ഫൊക്കാനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെബിനാര്‍ ജനുവരി 20 ശനിയാഴ്ച

ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂ യോര്‍ക്ക്: ഫൊക്കാനയുടെ നേതൃത്വത്തില്‍ 2024 ജനുവരി 20 ശനിയാഴ്ച രാവിലെ 11 .00 (EST ) മണിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ നടക്കും. മികച്ച IT പ്രൊഫഷണലായ സോണി അമ്പൂക്കന്‍ പ്രഭാഷണം നടത്തുകയും അതിന്റെ സാധ്യതകളെ പറ്റി വിവരിക്കുകയും പ്രേഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്നതായിരിക്കും. ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറിയാണ് അദ്ദേഹം.
ഇന്ന് ഏറ്റവും അധികം നാം കേള്‍ക്കുന്ന വാക്കാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വാക്ക് യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത് യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ട കമ്പ്യൂട്ടര്‍ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എന്നത് മനുഷ്യനെപ്പോലെ ചിന്തിക്കാനും അവരുടെ പ്രവര്‍ത്തനങ്ങളെ അനുകരിക്കാനും പ്രോഗ്രാം ചെയ്ത യന്ത്രങ്ങളിലെ മനുഷ്യബുദ്ധിയുടെ അനുകരണത്തെ സൂചിപ്പിക്കുന്നു. മനുഷ്യ മനസ്സുമായി ബന്ധപ്പെട്ട സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കുന്ന ഏതൊരു യന്ത്രത്തിനും ഈ പദം പ്രയോഗിക്കാവുന്നതാണ്.
വിജ്ഞാനിക പ്രവര്‍ത്തനങ്ങളെ അനുകരിക്കാന്‍ കഴിയുന്ന യന്ത്രങ്ങളോ അല്ലെങ്കില്‍ സോഫ്റ്റ്വെയറുകളോ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലക്ഷ്യമിടുന്നു. ഓരോ ചുവടിലും പറയാതെ തന്നെ സ്വന്തമായി കാര്യങ്ങള്‍ പഠിക്കാനും ചെയ്യാനും കഴിയുന്ന ഒരു സൂപ്പര്‍ സ്മാര്‍ട്ട് റോബോട്ട് ചെയ്യുന്ന കാര്യങ്ങള്‍ നമ്മള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചാല്‍ ഇത് എന്താണ് എന്ന് മനസിലാക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപരമായി കമ്പ്യൂട്ടര്‍ സയന്‍സിന്റെ ഒരു മേഖലയാണ്, അത് യന്ത്രങ്ങളെ സ്മാര്‍ട്ടും കൂടുതല്‍ കഴിവുള്ളതുമാക്കി മാറ്റുന്നു.
വന്‍തോതിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും വ്യക്തികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള വാഗ്ദാനമാണ് AIക്കുള്ളത്, എന്നാല്‍ സമൂഹം ഇപ്പോഴും അഭിമുഖീകരിക്കാന്‍ പഠിക്കുന്ന വെല്ലുവിളികളും ധാര്‍മ്മിക പരിഗണനകളും (ethical concerns) ഇത് ഉയര്‍ത്തുന്നു. ഇതിനെക്കുറിച്ചു ആളുകളില്‍ അവബോധം ഉണ്ടാക്കുക എന്നതുകൂടിയാണ് ഈ സെമിനാറിന്റെ ലക്ഷ്യം.
തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എന്‍.ഐ.ടി. സൂററ്റ്കലില്‍ നിന്നും എം ടെക്ക് ബിരുദാന്തര ബിരുദം നേടിയ ശേഷം കാമ്പസ് ഇന്റര്‍വ്യൂവിലൂടെ ടി.സി.എസ് എന്ന കമ്പനി വഴി അമേരിക്കയില്‍ എത്തിയ സോണി വിവിധ റോളുകളിലായി വിവിധ നഗരങ്ങളില്‍ ഐ.ടി. മാനേജ്‌മെന്റ് – ലീഡര്‍ഷിപ്പ് തലങ്ങളില്‍ ദീര്‍ഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ.ടി. പ്രൊഫെഷണല്‍ ആണ്. സീയാറ്റിലായിരുന്നു ആരംഭം. പിന്നീട് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി തുടങ്ങിയ നഗരങ്ങളിലും പ്രവര്‍ത്തിച്ച ശേഷം 2008 മുതല്‍ കണറ്റിക്കട്ടില്‍ സ്ഥിരതാമസമാക്കി. ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് ഹാര്‍ട്ട്ഫോഡില്‍ നിന്ന് എം.ബി. എ, എം.ഐ. ടി. സ്ലോണ്‍ മാനേജ്‌മെന്റില്‍ നിന്ന് എക്സിക്യൂട്ടീവ് എഡ്യൂക്കേഷന്‍ എന്നീ ഉന്നത ബിരുദങ്ങളും കരസ്ഥമാക്കി.
ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ സെക്രട്ടറി ഡോ. കല ഷഹിയുടെയും നേതൃത്വത്തില്‍ വളരെ അധികം വിഞ്ജാനപ്രദമായ സെമിനാറുകളും വെബ്ബിനാറുകളും നടന്നു വരുന്നു. ഇതിലേക്ക് എല്ലാ യൂത്തിനെയും സ്വാഗതം ചെയ്യുന്നതായി അവര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കല ഷഹി 201 -359 -8427.
ഈ വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വൈസ് പ്രസിഡന്റ് ചാക്കോകുര്യന്‍, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പന്‍, ജോയിന്റ് ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.