ഇന്ത്യ – അമേരിക്ക ബന്ധം ശക്തമാക്കാൻ ഫൊക്കാന പോലുള്ള സംഘടനകൾക്ക് കഴിയും: ടി.പി. ശ്രീനിവാസൻ
വാഷിങ്ടൺ: ഇന്ത്യ – അമേരിക്ക ബന്ധം ശക്തമാക്കാൻ ഫൊക്കാന പോലുള്ള തദ്ദേശീയ സംഘടനകൾക്ക് കഴിയും എന്നും ഇന്ത്യ- അമേരിക്ക ബന്ധങ്ങളിൽ ഉലച്ചിലുണ്ടായിരിക്കുന്ന ഈ കാലത്ത് അമേരിക്കയിലെ എല്ലാ ഇന്ത്യൻ സംഘടനകളും ഇന്ത്യയ്ക്ക് ഒരു പുതിയ മുഖം സൃഷ്ടിക്കാൻ പരിശ്രമിക്കേണ്ട സമയമാണിത് എന്നും മുൻ ഇന്ത്യൻ അംബാസഡർ ടി. പി. ശ്രീനിവാസൻ. ഫൊക്കാനയുടെ 21ാം ദേശീയ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ വഴിമാറി സഞ്ചരിക്കുന്നു എന്ന അഭിപ്രായമാണ് ഇപ്പോൾ അമേരിക്കയ്ക്ക് ഉള്ളത്. നമ്മുടെ ജനാധിപത്യത്തെ നാം സംരക്ഷിക്കുക മാത്രമല്ല അത് മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല കൂടി ഇന്ത്യയ്ക്ക് ഉണ്ട്.
1945 ൽ ഐക്യ രാഷ്ട്ര സംഘടന രൂപപ്പെട്ടതിനുശേഷം പഴയ ഒരു ലോകക്രമം ഇല്ലാതായി. അതുകൊണ്ടാണ് 21ാം നൂറ്റാണ്ടിലെ യുദ്ധങ്ങളൊന്നും അവസാനമില്ലാതെ നീണ്ടു പോകുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഒരു ചേരിയിലും പെടാതെ നിലനിന്നിരുന്നു. അതേ നയം തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. ഒരു സഖ്യകക്ഷിയിലും നമ്മൾ ഒപ്പിട്ടിട്ടില്ല. എല്ലാ രാജ്യങ്ങളേയും ചേർത്തു നിർത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അതുകൊണ്ടാണ് ലോകം മുഴുവൻ റഷ്യൻ പ്രസിഡൻ്റ് പുടിനെ വിമർശിക്കുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി അദ്ദേഹത്തെ ആശ്ളേഷിക്കുകയും നമുക്ക് വേണ്ടത് സമാധാനമാണ് എന്ന് ഓർമിപ്പിക്കുകയും ചെയ്തത്. ഒരു പുതിയ ലോകക്രമം രൂപപ്പെടുന്നതുവരെ എല്ലാ രാജ്യങ്ങളോടും ചേർന്നു പ്രവർത്തിക്കേണ്ടത് നമ്മുടെ ആവശ്യമാണ് .
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യ – അമേരിക്ക ബന്ധത്തിൽ വിള്ളലുണ്ടായിട്ടുണ്ട്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം അല്ലെന്നും ഒരു ഫാഷിസ്റ്റ് ഏകാധിപത്യ രാജ്യമാണ് എന്നുമുള്ള വ്യാഖ്യാനങ്ങൾ അമേരിക്കൻ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. അതിന്റെ സ്ത്യം എന്താണ് , നമ്മുടെ ഭരണഘടന അവകാശങ്ങൾ എന്തൊക്കെയാണ്, നമ്മുടെ പത്ര സ്വാതന്ത്ര്യം എന്താണ്, നമ്മുടെ കോടതികളുടെ പ്രാധാന്യമെന്താണ് എന്നൊക്കെ അമേരിക്കക്കാർക്ക് മനസ്സിലാക്കി കൊടുക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതൊരു നയതന്ത്രകാര്യാലയത്തിന് പൂർണമായിയി ചെയ്യാൻ കഴിയില്ല. അതിനാൽ ഫൊക്കാന പോലുള്ള എല്ലാ ഇന്ത്യൻ സംഘടനകളും അത് ചെയ്യേണ്ടതുണ്ട്, അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഫൊക്കാനയുടെ ബാബു സ്റ്റീഫൻ ഇക്കാര്യത്തിൽ വലിയ സംഭാവനകൾ നടത്തിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യൻ എംബസിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. ഈ വഴിയിലൂടെ തന്നെയാണ് ഫൊക്കാന സഞ്ചരിക്കേണ്ടത്. കേരള സർക്കാരുമായും ഇന്ത്യൻ , അമേരിക്കൻ സർക്കാരുകളുമായി ചേർന്ന് ഫൊക്കാന നടത്തുന്ന പ്രവർത്തനം ഇനിയും തുടരണം. ബാബു സ്റ്റീഫൻ്റെ പിൻഗാമികളായി വരുന്നവർക്കും അതിനു കഴിയണം. ടി . പി ശ്രനിവാസൻ പറഞ്ഞു.