ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്‌സി:പുഴയൊഴുകും മുൻപ് തന്നെ അതിന്റെ സൗരഭ്യവും കുളിർമ്മയും ഒക്കെ അനുഭവിച്ച വ്യക്തിയാണ് താൻ എന്ന് വിശ്വ പ്രസിദ്ധ മാജിക്ക് പെർഫോർമാരും മോട്ടിവേഷണൽ സ്‌പീക്കറും കാരുണ്യ പ്രവർത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാട്.ജോർജി വർഗീസിന്റെയും ഡോ. സജിമോൻ ആന്റണിയുടെയും നേതൃത്വത്തിലുള്ള ഫോക്കനയുടെ ഭരണ സമിതി ചുമതലയേൽക്കും മുൻപ് തന്നെ ഈ ഭരണസമിതിയുടെ കാരുണ്യപുഴയുടെ സൗരഭ്യം ആവോളമനുഭവിക്കാൻ തനിക്കു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൊക്കാനയുടെ 2020-2022 ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ ആശംസ അറിയിച്ചു  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്റെ നേതൃത്വത്തിൽ തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റിൽ ആരംഭിച്ച കരിസ്മ എന്ന പദ്ധതിയിലൂടെ 100 അമ്മമാരുടെ കണ്ണീർ തുടച്ച ഫൊക്കാനയുടെ പ്രവർത്തനോദ്‌ഘാടന ചടങ്ങിൽ താൻ ആശംസ അർപ്പിക്കുമ്പോൾ ഒരു കടപ്പാടുകളും നന്ദിയും ഫൊക്കാന കുടുംബങ്ങളോടും നേതാക്കന്മാരോടുമുണ്ട്. ഈ മാസം മൂന്നിന് ഉദ്ഘാടനം ചെയ്ത കരിസ്മ എന്ന പദ്ധതിയുടെ വേദിയിൽ ഇരുന്നുകൊണ്ടാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം പോളേട്ടൻ (പോൾ കറുകപ്പള്ളിൽ) തന്നെ വിളിക്കുമ്പോൾ ഭിന്നശേഷിക്കാരായ 100 കുട്ടികളുടെ അവസ്ഥയും അവരുടെ അമ്മമാർ ഒഴുക്കിക്കൊണ്ടിരിക്കുന്ന കണ്ണീരിനെക്കുറിച്ചും പറയുകയുണ്ടായി. അത് കേട്ട മാത്രേ, ഒരു നിമിഷം കൊണ്ടാണ് അദ്ദേഹം ഏതാനും വാട്സ്ആപ്പ് കോളുകളിലൂടെ എല്ലാവരെയും ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ചചെയ്ത് . ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസുമായും സെക്രെട്ടറി ഡോ സജിമോൻ ആന്റണിയുമായും വിമൻസ് ഫോറം ചെയർ ഡോ. കല ഷഹിയുമായും മറ്റ് നിരവധി പേരുമായും സംസാരിക്കാനും ഇടയായി. ആ നിമിഷം തന്നെ ഫൊക്കാന ആ പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ച വിവരം അഭിമാനപൂർവ്വം പറയുവാനാണ് താൻ ഇപ്പോൾ ഈ വേദിയിൽ നിൽക്കുന്നത്. ആ 100 അമ്മമാരുടെ കണ്ണീർ ഒപ്പാൻ കഴിഞ്ഞ ഫൊക്കാനയുടെ കാരുണ്യ സ്പര്‍ശം താൻ ഇതിനു മുൻപും അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യകരഭരിതനായി അറിയിച്ചു.
ഒരു വീട്ടുകാരനായിട്ടാണോ നാട്ടുകാരനായിട്ടാണോ താൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നത് എന്നാണ് സംശയിക്കുന്നത്. കാരണം താൻ ഫൊക്കാനയുടെ ഒരു കുടുംബാഗമാണ്  എന്ന ഉറച്ച വിശ്വാസത്തിലാണ് നിൽക്കുന്നത്. ഫൊക്കാനയുടെ ഹ്യൂസ്റ്റൺ കൺവെൻഷൻ , തിരുവന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന കൺവെൻഷൻ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല ഫൊക്കാനയുടെ പ്രഗത്ഭരായ സാരഥികളെല്ലാം തന്റെ സഹോദര സഹോദരി തുല്യരാണ്. പോളേട്ടനെപോലെയുള്ള ഒരുപാട് സ്നേഹം ചൊരിയുന്ന സാരഥികളാണ് ഇതിന്റെ അറ്റത്തുള്ളത്.
2020 വർഷം എന്ന  ദുഘടം പിടിച്ച പാതയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ പാതയിലൂടെ സഞ്ചരിക്കുക അനിവാര്യമാണ്. യേശു ക്രിസ്തു ജനിച്ച ക്രിസ്‌തുമസും പുതുവർഷപ്പിറവിക്കും തൊട്ടടുത്ത് നിൽക്കുന്ന ഈ അവസരത്തിൽ പ്രത്യാശ എന്ന സന്ദേശമാണ് നമുക്ക് ലഭിക്കുക. രണ്ടു പിറവിയുടെ സന്തോഷത്തിന്റെ സമയവുമാണ്. നാം എല്ലാവരും ഒരർത്ഥത്തിൽ ഭാഗ്യവാന്മാരാണ്. 2020 വർഷത്തിൽ നമ്മൾ ജീവിച്ചിരുന്നുവെന്നു പറയുന്നത് തന്നെ മഹത്തായ കാര്യമാണ്. കഴിഞ്ഞ വർഷം നമ്മോടൊപ്പം ജീവിച്ചിരുന്ന, നാം ഒരുപാട് സ്നേഹിച്ചിരുന്ന പലരും നമ്മെ വിട്ടു പിരിഞ്ഞു. ഈ പുതുവർഷത്തിൽ വാക്സീൻ എത്തിയതോടെ ഒരു പ്രത്യാശയുടെ പൊൻകിരണമാണ് വിരിയുന്നത്. പ്രത്യാശയുടെയും  പ്രതീക്ഷകളുടെയും പുതിയ വഴികളിലൂടെ യാത്ര ചെയ്യാൻ തയാറെടുക്കയാണ് ഇനി വേണ്ടതെന്നും പ്രഫ. മുതുകാട് ഓർമ്മിപ്പിച്ചു.
ഫൊക്കാനയുടെ കാലിഫോർണിയയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗം ഗീത ജോർജ് ആയിരുന്നു പ്രഫ. ഗോപിനാഥ് മുതുകാടിന്റെ പരിചയപ്പെടുത്തിയത്.