ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി 'സിനി ഫ്യൂഷൻ 2026'; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

ന്യൂയോർക്ക്: വടക്കേ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഫൊക്കാന 2026 അന്താരാഷ്ട്ര കൺവെൻഷന്റെ സമാപന ദിനം കലയും സംഗീതവും നൃത്തവും നിറഞ്ഞ വമ്പൻ ആഘോഷമാക്കി മാറ്റാൻ ‘സിനി ഫ്യൂഷൻ 2026 – പാർട്ട് II’ അരങ്ങേറും. ഓഗസ്റ്റ് 8-ന് പെൻസിൽവാനിയയിലെ കലഹാരി റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഈ ഗ്രാൻഡ് ഫിനാലെ, കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി  അറിയിച്ചു.

മലയാള സിനിമയിലെയും സംഗീതലോകത്തിലെയും പ്രമുഖ താരങ്ങൾ, ഗായകർ, ഹാസ്യതാരങ്ങൾ, ചെണ്ടമേള കലാകാരൻമാർ, നർത്തകർ എന്നിവർ ഒരേ വേദിയിൽ അണിനിരക്കുന്ന ഈ പരിപാടി കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന കലാവിരുന്നായിരിക്കും. സംഗീതം, നൃത്തം, തത്സമയ വാദ്യമേളങ്ങൾ, ഹാസ്യാവിഷ്കാരങ്ങൾ എന്നിവ കോർത്തിണക്കിയ വമ്പൻ സ്റ്റേജ് ഷോയാണ് ‘സിനി ഫ്യൂഷൻ 2026’ എന്ന് സംഘാടകർ വ്യക്തമാക്കി.

ചലച്ചിത്ര താരവും നർത്തകിയുമായ നവ്യ നായർ, നടനും സംവിധായകനും ഗായകനുമായ നാദിർഷ, കലാഭവൻ ഷാജോൺ ഉൾപ്പെടെയുള്ള നിരവധി കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും. വിവിധ കലാരൂപങ്ങളുടെ സമന്വയത്തിലൂടെ പ്രവാസി മലയാളികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഓഗസ്റ്റ് 6 മുതൽ 8 വരെ നടക്കുന്ന ഫൊക്കാന 2026 കൺവെൻഷനിൽ സാഹിത്യ സമ്മേളനം, യുവജന-വനിതാ പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, ബിസിനസ് സെഷനുകൾ തുടങ്ങി നിരവധി പരിപാടികളോടൊപ്പം ‘സിനി ഫ്യൂഷൻ 2026’ സമാപന ദിവസത്തെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്ന പ്രതീക്ഷയിലാണ് ഫൊക്കാന കമ്മിറ്റി .