിതാക്കൾ അല്ലാതെ മറ്റാരും ഇല്ല. അവരിൽ ചിലരെയെങ്കിലും ചേർത്ത് നിർത്താൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. ഇന്നു ഞാൻ സന്തോഷവാനാണ് എനിക്ക് ഇത്രയെങ്കിലും ചെയ്യാൻ കഴിയുന്നല്ലോ ? ഇന്ന് ഞാൻ സ്വപ്നം കാണുന്നു എന്റെ ആ ഇരുനൂറ് കുട്ടികളുടെ ഭാവിയാണ്.
സ്വപ്നം കാണാന്‍ കഴിയാത്ത ആ കുട്ടികള്‍ക്ക് വേണ്ടി നമ്മള് സ്വപ്നം കാണുക, ആ സ്വപ്നം യാഥാർഥ്യമാക്കുക എന്നതാണ് ആഗ്രഹിക്കുന്നത്. ഇനിയൊരു മാജികും ചെയ്യില്ല എന്നതല്ല തീരുമാനം. പ്രൊഫഷണല്‍ മാജിക് ഷോ ചെയ്യില്ല എന്നതാണ് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഞാനിപ്പോൾ ചെയ്യുന്നത് ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടിയുളള പ്രൊജക്ടാണ്. അതിലേക്ക് മുഴുവന്‍ ശ്രദ്ധയും കൊണ്ട് വരുവാൻ വേണ്ടിയാണു ഇത്. നൂറു ശതമാനവും അതിലേക്ക് ഡെഡിക്കേറ്റ് ചെയ്യണം എന്റെ എല്ലാ സ്വത്തുക്കളും ഈ പ്രോജക്ടിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്ന് പക്ഷേ ഇനിയും പലരുടെയും സഹായങ്ങൾ ഉണ്ടെകിൽ മാത്രമേ മുന്നോട്ടുപോകുവാൻ കഴിയു ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഒരു അസുലഭ നിമിഷമാണ് ഫൊക്കാന കൺവൻഷനിലെ മോട്ടിവേഷൻ സെമിനാറിൽ കണ്ടത്. അദ്ദേഹത്തിന്റെ ഒരു മണിക്കൂറിലധികം നീണ്ടു നിന്ന പ്രസംഗം ഫൊക്കാന കൺവൻഷന്റെ നിറഞ്ഞ സംഭാവനയായിരുന്നു എന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ് പറഞ്ഞു. ഗോപിനാഥ് മുതുകാടിനെ ഫൊക്കാനയ്ക്ക് ലഭിച്ചത് ഒരു നന്മയുടെ തണലായി ഫൊക്കാന കാണുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മാജിക്ക് പ്ലാനറ്റിന് വീണ്ടും സഹായഹസ്തമായി മാറുകയാണ് ഫൊക്കാനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.