Blog
ലോക കേരളസഭ സമ്മേളനം :ഡയമണ്ട് സ്പോൺസർ ഡോ.ബാബു സ്റ്റീഫൻ ചെക്ക് കൈമാറി
അനിൽ പെണ്ണുക്കര
ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന മൂന്നാം ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറായ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ രണ്ടുലക്ഷത്തി അൻപതിനായിരം ഡോളറിന്റെ ചെക്ക് കൈമാറി. ലോക കേരള സഭ ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മന്മഥൻ നായരും ഹോസ്പിറ്റാലിറ്റി ചെയർ പോൾ കറുകപ്പിള്ളിയും ചേർന്ന് അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ സമാപന സമ്മേളന വേദിയായ ടൈം സ്‌ക്വയറിൽ വെച്ചു സ്വീകരിച്ചു .അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് എന്ന നിലയിൽ ഈ ഉദ്യമത്തിൽ പങ്കാളിയാകുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു .ഫൊക്കാന പ്രസിഡന്റ് എന്ന നിലയിലും സാമൂഹ്യ ,രാഷ്ട്രീയ ,സാംസ്കാരിക മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഡോ.ബാബു സ്റ്റീഫനെപോലെയുള്ള ഒരാൾ കേരളത്തിന്റെ വികസനപ്രക്രിയക്ക് ഒപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് കെ.ജി. മന്മഥൻ നായർ പറഞ്ഞു. നോര്‍ത്ത് അമേരിക്കൻ കരീബിയന്‍ മേഖലകള്‍ ഉള്‍പ്പെടുന്ന അമേരിക്കന്‍ രാജ്യങ്ങളുടെ മൂന്നാം മേഖലാ സമ്മേളനത്തിന് ന്യൂയോർക്ക് വേദിയാകുമ്പോൾ മൂന്നു ഫൊക്കാന പ്രസിഡന്റ് മാരുടെ ഒത്തുചേരൽ കൂടിയായി ടൈം സ്‌ക്വയർ .മൂന്നു പേരും ഫൊക്കാനയുടെ യശസ്സ് ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുള്ളവരാണ്.വാഗ്മിയും ,മികച്ച സംഘാടകനും നിരവധി തവണ ഫൊക്കാന ഇലക്ഷൻ കമ്മീഷണറുമായിരുന്ന കെ.ജി. മന്മഥൻ നായർ ഫൊക്കാനയുടെ എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാളാണ് .അദ്ദേഹത്തിന്റെ സംഘാടക മികവിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയായിരിക്കും ഈ സമ്മേളനം .ഡോ.ബാബു സ്റ്റീഫനാകട്ടെ ഫൊക്കാനയ്ക്ക് ആഗോള മലയാളി സമൂഹത്തിനു മുൻപിൽ ഒരു സ്ഥാനം നേടിയെടുക്കുന്നതിൽ വലിയ പങ്കു വഹിച്ച വ്യക്തിയാണ് .അധികാരമേറ്റ സമയം മുതൽ ഫൊക്കാന ഇന്റർ നാഷണൽ എന്ന ആശയം നടപ്പിൽ വരുത്തുവാൻ നിരന്തര പരിശ്രമം നടത്തുകയും അതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ,ജീവകാരുണ്യ പ്രവർത്തങ്ങൾക്കൊപ്പം ജന്മ നാടിന്റെ വികസന പ്രക്രിയയിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തുവാനും നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്നു .പോൾ കറുകപ്പിള്ളിൽ ഫൊക്കാനയുടെ ഒരു പ്രതിസന്ധി കാലഘട്ടത്തിൽ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോയ പ്രസിഡന്റ് കൂടിയാണ് .അതുപോലെതന്നെ വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുകയും അവയെ സംഘടനയ്ക്കും കേരളത്തിന്റെ പൊതുസമൂഹത്തിനും ഗുണപ്രദമാകുന്ന തരത്തിൽ പ്രയോജനപ്പെടുത്തുവാനും കഴിവുള്ള ഒരാളും കൂടിയാണ് അദ്ദേഹം .മൂവരുടെയും ഒത്തുചേരൽ പ്രവാസികളുടെ ഉന്നമനത്തിനായി രൂപം കൊണ്ട ലോകകേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനവേദിയിൽ ആയതും ആകസ്മികമായി.
ഭരണ,പ്രതിപക്ഷ രാഷ്ട്രീയ ഭേദമെന്യേ പ്രവാസി മലയാളി സമൂഹം വന്നുചേരുന്ന ഒരു മഹാസമ്മേളനമാണിത് .വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ കേരളത്തിന്റെ തുടർ വികസനത്തിന് അമേരിക്കൻ പ്രവാസി സമൂഹത്തിനു എന്തെല്ലാം സംഭാവനകൾ നൽകുവാൻ സാധിക്കുമെന്ന് കേരളാ മുഖ്യമന്ത്രിയുടെയും ,മന്ത്രിമാരുടെയും ഗവണ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചർച്ച ചെയ്യുന്ന വേദികൂടിയാണ് ഈ സമ്മേളനം .