Blog
ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി
വാഷിംഗ്ടൺ, ഡി.സി: ക്യാപിറ്റോൾ ഹില്ലിൽ ജനപ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായി ഫൊക്കാന നടത്തുന്ന സമ്പർക്ക പരിപാടിയുടെ ഭാഗമായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, കോൺഗ്രസംഗം രാജാ കൃഷ്ണമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി
സെപ്തംബർ 14-ന്, നടന്ന പ്രാതൽ മീറ്റിങ്ങിനിടെ, ഡോ. ബാബു സ്റ്റീഫൻ, ഫോക്കാനയുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള ഒരു അവലോകനം കോൺഗ്രസ്മാനെ അറിയിച്ചു. സംഘടനയുടെ ശ്രദ്ധേയമായ ജീവകാരുണ്യ പദ്ധതികളിലൊന്നായ ഭവനം പദ്ധതിയെപ്പറ്റിയുള്ള വിവരങ്ങളും ഇതിൽപ്പെടുന്നു. താഴെത്തട്ടിലുള്ളവർക്ക് വീട് വച്ച് നൽകുന്ന ഈ പദ്ധതിയുടെ വിശദാശംശങ്ങൾ കോൺഗ്രസ്മാൻ ചോദിച്ചറിയുകയും ചെയ്തു. ഫൊക്കാനയുടെ ഇത്തരം പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അടുത്ത വര്ഷം സമ്മറിൽ വാഷിംഗ്ടൺ ഡിസിയിൽ ഫൊക്കാനയുടെ മെഗാ കൺവെൻഷനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ച് ചെയ്തു. അമേരിക്കൻ മലയാളി ചരിത്രത്തിലെ ഒരു നാഴികക്കല്ലാവും ഈ സമ്മേളനമെന്ന ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.
ഫൊക്കാനയുടെ സമർപ്പിത പ്രയത്നങ്ങൾക്കും സമൂഹത്തിനായുള്ള സംഭാവനകൾക്കും അഭിനന്ദനം അറിയിക്കുന്നതായി ഹൗസ് സെലക്ട് കമ്മിറ്റിയുടെ റാങ്കിംഗ് അംഗം കൂടിയായ കൃഷ്ണമൂർത്തി പറഞ്ഞു.
2017 ജനുവരി മുതൽ ഇല്ലിനോയിയിലെ എട്ടാം കോൺഗ്രസ് ഡിസ്ട്രിക്ടിനെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. ഇവിടെ ഗണ്യമായ മലയാളി ജനസംഖ്യയുണ്ട്.
തന്റെ ഡിസ്ട്രിക്ടിനു വേണ്ടിയും ഇന്ത്യൻ സമൂഹത്തിനു വേണ്ടിയും അമേരിക്കൻ ജനതയ്ക്ക് വേണ്ടിയും കോൺഗ്രസ്മാൻ നടത്തുന്ന അശ്രാന്തമായ പ്രവർത്തനത്തിനു ഡോ. ബാബു സ്റ്റീഫൻ അദ്ദേഹത്തിന് നന്ദി അർപ്പിച്ചു.
ഫെഡറൽ, സംസ്ഥാന തലങ്ങളിൽ നിരവധി നിയമനിർമ്മാതാക്കളുമായി വൈകാതെ കൂടിക്കാഴ്ച നടത്താൻ ഡോ. സ്റ്റീഫൻ പദ്ധതിയിടുന്നു. ഫൊക്കാനയെപ്പറ്റി അവബോധം ഉണ്ടാക്കാനും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു കൂടുതൽ സഹായങ്ങൾ ലഭ്യമാക്കാനും ഇത്തരം കൂടിക്കാഴ്ചകൾ ഉപകരിക്കും.
ഡെമോക്രാറ്റിക് പാർട്ടി അംഗമായ കൃഷ്ണമൂർത്തി അമേരിക്കയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള തന്ത്രപരമായ മത്സരത്തെക്കുറിച്ചുള്ള ഹൗസ് സെലക്ട് കമ്മിറ്റി , മേൽനോട്ടവും ഉത്തരവാദിത്തവും സംബന്ധിച്ച ഹൗസ് കമ്മിറ്റി , ഇന്റലിജൻസ് ഹൗസ് പെർമനന്റ് സെലക്ട് കമ്മിറ്റി എന്നിവയുടെ റാങ്കിംഗ് അംഗമായി പ്രവർത്തിക്കുന്നു . യുഎസ് കോൺഗ്രസിലെ ഏതെങ്കിലും മുഴുവൻ കമ്മിറ്റിയുടെയും റാങ്കിംഗ് അംഗമോ ചെയർമാനും ആയ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ അല്ലെങ്കിൽ ദക്ഷിണേഷ്യൻ വംശജനായ വ്യക്തിയാണ് രാജാ കൃഷ്ണമൂർത്തി.