Blog
2022-24 വർഷങ്ങളിലെ ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു: ഡോ. കലാ ഷഹി
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ കൺവെൻഷനിലായിരിക്കും അവാർഡുകൾ സമ്മാനിക്കുക എന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
പ്രമുഖ അമേരിക്കൻ മലയാളി സാഹിത്യകാരനും കോളേജ് അദ്ധ്യാപകനുമായ പ്രൊഫ. കോശി തലയ്ക്കൽ അദ്ധ്യക്ഷനായ ജഡ്ജിംഗ് കമ്മിറ്റിയാണ് മലയാള രചനകളുടെ പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്. ആംഗലേയ സാഹിത്യ പുരസ്കാരത്തിനുള്ള കൃതികൾ തിരഞ്ഞെടുത്തത് സാഹിത്യകാരനും കോളേജ് അദ്ധ്യാപകനുമായ പ്രൊഫ. സണ്ണി മാത്യൂസ് അദ്ധ്യക്ഷനായ ജഡ്ജിംഗ് കമ്മിറ്റിയാണ്. മികച്ച സാഹിത്യകാരന്മാരും നിരൂപകരും അടങ്ങിയതായിരുന്നു ജഡ്ജിംഗ് കമ്മിറ്റി.
പുരസ്കാരങ്ങൾ നേടിയ സാഹിത്യകാരന്മാരെ പ്രത്യേകം അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
ഗീതാ ജോർജ്ജ് കോഓർഡിനേറ്ററും, ബെന്നി കുര്യൻ ചെയർമാനും, സണ്ണി മറ്റമന കോ-ചെയർമാനും ആയിട്ടുള്ള അവാർഡ് കമ്മറ്റിയുടെയും ജഡ്ജിംഗ് കമ്മിറ്റിയുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
കേരളത്തിൽ അക്കാഡമി അവാർഡ് പോലെയുള്ള അവാർഡുകൾക്ക് തുല്യമായാണ് ഫൊക്കാന സാഹിത്യ അവാർഡിനെ അമേരിക്കൻ മലയാളികൾ നോക്കികാണുന്നതെന്ന് അവാർഡ് കമ്മിറ്റി കോഓർഡിനേറ്ററായ ഗീത ജോർജ്ജ് അറിയിച്ചു. ഫൊക്കാനയുടെ ആരംഭകാലം മുതൽ സാഹിത്യ പുരസ്‌കാരങ്ങൾക്ക് മുന്തിയ പരിഗണന നൽകിയിരുന്നതായി ഗീത കൂട്ടിച്ചേർത്തു.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച നോവലിസ്റ്റ് തകഴി ശിവശങ്കരപിള്ളയുടെ വീട്ടിലെ ഷോകേസിൽ അദ്ദേഹത്തിന് കിട്ടിയ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം പുരസ്കരത്തിനൊപ്പം ഫൊക്കാന സാഹിത്യ അവാർഡിന്റെ ഫലകവും സ്ഥാനം പിടിച്ചിട്ടുള്ളത് ഫൊക്കാന അവാർഡിന്റെ മഹത്വം വിളിച്ചോതുന്നതാണെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു.
അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരുടെ 2022 മെയ് മാസം മുതൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച കൃതികളാണ് അവാർഡിനു പരിഗണിച്ചത്.
അവാർഡ് ലഭിച്ച കൃതികൾ കേരളത്തിൽ നിന്നുള്ള സൃഷ്ടികളെക്കാൾ ഒട്ടും മാറ്റു കുറഞ്ഞതല്ലെന്ന് ജൂറി വിലയിരുത്തി. അവാർഡിന് അർഹരായ നിരവധി ജേതാക്കൾക്ക് തങ്ങളുടെ പ്രഥമ പുസ്തകത്തിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്. ഏറെ ഇരുത്തം വന്ന സാഹിത്യകാരന്മാരുടെ മികച്ച കൃതികൾക്കൊപ്പം വയ്ക്കാവുന്ന ഗുണനിലവാരമുള്ള സൃഷ്ടികളാണ് സമ്മാനാർഹമായതെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയതായി കോ-ചെയർമാനായ സണ്ണി മറ്റമന അറിയിച്ചു. കൂടാതെ, അവാർഡിനായി ലഭിച്ച ഓരോ കൃതികളും ഒന്നിനൊന്നു മികച്ചവയായിരുന്നുവെന്നും ഏറെ അവധാനതയോടെ പരിശോധിച്ചാണ് കൃതികൾ അവാർഡിന് പരിഗണിച്ചതെന്നും കമ്മിറ്റി അറിയിച്ചു.
അവാർഡുകൾ
1. ഫൊക്കാന തകഴി ശിവശങ്കരപ്പിള്ള പുരസ്‌കാരം: നോവൽ
കൂത്താണ്ടവർ – വേണുഗോപാലൻ കോക്കോഡൻ
2. ഫൊക്കാന കാരൂർ നീലകണ്ഠപ്പിള്ള പുരസ്‌കാരം: ചെറുകഥ
ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ – ബിജോ ജോസ് ചെമ്മാന്ത്ര.
ഫിത്ർ സകാത്ത് – എസ്. അനിലാൽ.
3. ഫൊക്കാന എൻ. കെ. ദേശം പുരസ്‌കാരം: കവിത
ഒക്ടോബർ – സിന്ധു നായർ
4. ഫൊക്കാന സുകുമാർ അഴീക്കോട് പുരസ്‌കാരം: ലേഖനം/നിരൂപണം
അഗ്നിച്ചീളുകൾ – ജയൻ വർഗീസ്
ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് – സോണി തോമസ് അമ്പൂക്കൻ
5 . ഫൊക്കാന എം.എൻ. സത്യാർത്ഥി പുരസ്‌കാരം: തർജ്ജമ
Draupadi the Avatar – Dr. Sukumar Canada
6 . ഫൊക്കാന കമലാ ദാസ് പുരസ്കാരം (ആംഗലേയ സാഹിത്യം)
CASA LOCA (The Mad House) – J Avaran
By Choice – Vinod Mathew