ഇനി ബദൽ മാധ്യമങ്ങളുടെ കാലം, AI മാധ്യമപ്രവർത്തനത്തിന് ഭീഷണി അല്ല: ഫൊക്കാന മാധ്യമ സെമിനാർ

ഓരോ അജൻഡകൾക്ക് അനുസരിച്ച് ടെക്നോളജിയുടെ അൽഗോരിരം സൃഷ്ടിക്കപ്പെടുകയും അതിനനുസരിച്ച് രാഷ്ട്രീയം ചിട്ടപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ ലോകം മുഴുവൻ നിലനിൽക്കുന്നുണ്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ എം. വി നികേഷ് കുമാർ. അല്‍ഗോരിതമുപയോഗിച്ചുള്ള ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഇടപെടല്‍ അവസാനിപ്പിക്കുവാന്‍ ബദല്‍ മാധ്യമ സംവിധാനം വരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ അതു വന്നു കഴിഞ്ഞു. ഇന്ത്യയിൽ ഏതു മാധ്യമപ്രവർത്തകരെക്കാളും ആളുകൾ ശ്രദ്ധിക്കുന്നത് ധ്രുവ് റാഠിയെ പോലുള്ള ബദലുകളെയാണ്.
വാഷിംഗ്ടൻ ഡി സിയില്‍ നടക്കുന്ന ഫൊക്കാനയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടന്ന മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സത്യത്തിൽ മനുഷ്യൻ്റെ തലച്ചോറ് വളരെ സങ്കീർണമാണ്. അതിന്റെ ഒരു ശതമാനം പോലും ബുദ്ധി ഒരു എഐ നിർമിത യന്ത്രത്തിന് ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. നിർമിത ബുദ്ധി( ആർട്ടിഫിഷൽ ഇൻ്റലിജൻസ്) സോഷ്യൽ മീഡിയയിൽ ചെലുത്തുന്ന സ്വാധീനം എന്ന വിഷയത്തിലായിരുന്നു സെമിനാർ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലി‍ജന്‍സിന് പരിതികളില്ലാത്ത സാധ്യതകളുണ്ടെന്നും അതിനെ ആര് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രധാനമെന്നും ദ് ഫോർത്ത് ന്യൂസ് റീജനൽ എഡിറ്റർ പി. ആർ. സുനിൽ പറഞ്ഞു. നമ്മുടെ ഭാവനകള്‍ക്ക് അനുസരിച്ചുള്ള വിവരങ്ങളും ദൃശ്യങ്ങളുമൊക്കെ സൃഷ്ടിച്ചെടുക്കാന്‍ എ.ഐയിലൂടെ നമ്മുക്ക് സാധിക്കും എന്നാൽ ഒരിക്കലും മനുഷ്യൻ്റെ ക്രിയേറ്റിവിറ്റിക്കു പകരമാവാൻ നിർമിത ബുദ്ധിക്ക് കഴിയില്ല. എഐ ഉപയോഗിച്ച് ഒരാളുടെ രൂപം അതേ പോലെ നിർമിച്ചെടുക്കാമായിരിക്കും എന്നാൽ അയാളുടെ ചിന്തകളെ ഒരിക്കലും നിർമിച്ചെടുക്കാൻ കഴിയില്ല. മാധ്യമപ്രവർത്തനം എന്ന തൊഴിൽ കുറച്ചു കൂടി പോളിഷ് ചെയ്യാൻ, എളുപ്പമാക്കാൻ സാങ്കേതിക വിദ്യ സഹായിക്കും. എഐ പോലുള്ള സാങ്കേതിക വിദ്യകൾ അറിയാത്ത ആളുകൾ ഈ മേഖലയിൽ നിന്ന് പുറന്തള്ളപ്പെടുപോയേക്കാം – സുനിൽ പറഞ്ഞു.
എഐ വരുന്നതു മൂലം മാധ്യമ രംഗത്തെ അവതരണ രീതികൾ മാറ്റപ്പെടും എന്നല്ലാതെ ഉള്ളടക്കത്തിന് ഒരു മാറ്റവും സംഭവിക്കുമെന്ന് കരുതുന്നില്ല എന്ന് സെമിനാറിൽ പങ്കെടുത്തു സംസാരിച്ച ഐപിസിഎൻഎ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം അഭിപ്രായപ്പെട്ടു. ടെക്നോളജിയുടെ മാറ്റം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് അതിനോട് സമരസപ്പെട്ട് അതിന്റെ നല്ലവശങ്ങളെ സ്വാംശീകരിച്ചു പോകാൻ എല്ലാകാലത്തും മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും അങ്ങനെത്തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് റൂമുകളിൽ വാർത്തയുടെ എഡിറ്റിങ് , പ്രൂഫ് റീഡിങ് തുടങ്ങിയ മേഖലകളിൽ എഐ ഉപയോഗിച്ചു പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇപ്പോൾ തന്നെ കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ എഡിറ്റോറിയൽ നിലപാടുകളും തീരുമാനങ്ങളും അതാത് മാധ്യമസ്ഥാപനങ്ങളിലെ എഡിറ്റോറിയൽ ബോർഡിൻ്റെ കയ്യിൽ തന്നെയായിരിക്കുമെന്നും കേരള കൌമുദി സീനിയർ ന്യൂസ് എഡിറ്റർ വിഎസ് രാജേഷ് പറഞ്ഞു.
മുൻ ഇന്ത്യൻ അംബാസഡർ ടി.പി ശ്രീനിവാസൻ, 24 ന്യൂസ് യുഎസ്എ ചീഫ് ഓഫ് ഓപറേഷൻസ് മധു കൊട്ടാരക്കര, കേരള എക്സപ്രസ് എക്സിക്യൂട്ടിവ് എഡിറ്റർ ജോസ് കണിയാലിൽ, യുഎസ്എ കൈരളി ടിവി ഡയറക്ടർ ജോസ് കാടാപ്പുറം എന്നിവർ ചർച്ചയിൽ സംസാരിച്ചു.