വയനാടിന്റെ കൈപിടിച്ച് ഫൊക്കാനയും; ‘ഗോ ഫണ്ട് മി’ വഴി ധനസമാഹരണം ആരംഭിച്ചു
ന്യൂയോർക്ക്: വയനാട് ഉരുള്‍പൊട്ടലില്‍ സർവതും നഷ്ടപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ ഇനി മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നമായി നിൽക്കുന്നവരെ സഹായിക്കാൻ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയും. വയനാടിന് കരകയറാൻ സഹായഹസ്തത്തിനായി ഫൊക്കാന ‘ഗോ ഫണ്ട് മി’ (https://gofund.me/bcd3f539) വഴി ധനസമാഹരണം ആരംഭിച്ചു.
എല്ലാം നഷ്‍ടപ്പെട്ട മനുഷ്യരെ സഹായിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും മനുഷ്വത്വമുള്ളവർക്ക് മാറിനിൽക്കാൻ കഴിയില്ലെന്ന് ഫൊക്കാന പ്രതിനിധികൾ പറഞ്ഞു. ഇവരിൽ ചിലരെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാം. അതിനായി ഒരുമിച്ചു പ്രവർത്തിച്ചു ഈ ഗോ ഫണ്ട് മി ഫണ്ട് കളക്ഷൻ വമ്പിച്ച വിജയമാക്കാം.
നിലവിലെ ബഹളങ്ങൾ അവസാനിക്കുമ്പോൾ എല്ലാവരും ഇവരെ മറക്കും. പക്ഷേ പിന്നെയും അവർക്ക് ജീവിക്കണം. അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ഇവർക്കായി ഫൊക്കാന ഒരു ഹൗസിങ് പ്രൊജക്റ്റ് തന്നെ മുന്നോട്ട് വെക്കുന്നുണ്ട്, കൂടാതെ പല കുടുംബങ്ങളിലെയും അനാഥരായ കുട്ടികളെ ദത്തെടുക്കുവാനും അവരുടെ ഭാവിക്കുവേണ്ടി കേരളാ ഗവൺമെന്റ് മായി ബന്ധപ്പെട്ട് വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
വയനാട് ദുരന്തം തങ്ങളിലേൽപ്പിച്ച മുറിവ് ചെറുതല്ല. വേദനയുടെ ഈ വേളയിൽ ദുരന്തബാധിതർക്കൊപ്പം നിൽക്കുക എന്നത് നമ്മുടെ കടമയാണ്. സഹജീവികളുടെ കണ്ണീരൊപ്പാനും ഈ ദുരന്ത ഭൂമിയെ വീണ്ടുടുക്കാനും നമുക്ക് ഒരുമിച്ചു കൈ കോർക്കാം. ഗോ ഫണ്ട് മി ഫണ്ട് കളക്ഷൻ വമ്പിച്ച വിജയമാക്കാൻ എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും സജിമോൻ ആന്റണി കൂട്ടിച്ചേർത്തു.