Blog
മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ഫൊക്കാനയുടെ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഡോ. രാജ്മോഹൻ എറ്റുവാങ്ങി
Dr. കല ഷഹി
മാനേജ്മന്റ് വിദഗ്ദ്ധനും തലസ്ഥാനത്തെ നിരവധി സാംസ്കാരിക സംഘടനകളുടെ അമരക്കാരനുമായ ഡോ. ജി രാജ് മോഹനന്റെ എൺപതാം പിറന്നാൾദിനത്തിൽ, മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ഫൊക്കാനയുടെ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് രാജ്മോഹൻ എറ്റുവാങ്ങി. സാംസ്കാരിക മേഖലയിൽ ഉൾപ്പടെ നേതൃപാടവത്തോടെ ബഹുമുഖമായ പ്രവർത്തനങ്ങൾ ചെയ്ത വ്യക്തിയാണ് രാജ്മോഹൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
നോർത്ത് അമേരിക്കയിലെ ആദ്യത്തെ മാതൃ സംഘടനയായ ഫൊക്കാനയുടെ സാംസ്കാരിക പ്രതിബദ്ധത ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ പുരസ്കാരം. ഈ ബഹുമതിക്ക് ശ്രീ രാജ്മോഹൻ തികച്ചും അർഹനാണെന്ന് മുഖ്യമന്ത്രിയും ഫൊക്കാന പ്രസിഡന്റും അവരുടെ പ്രസംഗത്തിൽ എടുത്തു പരാമർശിച്ചു. അതോടൊപ്പം ഫൊക്കാന കേരളത്തിനും, പ്രവാസികൾക്കും ചെയ്യുന്ന പ്രവർത്തന മികവിനെ വാനോളം പ്രകീർത്തിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുടനീളം പരാമർശിച്ചത് പ്രസ്തുത പരിപാടിയിൽ പങ്കെടുത്തവർക്കും, സംഘാടകർക്കുമിടയിൽ അത്ഭുതമുളവാക്കി.
ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. രാജ്മോഹൻ തനിക്ക് ലഭിച്ച അവാർഡ് തുകയായ ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ ഈ തീരുമാനം പ്രശംസനീയം എന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അറിയിച്ചു.
സാഹിത്യകാരൻ ടി പദ്മനാഭൻ ആശംസ സമർപ്പിച്ചു. മുൻമന്ത്രി എം.എ ബേബി അധ്യക്ഷനായ ചടങ്ങിൽ, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, മുൻ സ്പീക്കർ എം വിജയകുമാർ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി, കേരളാ മീഡിയ അക്കാദമി ചെയർമാൻ ആർ എസ്സ് ബാബു, വികെ പ്രശാന്ത് എംഎൽഎ, ഡോ. എംവി പിള്ള തുടങ്ങിയവർ പങ്കെടുത്തു.