ഡോ ബാബു സ്റ്റീഫൻ(ഫൊക്കാന പ്രസിഡന്റ്)

മഹാത്മാ എന്ന വാക്ക് നമുക്ക് എന്നും സുപരിചിതമായിരുന്നത് ഗാന്ധിജിയുടെ നാമത്തിന് മുന്നിലുള്ള മഹാത്മായെന്ന വിശേഷണമാണ്. ഇന്ത്യക്കാരുടെ വികാരമാണ് മഹാത്മാഗാന്ധി. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153മത് ജന്മദിനമാണ് ഇന്ന്. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭ ഒക്ടോബർ രണ്ടിന് അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. കൂടാതെ ഗാന്ധി ജയന്തി ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നുമാണ്.
ലോകത്തിന് മുന്നിൽ അക്രമരാഹിത്യത്തിന്റേയും അഹിംസയുടേയും പുത്തൻ സമരമാർഗം വെട്ടി തുറന്ന ഗാന്ധിയെ എല്ലാവരും സ്നേഹത്തോടെ ബാപ്പുജി എന്നാണ് വിളിച്ചിരുന്നത്. 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിലാണ് ഗാന്ധിജിയുടെ ജനനം. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാണ് യഥാർത്ഥ പേര്. ഞാൻ എല്ലാകാലത്തും ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളാൻ ശ്രമിച്ചരുന്നു. ഗാന്ധിജിയുടെ ജീവിതത്തെ മാതൃകയാക്കാൻ ഞാൻ എന്നും ശ്രമിച്ചിട്ടുണ്ട്. കസ്റ്റർ ഈസ് കിംഗ് എന്ന പോളിസിയാണ് ഞാൻ എന്നും പിന്തുർന്നു പോന്നിരുന്നത്.

 

ഗുജറാത്ത്, പോർബന്തർ ആശ്രമത്തിൽപോവാനും, അദ്ദേഹത്തെ കൂടുതൽ അടുത്തറിയാനും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ സന്ദേശങ്ങൾ എന്നും എന്റെ വിദ്യാർത്ഥി ജീവിതത്തിൽ ഏറെ പ്രചോദനമായിട്ടുണ്ട്. ഗാന്ധിജിയുടെ ആത്മകഥ വായിക്കുകയും അദ്ദേഹത്തിന്റെ ജീവിതം എന്നെ ഏറേ ആഴത്തിൽ സ്പർശിക്കുകയും ചെയ്തിരുന്നു.

അമേരിക്ക ഏറ്റവും കൂടുതൽ ആദരിക്കുന്ന രണ്ട് നേതാക്കളിൽ ഒരാളാണ് ഗാന്ധിജി. അമേരിക്കൻ പ്രസിഡന്ററായിരുന്ന ബരാക്ക് ഒബാമ ഗാന്ധിയൻ തത്വങ്ങളോട് എന്നും ആഭിമുഖ്യം പുലർത്തിയിരുന്നു, അധികാരമേറ്റ ദിവസം ബരാക്ക് ഒബാമ തന്റെ കന്നി പ്രസംഗത്തിൽ ഗാന്ധിജിയുടെ ജീവിത മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചതു തന്നെ. അമേരിക്കൻ ഭരണകൂടം ഗാന്ധിജിയെ എന്നും ആദരിച്ചിരുന്നു. വിവിധയിടങ്ങളിൽ ആദരസൂചകമായി
ഗാന്ധിജിയുടെ പ്രതിമകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്, അമേരിക്കൻ ജനതതയുടെ സ്വീകാര്യത ലഭിച്ച ലോകനേതാവായിരുന്നു മഹാത്മാഗാന്ധി എന്ന് നാം എന്നും അഭിമാനത്തോടെയാണ് ഓർക്കുന്നത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ഒന്നാമത്തെ സ്ഥാനമാണ് എപ്പോഴും ഗാന്ധിജിക്കുള്ളത്. വർണവിവേചനത്തിനെതിരായും ഹരിജൻ സേവനത്തിനുമായും മാറ്റിവെച്ചതായിരുന്നു ഗാന്ധിജിയുടെ ജീവിതം. ബ്രിട്ടീഷുകാരുടെ ലാത്തിക്കും തോക്കിനും മുന്നിൽ സത്യാഗ്രഹത്തിന്റേയും സഹനത്തിന്റേയും പാത സ്വീകരിച്ച ഗാന്ധിക്ക് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

ലോകമെമ്പാടുമുള്ള നിരവധി നേതാക്കൾ ഗാന്ധിയൻ മൂല്യങ്ങളിൽ ആകൃഷ്ടരായിരുന്നു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽസൺ മണ്ടേല, ഓങ് സാൻ സൂചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ പിന്തുടർന്ന ലോകനേതാക്കളിൽ ചിലരാണ്.

തന്റെ 13-ാമത്തെ വയസിൽ കസ്തൂർബയെ ഗാന്ധി വിവാഹം കഴിച്ചു. ഇംഗ്ലണ്ടിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയതോടെയാണ് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടായ നിസഹകരണ പ്രസ്ഥാനം, നിയമലംഘന സമരം, ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, സ്വദേശി ഉൽപന്നങ്ങളുടെ പ്രചരണം തുടങ്ങിയവയുടെ മുൻനിരയിൽ തന്നെ ഗാന്ധിജിക്ക് സ്ഥാനമുണ്ടായിരുന്നു.

രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം തികയുമ്പോഴേക്കും ഗാന്ധി കൊല്ലപ്പെടുകയായിരുന്നു. 1948 ജനുവരി 30-നായിരുന്നു ഗാന്ധിജിയുടെ അന്ത്യം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകൾ ലോകപ്രശ്സതമാണ്. മഹാത്മാഗാന്ധിയുടെ സന്ദേശങ്ങളും ജീവിതവും സമരപോരാട്ടങ്ങളും എന്നും ആദരിക്കപ്പെടുകതന്നെ ചെയ്യും.

ഗാന്ധിജി : ലോകത്തിന് മുന്നിൽ പുത്തൻ സമരമാർഗം തുറന്ന മനുഷ്യ സ്നേഹി