Blog
പുരസ്കാര തിളക്കത്തില്‍ സിജില്‍ പാലക്കലോടിയും ഡോ.കലാ ഷാഹിയും
തിരുവനന്തപുരം: പ്രവാസി മലയാളി ഫോറത്തിന്റെ പ്രവാസി ശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി സിജില്‍ പാലക്കലോടിയും ഡോ. കലാ ഷാഹിയും. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നടന്ന ആഗോള പ്രവാസി നേതൃ സംഗമത്തോട് അനുബന്ധിച്ചായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. പതിറ്റാണ്ടുകളായി വിവിധ പ്രവാസി മലയാളി സംഘടനകളുടെ നേതൃതലത്ത് പ്രവര്‍ത്തിക്കുന്ന സിജിലും ഡോ.കലയും സാമൂഹ്യ – സാംസ്കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ്. മികച്ച സംഘാടക മികവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് ഫോമയുടെ റീജണല്‍ ചെയര്മാന് സിജില്‍ പാലക്കലോടിയെയും ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷാഹിയെയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ഫോമയുടെ പ്രാരംഭകാലം മുതല്‍ സജീവസാന്നിധ്യമായി നില്ക്കുന്ന സിജില്‍ വിവിധ ഫോമ കണ്‍വെന്‍ഷനുകളില്‍ കോര്‍ഡിനേറ്റര്‍, ഇപ്പോഴത്തെ വെസ്റ്റേണ്‍ റീജിയന് ബിസിനസ് ഫോറം ചെയര്‍, ഫോമയുടെ വിവിധ പരിപാടികളുടെ സ്പോണ്സര് എന്നീ നിലയിലും പ്രവര്‍ത്തിച്ച സിജില്‍, ഫോമയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് കൂടിയാണ് സിജില്‍.
നിലവില്‍ ഫൊക്കാന സെക്രട്ടറിയായ ഡോ.കല മികച്ച സംഘാടകയും കലാകാരിയുമാണ്. ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേഷനില്‍ ഡോക്ടേറ്റുള്ള കല, അമേരിക്കയിലെ Urgent care system എന്ന സ്ഥാപനത്തിന്റെ മെഡിക്കല്‍ ഡയറക്ടറാണ്. പ്രവാസി രംഗത്തെ സാമൂഹ്യ സേവനത്തിനുള്ള പുരസ്കാരം പ്രിന്‍സ് പള്ളിക്കുന്നേലും പോള്‍ ടി ജോസഫും ഏറ്റുവാങ്ങി.
ഇതോടൊപ്പം പ്രവാസി മലയാളി ഫോറത്തിന്റെ മാധ്യമ പുരസ്കാര വിതരണവും നടന്നു. മികച്ച വാര്‍ത്ത അവതാരകന് അഭിലാഷ് മോഹന്‍ (മാതൃഭൂമി ന്യൂസ്), മികച്ച വാര്‍ത്ത അവതാരക – നിമ്മി മരിയ ജോസ് (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച റിപ്പോര്‍ട്ടര്‍ – സനകന്‍ വേണുഗോപാല്‍ (മനോരമ ന്യൂസ്), മികച്ച ക്രൈം ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ – ടോം കുര്യാക്കോസ് (ന്യൂസ് 18), മികച്ച പ്രവാസികാര്യ പരിപാടി – ക്രിസ്റ്റീന ചെറിയാന് (24 ന്യൂസ് – അമേരിക്കന്‍ ഡയലോഗ്), മികച്ച പ്രവാസികാര്യ റിപ്പോര്‍ട്ടര്‍ – എസ്.ശ്രീകുമാര്‍ (ആനന്ദ് ടിവി – ലണ്ടന്‍) എന്നിവര്‍ക്കായിരുന്നു പുരസ്കാരം. ചടങ്ങില്‍ ഗ്ലോബല്‍ മീറ്റ് ചെയര്മാന് നസീര്‍ സലാം, കണ്‍വീനര്‍ സുനു എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.