Blog
കേരളത്തിലെ ഭിന്ന ശേഷി കുട്ടികൾക്ക് ഗാന വിരുന്നും സദ്യയും ഒരുക്കി ഫ്ളോറിഡാ കൈരളി ആർട്സ് ക്ലബ് ഓണം ആഘോഷിച്ചു
വറുഗീസ് സാമുവേൽ, കൈരളി പ്രസിഡന്റ്
ഫോർട്ട് ലോഡർഡേൽ:ചാരിറ്റി പ്രവർത്തനങ്ങൾക്ക് സുപ്രസിദ്ധി ആർജിച്ച കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ ഓണാഘോഷവും സദ്യയും ഫ്ലോറിഡയിൽ വച്ചു നടത്തിയപ്പോൾ, തിരുവല്ല വികാസ് സ്കൂളിലെ ഭിന്ന ശേഷി കുട്ടികൾക്ക് സുപ്രസിദ്ധ ഗായകൻ ബിനോയ് ചാക്കോ ടീമിന്റെ നേതൃത്വത്തിൽ ഗാനമേള ഒരുക്കി സമൂഹത്തോടുള്ള പ്രതിബദ്ധത വിളിച്ചറിയിച്ചു. ഫ്ലോറിഡയിൽ താണ്ഡവമാടിയ ഇയാൻ കൊടുങ്കാറ്റിൽ കഷ്ടതയനുഭവിക്കുന്ന ജങ്ങൾക്കു സഹായമെത്തിക്കുന്നതുൾപ്പെടു അനേകം ചാരിറ്റി പ്രവർത്തനങ്ങൾ കൈരളി ആർട്സ് നടപ്പാക്കി. ഈ ഓണത്തോടനുബന്ധിച്ചു ഓണകിറ്റും സദ്യയും നാട്ടിൽ വിതരണം ചെയ്തിരുന്നു.
കൈരളി പ്രസിഡന്റ് വർഗീസ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന ഓണാഘോഷം ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉൽഘാടനം ചെയ്തു. നിർധനരായ 25 കുടുമ്പങ്ങൾക്കു വീടുകൾ നിർമിച്ചു നല്കുന്നതുൾപ്പെടെ ഫൊക്കാനാ നടപ്പാക്കാനാഗ്രഹിക്കുന്ന പ്രോഗ്രാമുകൾ ഡോ ബാബു സ്റ്റീഫൻ വിശദീകരിച്ചു.
ഫൊക്കാനാ സെക്രട്ടറി ഡോ കലാ ഷാഹി വിശിഷ്ടാതിഥി ആയിരുന്നു.
ഫൊക്കാനാ ഓർലാണ്ടോ കൺവെൻഷൻ ചരിത്ര വിജയമായി നടത്തി രണ്ടു വർഷകാലം അനേകം പ്രോഗ്രാമുകൾ കാഴ്ചവക്കാൻ നേതൃത്വം നൽകിയ മുൻ പ്രസിഡന്റ് ജോർജി വർഗീസിനെ സമ്മേളനം ഷാൾ അണിയിച്ചു അഭിന്ദിച്ചു. ജനബാഹുല്യം കൊണ്ടും, കലാപരിപാടികളുടെ മേന്മകൊണ്ടും , ചിട്ടയായ നടത്തിപ്പ് കൊണ്ടും ഏറ്റവും മികച്ച കൺവെൻഷൻ ആക്കിത്തീർത്ത ജോർജി വർഗീസ് ടീമിനെ ഏവരും അഭിനന്ദനം അറിയിച്ചു. നല്ലവണ്ണം ബഡ്ജറ്റ് ചെയ്തും ചിട്ടയായുമാണ് കൺവെൻഷൻ നടത്തിയത്. കൈരളി ആർട്സ് ക്ലബ് ജോർജി വർഗീസിന്റെ മാതൃ സംഘടന ആണ്.
മുൻ ഫൊക്കാനാ ട്രെഷററും ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനുമായ സണ്ണി മറ്റമനയെയും ഇലെക്ഷൻ കമ്മിറ്റി ചെയർമാനായി സ്തുത്യർഹമായി സേവനം ചെയ്ത ഡോ മാമ്മൻ സി ജേക്കബിനെയും സമ്മേളനത്തിൽ ഹാരാർപണം നടത്തി.
വാദ്യ ഘോഷത്തോടും കൈരളിയിലെ അംഗനമാരുടെ താലപ്പൊലിയോടും അകമ്പടിയോടുമാണ് വിശിഷ്ടാതിധികളെ സ്റ്റേജിലേക്ക് ആനയിച്ചത്. സെക്രട്ടറി ഡോ. മഞ്ജു സാമുവേലിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികളും ഡൊ ഷീലാ വർഗീസിന്റെ നേതൃത്വത്തിലുള്ള തിരുവാതിരയും അരങ്ങു തകർത്തു. വിശേഷ കലാകാരൻ അവിനാഷ് ഫിലിപ്പ് സംവിധാനം ചെയ്ത ” ദേ മാവേലി ” എന്ന സാമൂഹ്യ നാടകം നമ്മുടെ സമൂഹത്തിൽ നടമാടുന്ന വിപത്തുകളെ തുറന്നു കാട്ടി. വര്ഷം തോറും നമ്മെ കാണാൻ വരാൻ വരുന്ന മാവേലി തമ്പുരാൻ, വരാതെ മടിച്ചു നിക്കുന്ന പല സംഭവങ്ങളും സ്കിറ്റിൽ കൂടി എടുത്തു കാട്ടിയത് കാണികൾ ഹർഷാരവത്തോടെ ഏറ്റു വാങ്ങി.
ഓണത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന വള്ളം കളി സ്റ്റേജിൽ അവതരിപ്പിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
ഫാ. എബി എബ്രഹാം ഓണ സന്ദേശം നല്കി. കൈരളി സെക്രട്ടറി ഡോ മഞ്ജു സാമുവേൽ, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, ഐ ഓ സി പ്രസിഡന്റ് ബിനു ചിലമ്പത്, ഫൊക്കാനാ ആർ.വി.പി. സുരേഷ് നായർ, മലയാളി അസ്സോസിയേഷൺ ഓഫ് ടാമ്പാ പ്രസിഡന്റ് അരുൺ ചാക്കോ, മുൻ ആർ വി പി ജോൺ കല്ലോലിക്കൽ, റവ. ഷിബി എബ്രഹാം എന്നിവർ പ്രസംഗിച്ചു. മിസ് മഞ്ജു വർഗീസ് എം. സി ആയി സ്തുത്യർഹമായി പ്രവർത്തിച്ചു.
എല്ലാവര്ക്കും കേരളത്തനിമയിൽ ഇലയിട്ട് ഓണസദ്യ വിളമ്പി. കേരളത്തോട് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള സൗത്ത് ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ്ബിന്റെ ഓണാഘോഷം പഴമയുടെയും പാരമ്പര്യത്തിന്റെയും നവ ചൈതന്യം തുളുമ്പുന്നതായിരുന്നു.