Blog
ഫൊക്കാന കേരള കൺവൻഷൻ മാർച്ച് 31, ഏപ്രിൽ ഒന്ന് തിയതികളിൽ തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരള കൺവൻഷൻ മാർച്ച് 31,ഏപ്രിൽ ഒന്ന് തിയതികളിലായി തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കും. സമ്മേളനം 31 നു വൈകിട്ട് ആറു മണിക്ക് ബഹു:കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ.കലാഷാഹി, കേരളീയം വർക്കിംഗ് ചെയർമാൻ ഡോ.ജി.രാജ് മോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൺവൻഷനിലെ വിവിധ പരിപാടികളിൽ ആദരണീയരായ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള, ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്,സംസ്ഥാന മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ് , വി.ശിവൻകുട്ടി, ഡോ.ആർ.ബിന്ദു, ജി.ആർ.അനിൽ, അഡ്വ.ആന്റണിരാജു, എം.പിമാരായ ഡോ. ശശിതരൂർ, പി.വി.അബ്ദുൾവഹാബ് , ജോൺ ബ്രിട്ടാസ്, മുൻ അംബാസിഡർ ഡോ.ടി.പി.ശ്രീനിവാസൻ, വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി, എം.എ.ബേബി, ഡോ.എസ്.എസ്.ലാൽ , ജെ.കെ.മേനോൻ, ഇ.എം.രാധ എന്നിവരടക്കം വിശിഷ്ടാതിഥികൾ പങ്കെടുക്കും.
കൺവൻഷനിൽ പങ്കെടുക്കാൻ അമേരിക്കയിൽ നിന്നും ഫൊക്കാനയുടെ പ്രതിനിധികൾ എത്തിച്ചേർന്നതായി ഡോ.ബാബു സ്റ്റീഫൻ അറിയിച്ചു. കേരളത്തിന്റെ വികസനത്തിലും പുരോഗതിയിലും ഫൊക്കാന വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് കൺവൻഷൻ ചർച്ച ചെയ്യും.മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർവകലാശാലയുമായി ചേർന്ന് വർഷങ്ങളായി ഫൊക്കാന നടത്തിവരുന്ന ഭാഷയ്ക്കൊരു ഡോളർ പദ്ധതിയുടെ വിതരണം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും.
കൺവൻഷനോടനുബന്ധിച്ചുള്ള പ്രവാസി സമ്മേളനം ഏപ്രിൽ ഒന്നിന് രാവിലെ 11 മണിക്ക് ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും .തദവസരത്തിൽ പ്രമുഖ കഥാകൃത്ത് സതീഷ് ബാബുവിന്റെ സ്മരണയ്ക്കായ് ഏർപ്പെടുത്തിയ സതീഷ്ബാബു സ്മാരക പ്രവാസി സാഹിത്യ അവാർഡ് പ്രവാസി എഴുത്തുകാരനായ മൺസൂർ പള്ളൂരിനും, ഫൊക്കാന സാഹിത്യ അവാർഡ് പ്രമുഖ എഴുത്തുകാരൻ വി.ജെ.ജയിംസിനും ,കവി രാജൻ കൈലാസിനും ഗോവ ഗവർണർ സമ്മാനിക്കും. ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും.
കൺവൻഷന്റെ ഭാഗമായി നടക്കുന്ന വനിതാ ഫോറത്തിൽ വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.പി.സതീദേവി മുഖ്യാതിഥിയായിരിക്കും.അകാലത്തിൽ വിടപറഞ്ഞ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ .ജി.ശേഖരൻനായരെ അനുസ്മരിക്കുന്ന മാധ്യമ സമ്മേളനം ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30 ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.
ബിസിനസ് സെഷൻ തുടങ്ങി വിവിധ സെമിനാറുകളിൽ പ്രമുഖ വ്യവസായികളും ഉദ്യോഗസ്ഥപ്രമുഖരും ഫൊക്കാന പ്രതിനിധികളും പങ്കെടുക്കും.ഒന്നിന് വൈകിട്ട് ഏഴുമണിക്ക് ചേരുന്ന സമാപന സമ്മേളനം ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.ഡോ.ബാബുസ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള ഫൊക്കാന അവാർഡ് ടൂറിസം,പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ബംഗാൾ ഗവർണർ സമ്മാനിക്കും. ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിലിന്റ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യവസായി ജെ.കെ.മേനോനെ ആദരിക്കും. ഡോ.ശശിതരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും.