Blog
ഒരുദിവസം മാത്രമല്ല, സ്ത്രീ എന്നും ആദരിക്കപ്പെടേണ്ടവളാണ്’: ഫൊക്കാന വനിതാദിനാഘോഷ പരിപാടിയില്‍ രമ്യാഹരിദാസ് എംപി
വാഷിംഗ്ടണ്‍: സ്ത്രീ എന്നും ആദരിക്കപ്പെടേണ്ടവളാണെന്നും ഒരുദിവസം മാത്രമല്ലെന്നും രമ്യ ഹരിദാസ് എംപി. ഫൊക്കാനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക വനിതാ ദിനാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്.
തന്റെ ജീവിത്തതില്‍ താന്‍ കണ്ടിട്ടുള്ള ഏറ്റവും കരുത്തയായ സ്ത്രീ തന്റെ അമ്മയാണെന്നും രമ്യ പറഞ്ഞു. ഏതൊരു ജീവിത പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ഒരു അമ്മയ്ക്കുള്ള, ഒരു സ്ത്രീക്കുള്ള മനോധൈര്യം മറ്റാര്‍ക്കുമില്ലെന്നും രമ്യ വ്യക്തമാക്കി. ഏറ്റവും നല്ല ബഡ്ജറ്റ് അവതരിപ്പിക്കുന്നത് കുടുംബിനികളാണെന്നും അവര്‍ വ്യക്തമാക്കി.
നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആശംസയര്‍പ്പിച്ച് മോന്‍സ് ജോസഫ് എംഎല്‍എയും എത്തിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലും കേരളത്തിന്റെ ചരിത്രത്തിലും ശക്തമായ പോരാട്ടങ്ങളിലൂടെയും കര്‍മ്മനിരതമായ കാര്യങ്ങളിലൂടെയും എല്ലാ രംഗങ്ങളിലേക്കും കടന്നുവരാന്‍ സ്ത്രീകള്ക്കായിട്ടുണ്ടെന്നും, എല്ലാ രംഗത്തും കരുത്തുറ്റ സ്തീകളെ കാണാനാകുമെന്നും ആശംസയര്‍പ്പിച്ച് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. വനിതകള്‍ക്ക് മുന്നോട്ടു വരാനുള്ള അവസരം നല്കിയ ഫൊക്കാന വുമണ്‍സ് ഫോറത്തിന് മോന്‍സ് ജോസഫ് ആശംസ അറിയിക്കുകയും ലിംഗ വ്യത്യാസമില്ലാതെ സ്ത്രീക്കും പുരുഷനും ഒന്നിച്ച് മുന്നോട്ട് വരാനുള്ള സാഹചര്യം നല്കിയ ഫൊക്കോനയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ജോലിചെയ്ത് വാങ്ങുന്ന ശമ്പളം കൃത്യമായി വാങ്ങി വീട്ടില്‍ ഏല്‍പ്പിക്കേണ്ട, ഓരോ പൈസയ്ക്കും കൃത്യമായി കണക്കുപറയേണ്ട സ്ഥിതി ഇന്നും സ്ത്രീകള്‍ക്കുണ്ടെന്നും സാമ്പത്തികമായി ഒരു സ്വാതന്ത്ര്യവും ലഭിക്കാത്ത നിരവധി സ്ത്രീകള്‍ ഇന്നും സമൂഹത്തിലുണ്ടെന്നും സംസാരിച്ചുകൊണ്ട് ഡോ. ഷീല തോമസ് ഐഎഎസ് വനിതാദിന സന്ദേശം നല്കി. മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ 10 (EST) മണിക്ക് സൂം മീറ്റിലൂടെ നടന്ന പരിപാടിയില്‍ ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സനും ഫിസിക്കല്‍ തെറാപ്പിസ്റ്റുമായ ഡോ. ബ്രിജിറ്റ് ജോര്‍ജ്ജ് സ്വാഗത പ്രസംഗം നടത്തി.
പരിപാടിയില്‍ കെ. വാസുകി ഐ എ എസ് , ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി, ട്രഷറര്‍ ബിജു ജോണ്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍,ഫൊക്കാനാ വിമന്‍സ് ഫോറം ഭാരവാഹികള്‍ ആയ ഫാന്‍സിമോള്‍ പള്ളത്തുമഠം, റ്റീന കുര്യന്, ബിലുകുര്യന്, വിമന്‍സ് ഫോറം ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ റോസ്ബെല്‍ ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നൃത്ത സംഗീത പരിപാടികളും സംഘടിപ്പിച്ചു. വര്‍ണ്ണാഭമായി നടന്ന ചടങ്ങില്‍ ഫാന്‍സിമോള്‍ പള്ളത്തുമഠം നന്ദി അര്‍പ്പിച്ചു.