ബലേഭേഷ് ബാബു സ്റ്റീഫന്‍; ജോറായി ജോര്‍ജി വര്‍ഗീസ്, സജിമോന്‍ ആന്റണി

ഓര്‍ലാണ്ടോ: മൂന്നു ദിനരാത്രങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. കോവിഡ് മഹാമാരിയുടെ അന്ത്യം വിളിച്ചറിയിച്ച് അരങ്ങേറിയ ഫൊക്കാന മാമാങ്കം കൊടിയിറങ്ങുമ്പോള്‍ നഷ്ടബോധം. എല്ലാം പെട്ടെന്ന് തീര്‍ന്നപോലെ. മൂന്നു ദിനരാത്രങ്ങള്‍ ആസ്വാദ്യകരമാക്കിയ ശില്പികള്‍ക്ക് നന്ദി.

ഇന്ന് (ഞായര്‍) കപ്പല്‍ യാത്രയും കലാശക്കൊട്ടായി ഒരുക്കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് കടലിലും പോയി ആഘോഷം തുടരാം.

ബലേഭേഷ് ബാബു സ്റ്റീഫന്‍; ജോറായി ജോര്‍ജി വര്‍ഗീസ്, സജിമോന്‍ ആന്റണി

കാണികള്‍ ഇനിയും തുടരണം എന്നാഗ്രഹിക്കുമ്പോള്‍ കലാകാരന്‍ നിര്‍ത്തണം; ജീവിതവും അങ്ങനെതന്നെ. നാട്ടില്‍ നിന്നുവന്ന എഴുത്തുകാരി ഡോ. പ്രമീളാ ദേവി സാഹിത്യ സമ്മേളനത്തില്‍ പറഞ്ഞത് അന്വര്‍ത്ഥമാക്കിയാണ് കണ്‍വന്‍ഷന്‍ പരിസമാപ്തി കുറിച്ചത്. കുറച്ചു ദിവസംകൂടി വേണ്ടിയിരുന്നുവെന്ന ആഗ്രഹം. ഇത്തരമൊരു ചിന്ത ഉദ്ദീപിപ്പിക്കാന്‍ കഴിഞ്ഞത് ഭാരവാഹികളുടെ വിജയം.

 

അവാര്‍ഡ് ദാനവും ആദരിക്കലും കുറച്ച് അതിരുവിട്ടെങ്കിലും പൊതുവില്‍ മികച്ച കണ്‍വന്‍ഷന്‍. ജനം നിറഞ്ഞുകവിഞ്ഞ ബാങ്ക്വറ്റ് ഹാള്‍. സമൃദ്ധമായ ഭക്ഷണവും ഹൃദ്യമായ കലാപരിപാടികളും. അലോരസങ്ങളില്ലാതെ ഒരു മഹോത്സവം കടന്നുപോയിരിക്കുന്നു. ഈ ഓര്‍മ്മകള്‍ മറക്കാതിരിക്കട്ടെ എന്ന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസിന്റെ ആശംസ സഫലമായി. ജോര്‍ജിയോട് ‘മറക്കില്ലടോ’ എന്നു ഉള്ളിൽ തട്ടി ഫാ. ഡേവീസ് ചിറമേലും ജോറായി എന്നു പ്രാസംഗികരും വാഴ്ത്തിയ കണ്‍വന്‍ഷനും പരിപാടികളും ഫൊക്കാന പഴയ ജനപിന്തുണയും പ്രതാപവും തിരിച്ചുപിടിച്ചു എന്നതിന്റെ സൂചനയായിരുന്നു.

ബലേഭേഷ് ബാബു സ്റ്റീഫന്‍; ജോറായി ജോര്‍ജി വര്‍ഗീസ്, സജിമോന്‍ ആന്റണി

ബാങ്ക്വറ്റില്‍ ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പുതിയ ടീം അധികാരമേറ്റു. പതിവുപോലെ സരസമധുരമായ പ്രസംഗത്തിലൂടെ മനംകവര്‍ന്ന ബാബു സ്റ്റീഫന്‍ ഒരുപടികൂടി കടന്നു. ഫൊക്കാനയ്ക്ക് ന്യൂയോര്‍ക്ക്- ന്യൂജേഴ്‌സി മേഖലയില്‍ ആസ്ഥാനത്തിന് 250,000 ഡോളറിന്റെ ചെക്ക് ട്രഷറര്‍ ബിജു കൊട്ടാരക്കരക്കും സെക്രട്ടറി ഡോ. കല ഷാഹിക്കും കൈമാറിയത് സദസിനെ ഞെട്ടിച്ചു. ഇവിടെ ചികിത്സിക്കാനോ മരണാനന്തര ചടങ്ങുകള്‍ക്കോ വിഷമിക്കുന്നവരെ സഹായിക്കാന്‍ ഏര്‍പ്പെടുത്തുന്ന ഫൊക്കാന ഹെല്‍ത്ത് കെയര്‍ പദ്ധതിക്ക് പതിനായിരം ഡോളര്‍കൂടി ‘കൂളായി’ കൊടുത്തു. ഇതു അമേരിക്കയില്‍ സംഘടനാ ചരിത്രത്തിലെ നാഴികക്കല്ല് എന്നുതന്നെ ഉറപ്പിച്ച് പറയാം.

വിശദമായ റിപ്പോർട്ടുകൾ പിന്നാലെ