ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം  പ്രവീൺ രാജിനു സമ്മാനിച്ചു 

തിരുവനന്തപുരം: ഹയാത്ത് റീജൻസിയിൽ നടന്ന ഫൊക്കാന കേരളാ കോൺവൻഷനിൽ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം പ്രവീൺ രാജ് ആർ. എൽ. ഏറ്റുവാങ്ങി. മുൻ മന്ത്രി മോൻസ് ജോസഫാണ് അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്.

മലയാള ഭാഷയ്ക്ക് ഫൊക്കാനാ നൽകുന്ന പ്രോത്സാഹനം വളരെമുൻപേ മലയാളികൾ മനസ്സിലാക്കിയിട്ടുള്ളതാണെന്ന് മോൻസ് ജോസഫ് പറഞ്ഞു. “ഭാഷയ്ക്കൊരു ഡോളർ എന്ന് അമേരിക്കയിലിരുന്ന് ഫൊക്കാനാ പറഞ്ഞപ്പോൾ അതിന് വലിയ പ്രാധാന്യമുണ്ടായി. ഡോ.ടി.പി.ശ്രീനിവാസൻ ഈ പദ്ധതിയെക്കുറിച്ച് പ്രശംസിച്ച് സംസാരിച്ചത് ഇന്നും ഓർക്കുന്നു. ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഏവരെയും അനുമോദിക്കുന്നതോടൊപ്പം പുരസ്കാരജേതാവ് പ്രവീൺ രാജിനെയും അഭിനന്ദിക്കുന്നു. പ്രവീൺ നമ്മുടെ നാടിന് മുതൽക്കൂട്ടായി വരുംനാളുകളിൽ ഒരുപാട് മുന്നോട്ടുവരാൻ ദൈവം അനുഗ്രഹിക്കട്ടെ. പുരസ്കാരം സമ്മാനിച്ചുകൊണ്ട് മോൻസ് ജോസഫ് പറഞ്ഞു.

ഗവേഷണപ്രബന്ധത്തിന് വഴികാട്ടിയായ നസീബ് സാറിന് നന്ദിപറഞ്ഞുകൊണ്ടാണ് പ്രവീൺ രാജ് സംസാരിച്ചുതുടങ്ങിയത്.

“എന്റെയും നസീബ് സാറിന്റെയും ചിന്ത ഒന്നായിരുന്നു എന്നതാണ് പ്രബന്ധത്തിന്റെ വിജയം. മലയാള വിമർശനം സർഗാത്മകമാണ് എന്ന അഭിപ്രായമാണ് ഞങ്ങൾ ഇരുവർക്കും ഉണ്ടായിരുന്നത്. കെ.പി.അപ്പന്റെ വത്സലശിഷ്യനാണ് നസീബ് സാർ, ഞാനും അദ്ദേഹത്തെ ഏറെ ആരാധിക്കുന്ന ഒരാളാണ്
നിരവധി കടമ്പകളിലൂടെ കടന്നാണ് ഈ പാരികല്പന തെളിയിച്ചത്. പാരികല്പനയുടെ വികസിതരൂപമാണ് സിനോപ്സിസ്. സിനോപ്സിസിന്റെ വികസിതരൂപമാണ് തീസിസ്. ഈ മൂന്ന് വഴികളും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ഗുരു എന്ന നിലയിൽ നസീബ് സാർ അനുവദിച്ചരുന്ന സ്വാതന്ത്ര്യം കൊണ്ടാണ്. അദ്ദേഹമെനിക്ക് സഞ്ചരിക്കാൻ എല്ലാ വാതിലുകളും തുറന്നിട്ടുതന്നു. ചില അധ്യാപകർ അതിന് സമ്മതിക്കില്ല. അങ്ങനെ വന്നാൽ,വിദ്യാർത്ഥിക്ക് ഗവേഷണം പൂർത്തിയാക്കാൻ സാധിക്കാതെ വരും.” പ്രവീൺ രാജ് പറഞ്ഞു.
താനും പ്രവാസി ആയിരുന്നെന്നും ഏഴു വര്ഷം ഗൾഫിൽ ജോലി ചെയ്തിരുന്നുവെന്നും പ്രവീൺ പറഞ്ഞു. അതുപോലെ തന്റെ കുടുംബത്തിന്റെ വിഷമതകളിൽ നിന്ന് ഇവിടെ വരെയെത്തിയതും അനുസ്മരിച്ചു.

ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം  പ്രവീൺ രാജിനു സമ്മാനിച്ചു 

മാതൃഭാഷയോടുള്ള സ്നേഹംകൊണ്ട് അമേരിക്കൻ മലയാളികൾ, 1992 ൽ ആരംഭിച്ച പദ്ധതിയാണ് ഭാഷയ്ക്കൊരു ഡോളർ. കേരള സർവകലാശാലയോട് കൈകോർത്തുകൊണ്ടാണ് ഫൊക്കാന ഈ പുരസ്കാരം നൽകിവരുന്നത്.
കേരളത്തിലെ എല്ലാ സർവ്വകലാശാലകളിൽ നിന്നും അയച്ചുകിട്ടിയ മലയാളഭാഷയേയും സാഹിത്യത്തെയും സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നാണ് പുരസ്കാരം കിട്ടിയ പ്രബന്ധം തെരഞ്ഞെടുത്തത്.

കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. (ഡോ.) വി. രാജീവ്, മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ. (ഡോ.) പി. എസ്. രാധാകൃഷ്ണൻ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പ്രൊഫ. ഡോ. എ. ഷീലാകുമാരി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരനിർണ്ണയം നടത്തിയത്.

ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം  പ്രവീൺ രാജിനു സമ്മാനിച്ചു 

സാഹിത്യരൂപങ്ങളുടെ നിർമ്മിതിയിൽ മാത്രമല്ല,സാഹിത്യവിമർശനത്തിന്റെ നിർമ്മിതിയിലും സർഗ്ഗാത്മകത പ്രവർത്തിക്കുമെന്ന് തെളിയിക്കുന്ന പുതുമനിറഞ്ഞ ആഖ്യാനരീതിയാണ് പ്രവീണിന്റെ പ്രബന്ധത്തെ വേറിട്ടുനിർത്തുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം  പ്രവീൺ രാജിനു സമ്മാനിച്ചു 

അമ്മയ്ക്ക് മക്കൾ നൽകുന്ന സ്നേഹസമ്മാനമെന്നാണ് ഈ പുരസ്കാരത്തെ ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ വിശേഷിപ്പിച്ചത്. മലയാള തേന്മൊഴിയെ ശ്രേഷ്ഠഭാഷാ പദവിയിലേക്ക് കൈപിടിച്ചുയർത്തിയ മഹത്വ്യക്തിത്വങ്ങളെയും തദവസരത്തിൽ അദ്ദേഹം ആദരപൂർവം സ്മരിച്ചു.

ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം  പ്രവീൺ രാജിനു സമ്മാനിച്ചു 

ജോർജി വർഗീസ് ചടങ്ങിൽ നന്ദി പറഞ്ഞു.
ഭാഷയ്ക്കൊരു ഡോളർ പുരസ്കാര’ത്തിന് അർഹനായ പ്രവീൺ രാജിനെ ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ ബിജു ജോൺ, ഭാഷയ്ക്കൊരു ഡോളർ കോർഡിനേറ്റർ ജോർജി വർഗീസ്,ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സണ്ണി മറ്റമന, ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ പോൾ കറുകപ്പള്ളിൽ, മാധവൻ നായർ, സജിമോൻ ആന്റണി ജോജി തോമസ് തുടങ്ങിയവർ അഭിനന്ദിച്ചു.